Wednesday, December 27, 2006

കാലാന്തരങ്ങള്‍

കാലം
പ്രണയവറുതിയില്‍
കടല്‍കടന്നെത്തുന്ന
നിന്റെയോര്‍മ്മകള്‍
കുളിരായിപ്പൊതിയുന്ന
ഡിസംബറിലെത്തിയിരിക്കുന്നു!

കല്‍പ്പടവുകള്‍ക്കിടയില്‍
കളഞ്ഞുപോയ മഞ്ചാടിമണികള്‍
നാമൊരുമിച്ചു തിരഞ്ഞത്‌
ഇന്നലെ ജനുവരിയില്‍?

സ്മരണകളുടെ പുനര്‍ജനി
നമുക്കാഘോഷമാക്കമോ?

കൊഴിഞ്ഞുപോയ ദലങ്ങളിലെ
മഞ്ഞുതുള്ളികള്‍
വീണ്ടും മഴയായ്‌
പതിയാതിരിക്കില്ല
കുടയെടുക്കാന്‍ മറന്ന
ഏതെങ്കിലുമൊരു കുഞ്ഞിന്റെ
കവിളില്‍ കുളിരായി
ഏതെങ്കിലുമൊരു ജൂണില്‍!

ഡിസംബര്‍ മരിക്കുന്നില്ല

Sunday, December 24, 2006

മിനുമോളുടെ പിറന്നാള്‍!!

റിസ്‌വാന റോഷ്‌നി..
സിനുവിന്റെ കുഞ്ഞു പെങ്ങള്‍
'അത്തി'യുടെയും 'അത്തിണി'യുടെയും മകള്‍
1996ല്‍ കൃസ്ത്‌മസ്‌ ദിനത്തില്‍ ജനനം!ആഘോഷങ്ങള്‍ക്കും ആശംസകള്‍ക്കുമൊന്നും വഴങ്ങാത്തവള്‍!!
കുറുമ്പി! വികൃതി!
ഒരു വയസ്സു കൂടി.
പത്താം ജന്മദിനവും കടന്നുപൊവും,
അവളറിയാതെ, എന്നെത്തെയും പോലെ.......

എല്ലാ ബ്ലോഗ്ഗെര്‍സിനും
കൃസ്ത്‌മസ്‌
ബലി പെരുന്നാള്
‍നവവല്‍സര
ആശംസകള്‍!!
-അത്തിയും കുടുംബവും

Thursday, December 21, 2006

ശേഷിപ്പുകള്‍

‍കാലൊടിഞ്ഞ ചാരുകസേര
ചില്ലുപൊട്ടിയൊരു കണ്ണട
ചിതലെടുത്ത പഴയൊരു ചിത്രം
പിടി പൊട്ടിയൊരൂന്നുവടി

ഇതെല്ലാമിനിയും ?
പുതിയീവീടിനഭംഗിയെന്നവള്‍!
ബന്ധങ്ങളുടെ അര്‍ത്ഥം
അവള്‍ക്കിനിയുമറിയില്ല കഷ്ഠം!.

ആകസേരത്തലക്കല്‍ മടിയിലിരുത്തിയാണ്‌
പാഠങ്ങള്‍ പറഞ്ഞുതന്നത്‌
ആ കണ്ണടയിലൂടെയാണ്‌
കഥകള്‍വായിച്ചുതന്നത്‌
ആ ചിത്രത്തില്‍ മടിയിലെന്നെയുമിരുത്തി
തെല്ലൊരാഹങ്കാരത്തില്‍ തന്നെയാണിരിപ്പ്‌.

ഊന്നുവടി വൈകിവന്നതാണ്‌
താനുമായൊരു ബന്ധവുമില്ലാത്തത്‌!
അതു മാത്രം മാറ്റാം, മറ്റൊന്നുമില്ല
ഈ ശേഷിപ്പുകളിലാ സാനിധ്യം
അങ്ങനെ അനുഭവിക്കാം.

'സദന'ത്തില്‍ നിന്നാവിളിയെന്നവള്‍
ഈ മാസത്തേത്‌ എന്നോ കൊടുത്തല്ലോ,
പിന്നെ?തീരെ സുഖമില്ലത്രേ, ഒന്നത്രടം ചെല്ലാന്‍.
ശ്ശേ, ഈ അവധി ദിവസവും !!
ദ്വേഷ്യത്തില്‍ വലിച്ചെറിയാന്‍
ആ പൊട്ടിയ ഊന്നുവടി തിരഞ്ഞു!!

Monday, November 27, 2006

ബാക്കിപത്രം

മൌനത്തിന്റെ കയങ്ങളില്‍
നെടുവീര്‍പ്പിന്റെ ഇടവേളകള്‍
നെഞ്ചിലേക്കടിക്കുന്ന കാറ്റില്‍
നിശ്വാസങ്ങളുടെ ഇളംചൂട്‌

കടലില്‍
തിരമാലകളുടെ പ്രതിഷേധങ്ങള്‍
കരയില്‍
വാഹനങ്ങളുടെ സംഗീതം
ഇടയില്‍ നീയും ഞാനും...

ഇവിടെ
ഇനിയും തുടര്‍ന്നാല്‍
എത്രയിരുന്നാലും
ഒടുങ്ങുകില്ലീ സംവാദം
ഒന്നും പറയാതെ
എല്ലാംകൈമാറുന്നീ
അന്ത്യ സമാഗമം

സംവല്‍സരങ്ങള്‍ക്കപ്പുറം
സംവാദങ്ങളില്ലാതെ
പുഞ്ചിരിയും പൂനിലാവും മാത്രം
വാചാലമായൊരു രാവിന്റെ
ഇടവേളകളില്ലാത്ത
മൊഴി മാറ്റങ്ങളില്‍
നിലക്കാതെ പെയ്തിറങ്ങിയ
കുളിര്‍ കാറ്റുകള്‍..

കരാര്‍ കാലാവധി തീരുമ്പോള്‍
കണക്കുകൂട്ടി പിന്നെക്കുറച്ച്‌
ഒടുവില്‍ ഒരു പൂജ്യം
മാത്രമവശേഷിക്കുമ്പൊള്‍
നിസ്സംഗതയുടെ മൂടുപടവുമായി
നിര്‍വികാരതയെ കൂട്ടു പിടിച്ച്‌
പടിയിറങ്ങാനൊരുങ്ങുമ്പോള്‍
നമുക്കിടയില്‍ ബാക്കിയായത്‌?

Wednesday, November 22, 2006

വെറുതെ..

പ്രണയം പെയ്തിറങ്ങിയ
പാതിരാവിനുശേഷം
മഞ്ഞുപെയ്യുന്ന പ്രഭാതത്തില്‍
ഉറക്കമുണര്‍ന്നപ്പോള്‍ മാത്രമാണ്‌
പുറപ്പാടിനെക്കുറിച്ച്‌ വീണ്ടുമോര്‍ത്തത്‌

ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍ മഴയില്‍
വെള്ളിവെളിച്ചവും, നറു നിലാവും
കുറെ പരിദേവനങ്ങള്‍ മാത്രമവശേഷിപ്പിച്ചു
യാത്രയുടെ അവസാനം.

യാത്രാമൊഴി..
വീണ്ടും കാണാമെന്നൊരു വാക്ക്‌
പ്രതീക്ഷകളുടെ ഒരു മഹാസമുദ്രം
വീണ്ടും ഇരമ്പുന്നെവിടെയോ!
മരുപ്പരപ്പിലെവിടെയോ
പ്രത്യാശകളുടെ വേലിയേറ്റം
മരുപ്പച്ചകള്‍ തീര്‍ക്കുമ്പോള്‍
ആശ്ലേഷങ്ങള്‍ക്കും ചുമ്പനങ്ങല്‍ക്കും
ഒടുവില്‍ കണ്ണൂകളുടക്കാതെ
കൈവീശുമ്പോള്‍ അവസാനിക്കുന്നത്‌
വസന്തത്തിന്റെ സാനിധ്യമാണ്‌
തുടങ്ങുന്നത്‌ യാന്ത്രികതയുടെ താളങ്ങളും!

ആകാശപ്പറവയുടെ ചിറകിന്നരികിലുരുന്ന്
വെറുതെ പ്രേയസിയേകിയ പാഥേയം
മറന്നുപൊയതിനെക്കുറിച്ചോര്‍ത്തു
പിന്നെ, മക്കള്‍ക്കേകാന്‍ മറന്ന
തലൊടലുകളെക്കുറിച്ചും
വരാനിരിക്കുന്ന വസന്തങ്ങളെക്കുറിച്ചും
വെറുതെ...

Thursday, November 02, 2006

ഏകാകി

പ്രണയത്തിന്‌ കുളിര്‍മ്മയാണ്‌
സ്നേഹം അഗാധവും
സൌഹൃദങ്ങള്‍ ഊഷ്മളവും
എല്ലാറ്റിനും ഒടുവില്‍
വിടപറയല്‍ അനിവാര്യവും

എനിക്ക്‌ തണുപ്പ്പ്പിഷ്ഠമല്ല
ആഴങ്ങളെ പേടിയും
ചൂടാണെങ്കില്‍ സഹിക്കാനുമാവില്ല
വിരഹം വേദനയും.

ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെ
തണുപ്പിച്ചൊരു കവിള്‍ മദ്യവുമായി
ഈ ജനലരികില്‍ കുളിരട്ടെ
ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍
ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌
കൊറിക്കാന്‍ ചൂടുള്ളത്‌
എന്തെങ്കിലും തിരയട്ടെ..!?

Tuesday, October 31, 2006

ആവശ്യമുണ്ട്‌ : Wanted Urgently-

ദുബായില്‍ 2007 ഫെബ്രുവരിയില്‍ തുടങ്ങുന്ന പ്രോജക്ടിലേക്ക്‌ താഴെ പറയുന്ന ഒഴിവുകള്‍ ഉണ്ട്‌:

1. QC & Inspection Engineers/Inspectors/Supervisors - 10 Nos (various Disciplines)
2. HSE represntatives- 2 Nos

Candidates shall have required qualifications and experience in on shore/off shore / Hull turrets Oil & Gas projects.

Urgent requirement. Salary in USD. I year Contract. Visa with family status. Free recruitment.

Please contact soon for details.

Bloggers, Please see if you can propose any of your friends as the terms are tooo attractive.

Sunday, October 22, 2006

ഫിറോസ്‌ അഹമ്മദിന്‌.

ഫിറോസ്‌..
വീണ്ടും ഒരു പെരുന്നാള്‍ കൂടി
നിനക്കവിടെ പെരുന്നാളുകളുണ്ടോ..?

അല്‍ ഖൊബാറിലെ ആ പെരുന്നാളഘോഷം
അസീസിയ ബീച്ചിലെ ആ സായന്തനം
ബഹരൈന്‍ പാലത്തിലൂടെ
അതിര്‍തിവരെയുള്ള ആ യാത്ര
അല്‍ ഹസ്സ മണല്‍മലകളിലേക്കുള്ള യാത്ര
ഈന്തപ്പനത്തോട്ടങ്ങള്‍ക്കിടയില്‍
വാഹനങ്ങല്‍ നിര്‍ത്തി പങ്കുവെച്ച ഭക്ഷണങ്ങള്‍
എല്ലാം പെരുന്നാളവധികളില്‍ ആയിരുന്നുവല്ലൊ.

ഞാന്‍ നിനക്ക്‌ ആശംസകള്‍ അര്‍പ്പിക്കുന്നില്ല
പക്ഷെ,ഓരൊ പെരുന്നാളിനും
നിന്നെക്കുറിച്ചുള്ളോര്‍മ്മകള്‍ എന്നിലെത്തുന്നു..
നമ്മള്‍ ഒരുമിച്ചുണ്ടാാക്കി കഴിച്ച പെരുന്നാള്‍ സദ്യകളും, തമാശകളും..

നിന്റെ കഥകളും കവിതകളും ഞങ്ങള്‍
ഒരു സ്മരണികയില്‍ ഒതുക്കാന്‍ ശ്രമിച്ചിരുന്നു
നോവുകല്‍ക്കും നൊമ്പരങ്ങല്‍ക്കുമൊപ്പം.
പക്ഷെ, നിന്റെ മോഹങ്ങളും സ്വപ്നങ്ങളും?

Tuesday, October 17, 2006

സമാഗമം!

നമുക്കിടയില്‍ സാഗരമാണെന്ന്
മാമലയാണെന്നോര്‍ത്ത കാലമെല്ലാം പോയി.

ഓരൊ നിമിഷവും ഞാന്‍ നിന്നിലേക്കടുക്കുന്നു
അതൊ, നീയെന്നിലേക്കോ?
പാത്തും പതുങ്ങിയും നീപലവുരു വന്നെത്തിനോക്കി മടങ്ങി,

ഏറെ നാളത്തെ കാത്തിരിപ്പിന്നൊടുവില്‍,
എല്ലാ കടലുകളും കുന്നുകളും താണ്ടി
നിനച്ചിരിക്കാത്തൊരു രാവില്‍
നീ യെന്നരികിലെത്തും.
അജ്ഞാതമായൊരാ താഴ്വരയില്‍ നാം കണ്ടുമുട്ടും..

തമ്മില്‍ കാണുമ്പോള്‍ പറയാനും
പങ്കുവെക്കാനുമായൊത്തിരി കാര്യങ്ങളൊന്നുമില്ലല്ലോ!
എന്നാലും,
എന്തിനിത്രയും നേരത്തെയെന്ന സന്ദേഹം.
പരാതിക്കൊ പരിഭവത്തിനൊ പറ്റിയ നേരവുമല്ല!
നീ വിളിക്കുമ്പോല്‍ സര്‍വം ത്യജിച്ചു
നിന്നൊടൊപ്പം ഇറങ്ങി വരാതിരിക്കാനായെങ്കിലെന്ന്
വെറുതെ കൊതിക്കാതിരിക്കുവാനുമാവില്ലല്ലോ!
കൂടൂം, കൂട്ടുമുപേക്ഷിച്ച്‌, നിന്റെ കൂടെ ഇറങ്ങുമ്പോള്‍
ആരും തന്റേടിയെന്നൊ താന്തോന്നിയെന്നൊ വിളിക്കില്ല

സജലങ്ങളായ മിഴികളില്‍ സങ്കടമൊതുക്കി
ഇടനെഞ്ചുപൊട്ടി യാത്രയയക്കുമെങ്കിലും.

ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?

Monday, October 16, 2006

സാമീപ്യം

നീ എപ്പോഴുമെന്നരികില്‍
വേണമെന്നൊന്നും ഞാനാശിക്കുന്നില്ല..

പക്ഷേ..

സൌഹൃദത്തിന്റെ അവസാനത്തെ വാക്താവും
സന്ദേഹങ്ങളുടെ മൂടല്‍ മഞ്ഞവശേഷിപ്പിച്ച്‌
യാത്രയാവുമ്പൊള്‍,
സ്നേഹത്തിന്റെ ബാക്കിയായ നീരുറവയും വറ്റി,
സ്വപ്നങ്ങളുടെ ശവമടക്കും കഴിഞ്ഞ്‌
പ്രത്യാശയുടെ ഒടുവിലത്തെ
കിരണവുമണയുമ്പോള്‍,
നിന്റെ ഓര്‍മ്മകളില്‍ മാത്രമാശ്വാസം
കണ്ടെത്തുവാനെനിക്കാവില്ല.

ഒരു നോക്കിലൊരുവാക്കിലൊരുമൃദുസ്പര്‍ശത്തില്‍
ഒരുതലോടലിന്നൊടൊവിലൊരാലിംഗനത്തില്‍
എല്ലാം ഞാന്‍ തിരിച്ചെടുക്കും,
നീയരികിലുണ്ടെങ്കില്‍.

നീ എപ്പോഴുമെന്നരികില്‍
വേണമെന്നൊന്നും ഞാനാശിക്കുന്നില്ല..

പക്ഷേ..

Thursday, September 14, 2006

ഒരവധിക്കാലം

അങ്ങനെ ഞാന്‍ നീണ്ട ഒരവധിക്ക്‌ നാട്ടില്‍ പോവുന്നു. ഇന്ന് രാത്രി ഷാര്‍ജയില്‍ നിന്നു പറക്കാമെന്നു കരുതുന്നു. ഈ മാസം 24ന്‌ രാത്രിതന്നെ തിരിച്ചും. നീണ്ട 9 ദിനങ്ങള്‍! വളരെ ക്കുറച്ചു പരിപാടികളും. ഒരു 'ഹായ്‌ - ബൈ' വെക്കേഷന്‍

17ന്‌ - ഇലകൃഷിയുടെ 13ആംവാര്‍ഷികം
18ന്‌- അളിയന്റെ ഗൃ ഹപ്രവേശം
21ന്‌- അനുജന്റെ കല്യാണം
22ന്‌- ഭാര്യാസഹൊദരീപുത്രിയുടെ വിവാഹനിശ്ചയം
ഇതിനിടയില്‍ 2 ദിവസം ഹോസ്പിറ്റല്‍, മോന്റെ സ്കൂള്‍ മോളെ സ്കൂള്‍ സന്ദര്‍ശനങ്ങല്‍, സുഹൃത്‌ സന്ദര്‍ശനങ്ങള്‍, സംഗമങ്ങള്‍, 'ബൈപാസ്സ്‌ സുര്‍ജറി'കള്‍.. എന്തിനൊക്കെ സമയം കിട്ടുമൊ ആവൊ? അതുകൊണ്ടു തന്നെ എനിക്ക്‌ 'ബ്ബ്ലോഗവധി'യായിരിക്കും.

ഈ ജൂലായ്‌-3ന്‌ ആണ്‌ ഞാന്‍ ബ്ബ്ലൊഗ്ഗിംഗ്‌ തുടങ്ങിയത്‌. ഉടനെ സഹായങ്ങളുമായ്‌ ഓടിയെത്തിയ എല്ലാവര്‍ക്കും, പോസ്റ്റുകളില്‍ കമന്റെഴുതിയവര്‍ക്കും എത്തിനോക്കിയവര്‍ക്കും എല്ലാം (ആരുടെയും പേര്‍ ഞാന്‍ പറയുന്നില്ല) ഒരിക്കല്‍ കൂടി നന്ദി.

ഒരു ഒന്നര മാസം കൊണ്ട്‌ ഈ ബൂലോകത്ത്‌ എന്തെല്ലാം സംഭവിച്ചു? എല്ലാറ്റിനും സാക്ഷിയായിരുന്നു. സമയക്കുറവുമൂലം പല പോസ്റ്റുകളിലും കമന്റിടാനോ സംവാദങ്ങളിലും അഭിപ്രായം പറയാനൊ പറ്റിയിട്ടില്ല. എങ്കിലും 90% പൊസ്റ്റുകളും ബ്ലൊഗ്ഗുകളും ഞാന്‍ ഓടിച്ചെങ്കിലും നോക്കിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ നിങ്ങളെയൊക്കെ എനിക്കറിയാം. ഒരാളെ യും ഇതു വരെ കണ്ടിട്ടില്ലെങ്കിലും! ചിലര്‍ ഇടക്ക്‌ ചില മെയിലുകള്‍ അയച്ചതൊഴിച്ചാല്‍ ആരുമായും ബ്ലൊഗ്ഗുവഴിയല്ലാതെ യാതൊരു ബന്ധവുമില്ല. എന്നിട്ടും നാട്ടില്‍ പോകുമ്പോള്‍ വേണ്ടപ്പെട്ടവരോടൊക്കെ പറയുന്നതു പൊലെ നിങ്ങളോടും പറയണമെന്നു തോന്നി, അതുപൊലെ, അനുജന്റെ കല്യാണത്തിനു ക്ഷണിക്കണമെന്നും. കൂട്ടായ്മകള്‍ സ്വാഭവികമായിുണ്ടാവുന്നതണല്ലൊ!

അതുകൊണ്ട്‌, 21ന്‌ ഉച്ചയ്ക്ക്‌ സൌകര്യപ്പെടുന്നവര്‍ എല്ലാരും ( ബ്ലൊഗ്ഗെര്‍മാരും, അനോണികള്‍ക്കും സ്വാഗതം - ബ്ലൊഗ്ഗിലെ മാത്രം) കല്യാണത്തിന്‌ എത്തിച്ചേരുക.
മേല്‍ വിലാസം:
പെരിന്തല്‍മണ്ണയില്‍ (മലപ്പുറം) നിന്നു പട്ടാമ്പി റോഡില്‍ കുന്നപ്പള്ളി- വളയം മൂച്ചി സ്റ്റോപ്‌ - അത്തിക്കുര്‍ശി കല്യാണവീട്‌ അന്വേഷിക്കുക.

സ്നേഹപൂര്‍വ്വം
അത്തിക്കുര്‍ശി

Tuesday, September 12, 2006

ഇല കൃഷി

കാര്‍ഷിക പംക്തിയിലെ ലേഖനമൊന്നുമല്ല കെട്ടോ!

9/11 ന്‍ ശേഷം 6 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു സെപ്റ്റംബര്‍ 17ന്‌ സംഭവിച്ച ഒരു ദുരന്തത്തിന്റെ ഓര്‍മ്മയാണിത്‌. അല്‍ക്വൊയ്തയും ബിന്‍ ലാദനും ഒന്നും പ്രചാരത്തിലില്ലാത്ത 1993 കാലം..

അതിനുമുമ്പ്‌ ചില ഫ്ലാഷ്‌ ബാക്കുകള്‍:

1.സ്ഥലം: കേരളത്തിലെവിടെയുമാകാം

" ഹലൊ, എന്താ പേര്‌?"
" അത്തിക്കുര്‍ശി"
" തിക്കുറുശിയുടെ?"
"ആരുമല്ല്"
"തിക്കുറുശിത്തം വല്ലതും?"
"അശേഷല്ല്യാ.." (മനസ്സില്‍ 'കുറേശ്ശേല്യേ' എന്നൊരു സംശയം)

2. സ്ഥലം: സൌദി

" ഇന്ത ആതിഖ്‌?"
"അയ്‌വ"
"ഖുറൈശി?"
"അയ്‌വ"
" ആതിഖ്‌ ഖുറൈശി"
"അയ്‌വ"
"അല്‍ ഹംദുലില്ലാഹ്‌, സൈന്‍"
"അയ്‌വ" ( തെറ്റിദ്ധരിക്കരുത്‌, അന്നൊക്കെ സോണി, എല്‍ ജി, പനാസോണിക്‌ ബ്രാന്റുകള്‍ വിപണിയിലെത്തിതുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ..)

3. സ്ഥലം: യു ഏ യി

ഒരു പച്ച: "സാബ്‌, മലബാറിമെ 'ആയത്തുല്‍ കുര്‍സ്സി' കൊ 'അത്തിക്കുര്‍ശി' കഹ്‌ താഹെ ക്യാ?.."

അങ്ങനെ യുഗയുഗാന്തരങ്ങളായി ഞാനന്വേഷിച്ചിരുന്ന എന്റെ പേരിന്റെ പൊരുള്‍ ആ പാകിസ്താനി എനിക്കുമുമ്പില്‍ വെളിവാക്കിതന്നു..

എന്റെ ഹിന്ദി സുഹ്രുത്തുക്കളോടെല്ലാം അതുവരെ പരഞ്ഞിരുന്ന എന്റെ പേരുല്‍ പത്തി കഥ ( ബഹുത്‌ സാലോം പഹലെ, മേരെ പിതാജി കെ പിതാജി കെ പിതജി കെ.. കേരള്‍ മേ ബഡാ ബഡാ കുര്‍സ്സിയൊംകേ ബഹുത്‌ ബഡാ എക്‌ ഷോറൂം ധാ.എക്‌ ദിന്‍ എക്‌ അറബ്‌ അര്‍ബാബ്‌ നെ ബഡാ കുര്‍സ്സി ദേഖ്‌ കെ ബൊല ' ഹാത്തി ക ജൈസ കുര്‍സ്സി, ഹാതി കുര്‍സ്സി, അത്തിക്കുര്‍ശി. . എന്ന സബ്‌ സെ ബഡാ ബഡായി..) ഞാന്‍ പിന്നെ മാറ്റി 'ആയത്തുല്‍ കുര്‍സ്സി' ആക്കി.

ഞാന്‍ കാടു കയറുന്നു. ഇല കൃഷിയിലേക്‌ മടങ്ങാം.

മേല്‍ പറഞ്ഞ സംഭവങ്ങളിലെല്ലാം എന്റെ പേരിനാല്‍ 'ഞാനേതാ മോന്‍' എന്നോര്‍ത്ത്‌ അഭിമാന വിവശനും രോമാഞ്ചോന്മത്തനും ആയിപ്പ്പ്പോയിടുണ്ടെന്നത്‌ സവിനയം സമ്മതിക്കുന്നു.

ഇല കൃഷി തുടങ്ങുന്നതിനുമുമ്പ്‌, എന്റെ പേരിനാല്‍ ഞാന്‍ ചമ്മിയത്‌ പാരലല്‍ കോളേജില്‍ മാഷായി വാഴുമ്പോള്‍ ആണ്‌. അധ്യാപക സുഹ്രുത്തുക്കളില്‍ വളരെ ക്ലോസ്സായവര്‍ എന്നെ 'അത്തി' എന്നാണുവിളിച്ചിരുന്നത്‌. ഇതു മുംതാസ്‌ എന്ന 2-4-എ വിദ്യാര്‍ഥിനി കേട്ട്‌ 'അസ്ഥി' എന്നു തെറ്റിദ്ധരികുകയും 'അഞ്ചു സുന്ദരികള്‍' ഗാങ്ങുവഴി അതു കാമ്പസ്‌ മനൊരമയിലെത്തുകയും എന്റെ അപ്പോഴത്തെ ശാരീരിക സ്ഥിതിമൂലം അതിന്‌ കാറ്റിന്റെ വേഗത്തില്‍ പ്രചുര പ്രചാരം സിദ്ധിക്കയ്ം ചെയ്തു ! 'ക്രൂസോ മാഷ്‌', 'സോമാഷ്‌' എന്നീ ചെല്ലപ്പേരുകളില്‍ നിന്നു എനിക്കിത്‌ തല്‍ക്കാലം മോചനം നല്‍കിയെങ്കിലും, എന്റെ മാസബഡ്ജെറ്റിനെ അതു താളം തെറ്റിച്ചു! പവര്‍മാള്‍ട്ട്‌, ചവനപ്രാശം ബോട്ടിലുകളുടെ എണ്ണം ക്രമാതീതമായി..

ഓ.. വീണ്ടും ചിന്തകള്‍ ബ്ലൊഗ്ഗുകയറുന്നു. വിഷയം കൃഷിയണല്ലൊ..

സൌദിയില്‍ നിന്നും അവധിക്ക്‌ വന്നു രണ്ടര മാസം നീണ്ട മാരത്തോണ്‍ പെണ്ണുകാണലുകള്‍ക്കൊടുവില്‍,പെണ്ണുകാണല്‍.( കയ്യിലിരിപ്പുകൊണ്ടും നല്ല നടപ്പ്‌!!കൊന്റും) അത്തിക്കുര്‍ശിക്കും കിട്ടി ഒരു പെണ്ണ്‍!

അങ്ങനെ 1993 സെപ്ത-17: ആ മംഗള കര്‍മ്മം നടക്കുന്നു. എല്ലാരും നിശ്ശ്ബ്ധരായി.. അത്തിക്കുര്‍ശിക്കഭിമുഖമായി പെണ്ണിന്റെ വാപ്പ, ഒരു വശത്ത്‌ പള്ളീലെ മുസ്ലിയാര്‍, മറു വശത്ത്‌ തടിച്ച റെജിസ്റ്റരുമായി മുക്രി.. നിക്കാഹ്‌ ആരംഭിക്കുന്നതിനു മുമ്പായി സുഹ്രുത്തുക്കളില്‍ ആരോ"മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു.." എന്ന ഗാനം കാതിലോതി. അതോ തോന്നിയതണോ?

ആലുക്കാസ്‌ മുദ്രയുള്ള 'മഹര്‍'പെട്ടി തുറന്നു നോക്കി, ( എന്തൊ ഉണ്ടെന്നുറപ്പു വരുത്തി- 916, തങ്കത്തില്‍ പൊതിഞ്ഞത്‌ ഒന്നും അന്നില്ലത്തതുകൊണ്ട്‌ അത്രമാത്രം )വലതുകയ്കള്‍ കൂട്ടിപ്പിടിപ്പിച്ച്‌ മുസ്ല്യാര്‍ കര്‍മ്മം ആരൊഭിച്ചു.. നിയുക്ത അമ്മോശാക്കയുടെ ഊഴം കഴിഞ്ഞു മുസ്ലിയാര്‍ മണവാളന്‍ അത്തിക്കുര്‍ശിയോട്‌ ചൊല്ലിക്കൊടുത്തു:
"കബില്‍തു മിന്‍ ക.."
"കബില്‍തു മിന്‍ ക" അത്തി
" നിക്കാഹഹാ"
" നിക്കാഹഹാ (ഹ ഹാ ഹാ)" അത്തി ( മറ്റൊരു സീത...)
...
നിങ്ങളുടെ മകള്‍, ..എന്നവളെ, ...മഹറിനു പകരമായി, ഇണയാക്കി തന്നതിനെ, തുണയാക്കി തന്നതിനെ.. ഞാന്‍ സ്വീകരിച്ചിരിക്കുന്നു. (ചിരിക്കുന്നു- എക്കൊ)..

"ഇന്നാലല്ഫാത്വിഹ" ഓത്തിനും ദു:ആയ്കും ശേഷം മുക്രി രജിസ്റ്റരെടുത്ത്‌ വിവരങ്ങള്‍ ചേര്‍ത്തു; (രജിസ്റ്റരിനു മുകളില്‍ ' ചെത്തനാകുര്‍ശി ജുമാ മസ്ജിദ്‌, വിവാഹ രജിസ്റ്റര്‍' എന്നു പ്രിന്റു ചെയ്തിരിക്കുന്നു. അത്തിക്കുര്‍ശി: ചെത്തനാകുര്‍ശി !) വരന്റെ വിവരങ്ങള്‍ അത്തിക്കുര്‍ശിയുടെ മഹല്ലില്‍ നിന്നും നല്‍കിയ "ഇടവകയിലെ നല്ല ഇടയനും, തിരുസഭയുടെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ചു ജീവിക്കുന്നവനും ആണെന്ന" സാക്ഷ്യപത്രത്തില്‍ നോക്കി പാടുപെട്ട്‌ എഴുതാന്‍ തുടങ്ങി:

പേര്‍: അത്തിക്കുര്‍ശി
പിതാവ്‌: വല്യ അത്തിക്കുര്‍ശി
മേല്‍ വിലാസം: മണ്ണുമ്മല്‍ ഹൌസ്‌, തപ്പാലാപ്പ്പീസ്‌. പി.ഒ, നടക്കുന്നിടം വഴി..
മലയാളം വഴങ്ങാത്ത ( അറബിമാത്രം കൂടുതലും ഉപയൊഗിക്കുന്നതു കൊണ്ടാണ്‍!) കയ്യുമായി അത്രയും മുക്രി എഴുതി ഒപ്പിച്ചു. അടുത്തത്‌:
തൊഴില്‍: സാക്ഷ്യപത്രത്തില്‍ നോക്കി. ഇല.. കൃട്ടി... ക്കല്‍.. ഒന്നും ഒരു പിടിയും കിട്ടുന്നില്ല. എല്ലാരുടെയും കണ്ണുകള്‍ .. വീഡിയൊ രാജന്‍ രെജിസ്റ്റര്‍ സൂം ചെയ്തു ഫോകസ്‌ ചെയ്തിരിക്കുന്നു.. ഇല കൃറ്റിക്കല്‍ ആവുന്നു..

'ഈ പുത്യെ ലിപി'മുക്രി മുക്രയിട്ടു..

'മൊല്ലാക്ക, അതു ഇലക്റ്റ്രിക്കല്‍ എഞ്ചിനീെയര്‍ എന്നാണ്‌" ആരൊ ഹെല്‍പി.

"അതൊക്കെ ച്ച്‌ അറ്യാന്ന്. പുത്യാപ്ല എഞ്ചിനീരാണെന്നൊക്കെ. ഇത്‌ രിക്കാര്‍ഡല്ലേ, ഒക്കെ കൃത്യായ്റ്റ്‌ എയ്തണ്ടേ?"

പിന്നെ മുക്രി കൃത്യായ്റ്റ്‌ എയ്തി:

ഇല
ഇല ക്‌
(അതിനിടെ ഇബ്‌ ലീസ്‌ കുരിശും കൊണ്ട്‌ എത്തി, അത്തിക്കുര്‍ശി.., ചെത്തനാകുര്‍ശി.., ഇലക്‌..)

തുടര്‍ന്നെഴുതി: (അത്തിക്കുര്‍ശി.., ചെത്തനാകുര്‍ശി.., ഇലക്‌..) 'ഇല കൃഷി'
"ബാക്ക്യൊക്കെ ഞാനെയ്തിച്ചേര്‍തോളാം. ങളൊപ്പിട്ടോളീം"

എന്റെ മനോഹരമായ തേരട്ട-ഞ്ഞാഞ്ഞൂള്‍ ഒപ്പിനെ ഞാന്‍ എന്റെ ഇല കൃഷിത്തൊട്ടത്തിലേക്ക്‌ പതുക്കെ മേയാന്‍ വിട്ടു..

ലോകത്തിന്റെ നാനഭാഗങ്ങളിലായി ഞാന്‍ നാളത്രയും മേയാന്‍ വിട്ട ഉന്നതരായ ഒപ്പുകള്‍ വിവിധ രാഷ്ട്രങ്ങലില്‍ നിന്ന് തേങ്ങി, പ്രധിഷേെധിച്ചു, രോഷത്താല്‍ മുദ്രാവക്യങ്ങള്‍ മുഴക്കി.. ' അത്തിക്കുര്‍ശി സിന്ദാബാദ്‌, ഇല കൃഷി മുര്‍ദാബാദ്‌'

'കാം ഡവ്ണ്‍` ബോയ്സ്‌. ശ്ശ്‌! കല്യാണം! കളിയല്ല കല്യാണം"..

(മിക്കവരും അടങ്ങി.. പക്ഷെ, ന്യൂയൊര്‍കിലെ ട്രേഡ്‌ സെന്ററിലെ എന്റെ ഒപ്പുകള്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു സെപ്റ്റംബറില്‍ പകരം വീട്ടുകതന്നെ ചെയ്തു. അവരുടെ ശത്രു മുക്രിയുണ്ടെന്നു കരുതി വിനോദയാത്രക്കരായിരുന്ന പാവം കൊയ്ദകുട്ടികളുടെ വിമാനത്തിലെക്കു കല്ലെര്യുകയും വിമാനം നിയന്ത്രണം വിട്ട്‌ .. ബാക്കിയെല്ലാര്‍ക്കും അറിയാമല്ലൊ?)

കല്യാണക്കാസറ്റില്‍ സൂം ചെയ്ത എന്റെ "പൊന്നൊപ്പ്‌" ആ കൃഷിയില്ലാ തോട്ടതില്‍നിന്നും എന്നെ ദയനീയമായി നോക്കികൊണ്ടേയിരിക്കുന്നു.

നാളിതുവരെയും ഞാന്‍ ഇല കൃഷി ചെയ്തില്ല. പക്ഷെ, ഞങ്ങല്‍ക്ക്‌ രണ്ടു പൂക്കളുണ്ട്‌!

Wednesday, September 06, 2006

അത്തിക്കുര്‍ശി ജൂനിയറിന്റെ 'സ്വപ്നം'

അത്തിക്കുര്‍ശി ജൂനിയറിന്റെ 'സ്വപ്നം'ഇത്‌ സിനുവിന്റെ ആദ്യ രചന.
കഴിഞ്ഞ വേനലവധിക്ക്‌ ഷാര്‍ജയില്‍ വന്ന് പോയപ്പോല്‍ ഒരു നോട്ടുബുക്കില്‍ പിന്നെയും കുറെ കുറിച്ചിട്ട്‌ എന്നെ കാണാതെ ഒളിപ്പിച്ചു വെച്ചത്‌ ഫ്ലാറ്റ്‌ മാറുമ്പോള്‍ കണ്ടുകിട്ടി.
ആടുത്ത്‌ ഒരാഴ്ചത്തെ അവധിയില്‍ നാട്ടില്‍ പോകുന്നുണ്ട്‌. ഓത്താല്‍ ബ്ലൊഗ്ഗാന്‍ പഠിപ്പിക്കണം..


ഇവനെന്റെ പ്രിയ പുത്രന്‍..

Sunday, August 27, 2006

ആരുനീ...

ഓടി ഓടിത്തളരുമ്പോള്‍
ചാരിയിരിക്കാനൊരിടം,
ദാഹിച്ചു തൊണ്ടവരണ്ടുണങ്ങുമ്പോള്‍
ആര്‍ത്തിയൊടെ മൊത്തിക്കുടിക്കുവാനല്‍പം ജലം,
ക്ഷീണിച്ചവശനായ്‌ ഉറക്കം തഴുകുമ്പോള്‍
തലചായ്ക്കനൊരിടം,
എരിയും വെയിലില്‍ പൊരിയുമ്പൊള്‍
കേറിനില്‍ക്കാനൊരുതണല്‍!
എല്ലാ പരാചയങ്ങല്‍ക്കും ഒടുവില്‍
ഓടിയെത്താനൊരിടം!

അഭയമോ പ്രണയമൊ?
നീ ആരായിരുന്നെന്നിന്നറിയുന്നില്ല
എങ്കിലും, നീ എന്തല്ലാമായിരുന്നെന്നറിയുന്നു.

Thursday, August 24, 2006

എന്നോമലേ നീയെങ്ങുപോയ്‌..

എന്നോമലേ നീയെങ്ങുപോയ്‌
ഈ ധനുമാസരാവിന്റെയാമങ്ങളില്‍
എന്നോര്‍മ്മയില്‍ നീ മാത്രമായ്‌
ഈ കുളിര്‍പെയ്യും രാവിന്റെ സംഗീതമായ്‌..

പൂമുഖ വാതില്‍ ഞാന്‍ പാതി ചാരി
താഴിട്ടടയ്ക്കാതെ കാത്തിരിപ്പൂ,
നീ വരും നീവരുമെന്നന്റെയുള്ളില്‍
ആരോ പറയുമ്പോല്‍ പ്രിയേ

മണ്‍ചെരാതിന്‍ തിരി താഴ്തി മെല്ലെ
നിന്‍ കാലടിയൊച്ചയ്ക്കായ്‌ കാത്തിരിപ്പൂ
ഈ കുളിര്‍കാറ്റുകളെന്റെ യുള്ളില്‍
നിന്റെ നിശ്വാസമായെന്റെ നെഞ്ചില്‍
പയ്യെ തഴുകിത്തലോടിടവേ
വീണ്ടുമെത്തുന്നിതാ ഞാന്‍ നിന്റെ ചാരെ..

ഓര്‍ക്കാതിരിക്കുവതെങ്ങനെ ഞാന്‍
നിന്‍ ചുണ്ടിലെ നേര്‍ത്തൊരാ മന്ദസ്മിതം
മറവിയാല്‍ മൂടിടാനായിടാനായിടുമോ
നിന്‍ മിഴിമുനകള്‍ പിന്നെ കളമൊഴികള്‍

എങ്കിലുമെന്‍ പ്രിയേ പാടിടാം ഞാന്‍
ഏകാന്തമീ രാവിന്‍ തീരങ്ങളില്‍
മൂകമാം താളത്തില്‍ ശോകമാം ഭാവത്തില്‍
പണ്ടുനാം പാടിയ രാഗങ്ങള്‍
അന്നു നാം മൂളിയോരീണങ്ങള്‍
പാടാന്‍ കൊതിച്ചൊരായിരം പാട്ടുകള്‍...

എന്നോമലേ..

Monday, August 14, 2006

സ്വര്‍ഗാരോഹണം

അവനാകെ അസ്വസ്തനായിരുന്നു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ബൊറഡിയുടെ പാരമ്യത്തിലെത്തിയിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ച്‌ അവന്‍ സ്വര്‍ഗത്തിലേക്ക്‌ പൊകാന്‍ തന്നെ തീരുമാനിച്ചു.

സ്വര്‍ഗവാതില്‍ക്കലെത്തിയപ്പോള്‍ അവനാകെ അന്ധാളിച്ചു പോയി. വാതിലിനു മുമ്പില്‍ നല്ല വടിവൊത്ത മലയാളത്തില്‍ സ്വര്‍ഗം എന്നെഴുതിയ ബോഡ്‌! അദ്യമൊന്നഹങ്കരിച്ചു, പിന്നെ ഒന്നാലോചിച്ചുനൊക്കിയപ്പോള്‍ തോന്നി സ്വര്‍ഗമല്ലെ! വരുന്നവര്‍ക്കറിയാവുന്ന ഭാഷയില്‍ പെര്‌തെളിയുന്നതാവും എന്ന്!

വിസ്മയം മായും മുമ്പെ മറ്റൊരു വിസ്മയം! കവാടം തുറന്നു ദ്വാരപാലകന്‍ സ്വാഗതമോതി, എന്ത്‌ ഇത്‌ ഒരു അണ്ണനാണല്ലോ?

സ്വര്‍ഗാന്തര്‍ഭാഗത്ത്‌ അരണ്ടവെളിച്ചം മാത്രമെ ഉണ്ടായിരുന്നുള്ളൂ.. കാതടപ്പിക്കുന്ന സംഗീതവും. പുകപടലങ്ങല്‍ക്കിടയില്‍നിന്ന് ഒരു മാലാഖ ( ചൈനക്കാരിയുടെയൊ, ഫിലിപ്പൈന്‍സുകാരിയുടെയൊ മുഖം) സ്വീകരിച്ച്‌ ഒരിരിപ്പിടത്തിലേക്കാനയിച്ചു.

അവന്റെ അമ്പരപ്പിനതിരില്ലായിരുന്നു! ആദ്യമായി എത്തപ്പെടുന്നവന്റെ അമ്പരപ്പ്‌. ആവന്‍ ചുറ്റും കണ്ണോടിച്ചു. അവിടെയുള്ളവര്‍ മിക്കവാറും മലയാളികള്‍, കുറച്ചു തമിഴരും. വീണ്ടും അവനഭിമാനപുളകിതനും മനസ്സില്‍ അഹങ്കാരോന്മത്തനുമായി. മറ്റുനാട്ടുകാരെല്ലാം എതെങ്കിലും നരകങ്ങളില്‍ തീ വെള്ളം കുടിക്കുകയാവും. സ്വര്‍ഗം മല്ലൂസിനു മാത്രം!

സ്വര്‍ഗത്തിലെ പാട്ട്‌ പ്രശസ്തമായൊരു മലയളപ്പാട്ട്‌: " നെഞ്ചിനുള്ളീല്‍ നീയാണ്‌..." മെലിഞ്ഞൊരു ഗായകന്‍ പാടുന്നു. വിവിധ സംഗീതോപകരണങ്ങളുമായി കുറെയാളുകള്‍ പുറകിലും. സര്‍വം മലയാളമയം! ആനന്ദലബ്ധിക്കിനി....

2 അപ്സരസ്സുകള്‍ പാട്ടിനനുസരിച്ചു ഡാന്‍സ്‌ ചെയ്യുന്നു. പുറകില്‍ വെറെ ഒരഞ്ചാറ്‌ അപ്സരസ്സുകള്‍ ഇരിക്കുന്നുമുണ്ടായിരുന്നു. എവിടെയൊ എന്തൊ ഒരു ചേര്‍ച്ചയില്ലായ്മ!. അപ്സരസ്സുകള്‍കെന്തൊ ഒരു കോടമ്പക്കം സ്റ്റെയില്‍! ഇതാണൊ അപ്സര-ഡാന്‍സ്‌? അവനിലെ മല്ലു വീണ്ടും പറഞ്ഞു: " ഏയ്‌, എല്ലാം തമിഴ്‌ സ്റ്റെയിലിലാണല്ലൊ? "

അവന്റെ സംശയം വീണ്ടും തലപോക്കി, എന്നാലും രംഭ, തിലോത്തമ, മേനക ഇവരെല്ലാം തമിഴ്‌നാട്ടുകാരും ഇത്ര ഗ്ലാമര്‍ കുറഞ്ഞവരും മേയ്ക്കപ്‌ കൂടിയവരുമാകുമോ? സങ്കല്‍പ്പയാഥാഥ്യങ്ങളിലെ അന്തരം! ഓ, ആവില്ല, അവരുടെ തോഴിമാരായിരിക്കും. അവരെല്ലാം സ്വര്‍ഗാരാമങ്ങളിലൂടെ ഉലാത്തുകയാവും.. പിന്നെ, താനിപ്പോള്‍ വന്നതല്ലെയുള്ളുി. ഇവിടുത്തെ ഫോര്‍മാലിറ്റീസ്‌ ഒന്നും അറിയില്ലല്ലൊ. വന്ന ഉടനെ തന്നെ ആക്രാന്തം വേണ്ട. കണ്ട്‌റോള്‍ , സംയമനം!!

ഇനി എന്താണാവോ അടുത്ത പടി എന്നോര്‍തിരിക്കുമ്പൊഴെക്കും ആ മാലഖ വീന്റും എത്തി(സൂക്ഷിച്ചിപ്പോഴാ നോക്കിയത്‌! മലാഖത്തള്ള! എന്ത്‌ നിത്യ യവ്വനം എവിടെപ്പ്പ്പൊയി! സംശയങ്ങള്‍ വീണ്ടും വീണ്ടും !! )

"വാട്ട്‌ ഡു യു ലൈക്‌ റ്റു ഡ്രിങ്ക്‌?"
സത്യത്തില്‍ ദാഹം നല്ല വണ്ണം, പുറം ലൊകത്തെ പൊള്ളുന്ന ചൂടില്‍നിന്ന് ഇപ്പോള്‍ അകത്തെത്തിയല്ലേ ഉള്ളൂ. നേരിട്ട്‌ പുതിയ ബ്രാന്റ്‌ അമൃത്‌ ചോദിക്കുന്നതിലെ ആക്രന്താധിക്യവും ഔചിത്യരാഹിത്യവും പുറകോട്ടുവലിക്കുന്നു. സംഭാരം എന്നവശ്യപ്പെടണൊ എന്ന ചിന്ത തലച്ചൊറിനും ആമാശയതിനുമിടയില്‍ നിന്ന് വായിലെത്തുന്നതിന്‌ തൊട്ടുമുമ്പ്‌,

" ഹെനിക്കന്‍, ഫൊസ്റ്റേര്‍സ്‌, ബഡ്‌വൈസര്‍,കാള്‍സ്ബെര്‍ഗ്‌?" അവള്‍ ചൊദിച്ചു.

എന്ത്‌ ഇവിടെ ഇങ്ങനെയൊ? ചുറ്റും നോക്കിയപ്പൊള്‍ മനസ്സിലായി, എല്ലാരും ഈ ബ്രാന്റുകളിലൊക്കെയുള്ള ദാഹശമനികളില്‍ അഭയം തേടിയാണ്‌ അപ്സരന്ര്ത്തം- അപ്സരതോഴികളുടെ കൈകാല്‍ ഇളക്കങ്ങള്‍ - ഏഞ്ചൊയുന്നതെന്ന്‌!

വരണ്ട തൊണ്ട തലച്ചൊറിനെ കാത്തുനില്‍ക്കാതെ പറഞ്ഞു: " ഹെനിക്കന്‍"

"കാന്‍ ഓര്‍ ഡ്രാഫ്റ്റ്‌?"

സ്വര്‍ഗത്തിലെത്തുന്നതിനുമുമ്പെ, ഡ്രാഫ്റ്റെടുത്ത്‌ നാട്ടിലയക്കാന്‍ മറന്നുവെന്ന കാര്യമോര്‍ത്തപ്പ്പ്പോള്‍ അവന്‍ പറഞ്ഞു: "ഡ്രാഫ്റ്റ്‌"

സ്വര്‍ഗത്തിലും ലൌകിക കാര്യങ്ങള്‍ വേട്ടയടുമൊ എന്ന് ഭയന്ന്‌ സംഗീതത്തിലും, ഡാന്‍സിലും ചുറ്റുപടുകളിലും അഭയം തേടാന്‍ ശ്രമിച്ചു. അവള്‍ ഡ്രാഫ്റ്റെടുത്ത്‌ പോപ്‌കൊണ്‍ ബൌളും കൊണ്ടുവന്നപ്പൊള്‍ എക്സ്ചേഞ്ച്‌ സെന്ററിലെ ക്യൂ ഓര്‍ത്തുപോയി.

ദാഹവും പിന്നെ അനവസരത്തില്‍ അലോസരപ്പെടുത്തുന്ന വീട്ടിലേക്കയക്കേണ്ട ഡ്രാഫ്റ്റിന്റെ ഓര്‍മ്മയില്‍ നിന്നും രക്ഷ നേടാന്‍ രണ്ടു ഫുല്‍ക്കവിള്‍ അകത്താക്കി, ഒരു പിടി കോണ്‍ വായിലിട്ടു.

പാട്ടുകള്‍ മാറുന്നു. ഇപ്പൊള്‍ ഏതൊ തമിള്‍ ഡപ്പാങ്കൂത്ത്‌! വിജാഗിരി നഷ്ടമായ കുട്ടിത്തം മാറാത്ത മുഖമുള്ള, തിളങ്ങുന്ന വസ്ത്രമിട്ട ഒരു "അപ്സരന്‍ പയ്യന്‍' റബ്ബര്‍ പാല്‍ കുടിച്ചിട്ടെന്നവണ്ണം ആടുന്നു.

രംഭ, മേനക, തിലോത്തമ... അവന്‍ അപ്സരസ്സുകളെ കാത്തിരുന്നു. അവരുടെ മാദക ന്രുത്തം സ്വപ്നംകണ്ടു..

വീട്ടിലെക്കയക്കേണ്ട ഡ്രാഫ്റ്റ്‌ അവനെ വേട്ടയാടുമ്പോഴൊക്കെ അവന്‍ ഡ്രാഫ്റ്റുകളില്‍ അഭയം തേടി.

അല്‍പം ഹെനിക്കന്‍ ബുദ്ധിയെ തെളിയിക്കുമെന്നാരണ്ടോ പറഞ്ഞിട്ടുണ്ടല്ലൊ. അതൊടൊപ്പം കാഴ്ചയെക്കൂടെ എന്നു കൂടി ചേര്‍ക്കണം എന്ന്‌ അവന്‌ അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു!

എതൊ രവിവര്‍മ്മ ചിത്രത്തിന്റെ വിദൂരമായ ഓര്‍മപൊലെ, ഒരു 'മാലയേന്തിയ മനുഷ്യനെ" അപ്പോഴാണവന്‍ കണ്ടത്‌. മറ്റ്‌ സ്വര്‍ഗവാസികളുടെ സൂചനകള്‍ക്കനുസരിച്ച്‌ അപ്സരസ്സുകള്‍ക്കയാള്‍ പൂമാലകള്‍ സമ്മനിക്കുന്നു!

അപ്സരന്രുത്തങ്ങളും ഗാനങ്ങളും നിയന്ത്രിക്കുന്ന, സിനിമാനടിമാര്‍ ശ്രീവിദ്യക്കും ലളിതശ്രീക്കും ഇടയില്‍നിര്‍ത്താവുന്ന ഒരു ഭാരിച്ച ശ്രീയെ അടുത്ത ഹെനിക്കന്റെ വെളിച്ചത്തില്‍ ആണവന്‍ കണ്ടത്‌.

ബുദ്ധിയും കാഴ്ചയും തെളിഞ്ഞുവന്നപ്പോള്‍ അവന്‌ ഒരു കാര്യം മനസ്സിലായി. സ്വര്‍ഗത്തില്‍ കയറിയ ഉടനെ ഉണ്ടായ വെപ്രാളവും സംഭ്രമവും കൊണ്ട്‌ അപ്സരസ്സുകളില്‍ കോടാമ്പക്കം അടിച്ചേല്‍പിച്ചത്‌ ശരിയായില്ല. അവര്‍ യഥാര്‍ഥ രംഭ, തിലൊത്തമ, മേനകമാര്‍ ആണെന്ന സത്യം. എന്തൊരു സൌന്ദര്യം, ചടുലമയ ചലനങ്ങള്‍, ശാസ്ത്രീയ ന്ര്ത്തം, പിന്നെ, മാദക ന്ര്ത്തം!

രംഭ ചിരിക്കുന്നത്‌ തന്നെ നോക്കിയല്ലേ?.. മേനകയുടെ അംഗചലനങ്ങള്‍ തന്റെ നേര്‍ക്കല്ലെ? തിലോത്തമയുടെ തത്തമ്മ ചുണ്ടുകള്‍ തന്നോടെന്തൊ പറയുന്നുവൊ?

തന്റെ ചൂണ്ടുവിരല്‍ സൂചനകള്‍ ക്കനുസരിച്ച്‌ മാലയേന്തിയ മാനുഷ്യന്‍ മാല ചാര്‍ത്തിക്കൊണ്ടേയിരുന്നു.

രംഭക്കൊന്ന്‌!മേനകക്കൊന്നു കൂടി, തിലോ...

ഹരാര്‍പ്പണത്തിന്റെ അഭിമാനാത്താല്‍ മറ്റുകണ്ണുകള്‍ തന്നെ തന്നെ നോക്കുന്നു എന്നയാള്‍ സങ്കല്‍പിച്ചു. അഹങ്കാരത്താല്‍ നെഞ്ചു വിരിച്ച്‌ വിരലു ചലിപ്പിച്ചു.

സംഗീതത്തിന്റെ താളം നിലച്ചു. അപ്സരസ്സുകള്‍ രംഗമൊഴിഞ്ഞു. ലൈറ്റുകള്‍ തെളിഞ്ഞു. 'ഭാരിച്ച സ്വര്‍ഗ ശ്രീ' മാലകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു.

"എക്സ്ക്യുസ്‌ മി സര്‍, ബില്‍!"
അവന്‍ പാതിമയക്കത്തില്‍ കണ്ണൂകളുയര്‍ത്തി. 'സ്വര്‍ഗത്തിലെ ബില്ലുമായ്‌' മാലഖ മുന്നില്‍.
" ഹൌ മച്ച്‌?"
"----- ധിര്‍ഹം,സര്‍!"

ചെറുതായൊന്നു ഞെട്ടിയോ? ഏയ്‌, ഒരു സ്വര്‍ഗാരോഹണത്തിന്‌ ഇത്രയും കുറവോ ചിലവ്‌? അവന്റെ ആമാശയത്തിലെ ഡ്രാഫ്റ്റുകള്‍ തലച്ചോരിലെത്തി സമാധനിപ്പിച്ചു.

അവന്റെ അമ്പരപ്പുകളും സംശയങ്ങളുമെല്ലാം അവസാനിച്ചിരുന്നു.

പേര്‍സിലെ ചെറിയ നൊട്ടുകളും, കഴിഞ്ഞമാസമെടുത്ത ഡ്രാഫ്റ്റിന്റെ രെസീറ്റില്‍ പൊതിഞ്ഞ വലിയ നോട്ടുകളും എടുത്ത്‌ പേ ചെയ്തു. ബാക്കി നല്ക്കിയതില്‍ നിന്ന് ടാക്സിക്ക്‌ 5 ധിര്‍ഹം മാത്രം മെടുത്ത്‌ അവന്‍ പുറത്തിറങ്ങി. ആദ്യം കണ്ട റ്റാക്സിയില്‍ കയറി പട്ടാണി ഡ്രൈവരോട്‌ പറഞ്ഞു:

"അജ്‌മാന്‍, ഗൊല്‍ഡ്‌ സൂക്‌ കെ പീച്ചെ ചൊട്‌നാ!"

ബാക്ക്‌ സീറ്റില്‍ തളര്‍ന്ന് കിടന്ന്‌ അവന്‍ ബൈജുവിന്റെ വാക്കുകള്‍ ഓര്‍ത്തു: "ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത്‌ ഇവിടെയാണ്‌, ഇതാണ്‌!!"

* * * *

അവള്‍ക്കുറക്കം വന്നതേയില്ല. നേരം വെളുക്കാനിനിയും ഇനി അധികം ഇല്ല. സ്കൂള്‍ നാളെക്കഴിഞ്ഞു തുറക്കുകയാണ്‌. മക്കള്‍ക്ക്‌ യൂണിഫോം വാങ്ങിയിട്ടില്ല, ബുക്കുകളും. കുടകള്‍, സ്കൂള്‍ ബാഗ്‌! പിന്നെ, പാല്‍, വെള്ളം, കരന്റ്‌, കടയിലെ പറ്റ്‌,, നാളെയെങ്കിലും ഡ്രാഫ്റ്റുമായ്‌ പോസ്റ്റ്‌ മാന്‍ എത്താതിരിക്കില്ല. അവള്‍ ആശിച്ചു.

Tuesday, August 08, 2006

പെണ്ണുകാണല്‍

ശ്ശേ...കഷ്ടമായിപ്പോയി! വേണ്ടായിരുന്നു. എങ്ങനെയാണവിടെ നിന്നും പുറത്തിറങ്ങി കാറിനടുത്തെത്തിയതെന്നുപോലും ഓര്‍മ്മയില്ല.

കാര്‍ മെയിന്‍ റോഡിലേക്ക്‌ തിരിച്ചുകൊണ്ട്‌ ഡോക്ടര്‍ ഇസ്മെയില്‍ വീണ്ടും ആ അബദ്ധത്തെക്കുറിച്ചോര്‍ത്തു. വേറെ ആരെങ്കിലുമാണെങ്കില്‍ പ്രശ്നമില്ലായിരുന്നു. ഒരു വിഡ്ഡിവേഷം കെട്ടലായില്ലേ?

എല്ലാം അഡ്മിനിസ്റ്ററേറ്റര്‍ ജമാല്‍ക്കയുടെ പണിയാണ്‌. പുതിയ ഹോസ്പിറ്റല്‍, പുതിയ ആളുകള്‍. എല്ലാം ഒന്നു പരിചയമായി നല്ല കാര്‍ഡിയൊളൊജിസ്റ്റ്‌ എന്ന പേരെടുത്തു വരുന്നെയുള്ളൂ. സാമാന്യം തരക്കേടില്ലാത്ത പ്രൈവറ്റ്‌ പ്രക്റ്റീസും. അപ്പൊഴേക്കും ഈ ആലോചന വേണ്ടായിരുന്നു.

അവര്‍ക്ക്‌ താല്‍പര്യമുണ്ടെന്ന് ജമാല്‍ക്കയാണ്‌ പറഞ്ഞത്‌. അന്വേഷണം ഇങ്ങോട്ടാണ്‌ വന്നത്‌. അവളെ ഹോസ്പിറ്റലില്‍ വെച്ച്‌ പല തവണ കണ്ടിട്ടും സംസാരിച്ചിട്ടും ഉണ്ട്‌. നല്ല സൌന്ദര്യവും വിദ്യഭ്യാസവും ഉള്ള കുട്ടി, നല്ല പെരുമാറ്റവും. ഇത്രയും പ്രശസ്തമായ ഹോസ്പിറ്റല്‍ ഉടമസ്തന്‍ ഹാജിയാരുടെ ഒരേ ഒരു പുത്രി. കുറച്ചതിമോഹം അറിയാതെ പിടിക്കൂടിയിരുന്നുവോ?

എല്ലാം വളരെ ഭംഗിയായിതന്നെ നടന്നു. നല്ല സ്വീകരണം, ഔപചാരികത തീരെയില്ലാത്ത പെണ്ണുകാണല്‍! അവളുടെ കണ്ണുകളില്‍ സമ്മതവും സന്തോഷവും സമ്മേളിച്ചിരുന്നുവല്ലൊ? ഏല്ലാം ഒരു വിധം ഭംഗിയാക്കി പുറത്തെത്തിയപ്പോള്‍ ഹാജിയാരുടെ വാക്കുകള്‍ സത്യത്തില്‍ ഞെട്ടിച്ചു.

" ഞമ്മക്ക്‌ തോനെ ഒന്നും അന്നേസിക്കാനില്ല. ങളെക്കുറിച്കൊക്കെ ഞമ്മക്കറിയാം. പിന്നെ....."

ആ പിന്നെയിലാണെല്ലാം തകിടം മറിഞ്ഞത്‌!

ഇനി നാളെ ഹോസ്പിറ്റലില്‍ പോവെണ്ട കാര്യമാലോചിക്കാന്‍ വയ്യ. ആര്‍ക്കൊക്കെ അറിയാം ആവൊ? മറ്റു ഡൊക്റ്റേഴ്സും നഴ്സുമാരും ഒക്കെ ഇനി അര്‍ഥംവെച്ച നോട്ടവും അടക്കിപ്പിടിച്ച സംസാരങ്ങളും ആയിരിക്കും.കുറച്ചു ദിവസമായിട്ട്‌, ബാച്ചിലെര്‍സ്‌ ആയ ചില യുവ ഡോക്റ്റര്‍മാര്‍ അല്‍പം അസൂയയൊടെ ആയിരുന്നുവല്ലൊ പെരുമാറിയിരുന്നത്‌. ആ പുതിയ ജൂനിയര്‍ ലേഡി ഡോക്റ്റര്‍ കുറച്ചുനാളായി മൈന്റ്‌ ചെയ്യുന്നേയില്ല. ജമാല്‍ക്ക ആവശ്യത്തിലധികം പബ്ലിസിറ്റി നല്‍കിയിരുന്നിരിക്കണം.

വീടെത്തി.. കാര്‍ പോര്‍ച്ചിലെക്കു കയറ്റുമ്പൊള്‍ മൊബൈല്‍ റിംഗ്‌ ചെയ്തു. ഉമ്മയായിരിക്കും. എന്താ ഇപ്പൊ പറയുക! ഇതു കേട്ടപ്പൊഴെ ഉമ്മ ചോദിച്ചിരുന്നു " മലപ്പുറത്തു നിന്ന് തന്നെ വേണോ, ഇവിടെ കൊല്ലത്ത്‌ തന്നെ അന്വേഷിച്ചാല്‍ പൊരേ എന്ന്‌. കാര്‍ ഓഫാക്കി മൊബൈല്‍ എടുത്തു. ഓ, ജമാല്‍ക്കയാണ്‌. ദ്വേഷ്യം പാരമ്മ്യത്തിലെത്തിയിരുന്നു.

ഹലൊ പറയുന്നതിനു മുമ്പെ അങ്ങേ തലക്കല്‍നിന്ന്`
" എന്താ ഡോക്റ്ററെ ഇത്‌, എന്നെയൊന്നും കാത്തുനില്‍കാതെ വാണം വിട്ട പോലെ വണ്ടിയുമെടുത്ത്‌ എങ്ങോട്ടാ പറന്നെ? ഒരു മര്യാദയില്ലെ ഡോക്റ്ററെ, ഒന്നും മിണ്ടാദെയാണൊ ഒരു വീട്ടില്‍ നിന്നും ഇറങ്ങുക?"

എല്ലാം ഒപ്പിച്ചു വെച്ചിട്ട്‌ ഇപ്പോള്‍ എന്നെ മര്യാദയും പഠിപ്പിക്കാന്‍ വരുന്നോ എന്നാണ്‌ ചോദിക്കെണ്ടത്‌!.

" അല്ല ജമാല്‍ക്ക, എല്ലാരും ചേര്‍ന്ന് എന്നെ കുരങ്ങുകളിപ്പിക്കുകയായിരുന്നോ? ഹാജിയാര്‍ക്‌ എല്ലാം അറിയുന്നതല്ലേ?"

" അതിനിപ്പൊ എന്താണ്ടായത്‌?" ജമ്മാല്‍ക്ക.

" അങ്ങേരുടെ മോളെ കെട്ടാനുള്ള യോഗ്യത എനിക്കില്ല! അത്ര തന്നെ"

" എന്നിട്ടെന്നൊടാരും ഒന്നും പറഞ്ഞില്ലല്ലൊ. ങള്‌ തെളിച്ചു പറയീം. ഹാജിയാര്‍ എന്താ പറഞ്ഞേ?"

'Entomologist' ആണെങ്കി കെട്ടിക്കൊ എന്ന്‌!

"അങ്ങനല്ലേ ഓരു പറയൂ. ഇതാപ്പൊ നന്നായെ"

" ഞാന്‍ കാര്‍ഡിയോളജിസ്റ്റാണെന്ന് എല്ലാര്‍ക്കും അറിയില്ലെ? ഞാന്‍ ഇനി പ്രാണികളെ പിടിക്കണൊ?" അല്‍പം പരുഷമായിത്തന്നെ പറഞ്ഞു.
" ഹ ഹ ഹ ഹാാ" ജമാല്‍ക്കായുടെ അട്ടഹാസം അരൊചകമായി. ഡോക്ടറുടെ മുഖം ദ്വേഷത്തില്‍ വീണ്ടും ചുവന്നു.
* * * * * * *
വാല്‍കഷ്ണം: എന്റെമൊളെജ്‌സ്റ്റായാല്‍ കെട്ടിക്കോ = എന്റെ മോളെ നീ ഇഷ്ടമാണെങ്കില്‍ കെട്ടിക്കൊ.

Sunday, July 23, 2006

നല്ല നടപ്പ്‌!!

ഓര്‍മയിലെ എന്റെ ആദ്യസ്വപ്നം?..
മറ്റുള്ളവരെപ്പോലെ നടക്കണം എന്നായിരുന്നു.
നല്ല നടപ്പെനിക്കു വിധിച്ചിട്ടില്ലായിരുന്നു വല്ലൊ!
ആരാണാദ്യമെന്നെ 'ഒന്നരക്കാലന്‍' എന്നുവിളിച്ചതെന്ന്
ഇന്നെനിക്കൊര്‍മയില്ല, എല്ലാ കൊച്ചു വഴക്കുകളും
അവസാനിക്കുന്നത്‌ കളിക്കൂട്ടുകാരുടെ ഈ വിളികളിലായിരുന്നു..
അപ്പോള്‍..മറ്റ്‌ എല്ലാ പ്രധിരോധങ്ങളും കൈവിട്ട്‌
ഞാന്‍ പിന്‍-വാങ്ങും, ഉള്‍ വലിയും..
അന്ന് രാത്രിയും ഞാന്‍ സ്വപ്നം കാണും..
നേരെ നടന്ന് ക്ലാസ്സിലെക്ക്‌ കയറുന്നതിനെക്കുറിച്ച്‌..

ആ വിളികള്‍ പിന്നെയും തുടര്‍ന്നു..
ഓരൊ പരീക്ഷകളിലും മാര്‍ക്കുകള്‍കൊണ്ട്‌ പകരം വീട്ടി.

എന്തായ്‌ തീരണം എന്ന മാഷുടെ ചോദ്യത്തിന്‌
പോലിസ്‌, പട്ടാളം, ഡോക്ടര്‍ തുടങ്ങിയ ഉത്തരങ്ങല്‍കിടയില്‍,
'നേരെ നടക്കുന്നൊരാള്‍' എന്ന വേറിട്ടൊരുത്തരം!
തെല്ലൊന്നങ്കലാപ്പിലായപോല്‍ മാഷും.

മഴയില്ലെങ്കിലും ഓലക്കുടയെ കൂട്ടുപിടിച്ചു..
(ശീലാകുടയന്ന് പണക്കാരുടെ മക്കള്‍ക്ക്‌ മാത്രമുള്ള ആഡംബരമായിരുന്നു!)
ആരാനും തറപ്പിച്ചൊന്നു നോക്കിയാല്‍
കുട കൊണ്ടൊളിപ്പിക്കാന്‍ ശ്രമിച്ചു..
പിന്നെ, 'ഓലക്കുടക്കാരന്‍' ചേര്‍ത്താ പേരവര്‍ വിളിച്ചു!

ഒടുവില്‍, ട്രവ്സര്‍ ഇടുന്ന മറ്റുള്ളവര്‍ക്കിടയില്‍
മുണ്ടുടുക്കുന്ന അഭ്യാസം..
മടക്കിക്കുത്താതതുകൊണ്ട്‌ ആ പേരിനു ശേഷം " മൊല്ലാക്ക" ചെര്‍ത്തവര്‍!
പാന്റ്സ്‌ അന്നെല്ലാമേതോ വിദൂര സ്വപ്നം മാത്രം!!
എല്ലാ യുദ്ധങ്ങളിലും പരാചയം മാത്രം.

എതൊ വൈദ്യര്‍ പറഞ്ഞ്‌,
ഒരു വൈകുന്നേരം അങ്ങാടിയില്‍ നിന്നും ഉപ്പ
ഒരു കറുത്ത കാന്‍ വാസ്‌ ഷൂ കൊണ്ടുവന്നു!
സന്തോഷം അതിരിനുമപ്പുറം!
വളഞ്ഞ കാല്‍പടത്തില്‍ ഉമ്മ എണ്ണ പുരട്ടി ഉഴിഞ്ഞ്‌
ഷൂവിനകത്തിട്ട്‌ കാല്‍ കെട്ടി മുറുക്കുമ്പോള്‍
നോവിനപ്പുറം നിന്ന് നെരെ നടക്കുവനുള്ള മോഹം
ചിരിക്കുകയായിരുന്നു.
രാത്രി ഏറെ വൈകുവോളം തലങ്ങും വിലങ്ങും നദന്നൊടുവില്‍
വേദനിക്കുന്ന കാലൂമായ്‌ ഉറങ്ങാന്‍
തഴപ്പായില്‍ കിടക്കുമ്പൊള്‍, ഷൂ അഴിക്കാന്‍ കൂട്ടാക്കിയില്ല..
വൈദ്യരുടെ തയ്‌ലവും,ഷൂവും
അടുത്ത ദിവസത്തേക്ക്‌ ഒക്കെ ശരിയാക്കും എന്ന പ്രതീക്ഷയില്‍
അന്നുറങ്ങാനൊത്തതേേയില്ല. പിന്നെ, വേദനയും...
കാലത്ത്‌, നേരെയാവാന്‍ കൊതിച്ചകാലില്‍ നീര്‍ വന്നു..
ഓരഴ്ചത്തെ അവധി..
അവധിക്കൊടുവില്‍ ഷൂ ഒരവയവമായി മറിയിരുന്നു..
ഷൂ ലേസ്‌ ഓരൊ തുളകളിലും കോര്‍ത്ത്‌ മുറുക്കുമ്പൊള്‍
ആ വിളികള്‍ മാത്രമായിരുന്നു മനസ്സില്‍..
പ്രയാസപ്പെട്ട്‌ ഓരോ ചുവടുകളും മുന്നൊട്ടു വെക്കുമ്പൊള്‍
ആ വിളികള്‍കുപിന്നിലെ മുഖങ്ങളായിരുന്നു..

* * * * *

ഇപ്പോഴും എന്റെ നടത്തം ശരിയാണെന്നു പറയാന്‍ വയ്യ..
ആരും നേരെ നടക്കുന്നില്ലെന്നതൊ ഒരു സത്യവും!

ആ വിളികള്‍ തന്ന വാശിയും, ഊര്‍ജവും
ഏന്നെ നടക്കാന്‍ പഠിപ്പിച്ചു!

എങ്കിലും, ആ നോവുകള്‍, വേദനകള്‍, കണ്ണീരില്‍ കുതിര്‍ന്ന
സ്വപ്നങ്ങള്‍ എല്ലാം എങ്ങനെ മറക്കാന്‍?


ഇന്നിപ്പോള്‍, വര്‍ഷങ്ങള്‍ക്കിപ്പുരത്ത്‌ മൈ ലുകല്‍ ദൂരെ
ഈ മരുപ്പരപ്പിലിരുന്ന് ആ കാലങ്ങളിലേക്‌ എത്തിനോക്കുമ്പോള്‍
ഓരൊ മുഖങ്ങളും ഓര്‍മ്മയുണ്ട്‌..
പക്ഷെ, ആ വിളികള്‍ക്കുപിറകിലെ ഒരു മുഖവും മനസ്സിലില്ല,
എല്ലാരും വിളിച്ചിട്ടുണ്ടെങ്കിലും!!

Sunday, July 16, 2006

ഒരു വെറും മരണം!

ആകാശങ്ങള്‍ നിങ്ങള്‍ പങ്കിട്ടെടുക്കുക
ഒരു പാതി നിനക്ക്‌, മറു പാതി മറ്റേയാള്‍ക്ക്‌,
പിന്നെ, ഇടയില്‍ കമ്പിവേലി...സൈന്യങ്ങളും.

നിന്റെയകാശത്തില്‍, രാവിലെ സൂര്യനുതിക്കും..
പിന്നെ പതിയെ, അതിര്‍ത്തിയിലേക്ക്‌..
നുഴഞ്ഞുകയരന്‍ ശ്രമിക്കുമ്പോല്‍
മറ്റേയാള്‍ പട്ടാളം, വെടിവെച്ചു വീഴ്ത്തും
സൂര്യന്‍ ഒരു നട്ടുച്ച നേരത്ത്‌ മരിക്കുമ്പോഴും
തഴെ, ഏതൊ ഉച്ചകോടി!

അപ്പോള്‍ ഞാന്‍, എന്റെ വെള്ളരിപ്രാക്കളുടെ
ചിറകുകള്‍ അരിഞ്ഞെടുത്ത്‌ തെരുവില്‍ വില്‍പനക്കു വെച്ചിരിക്കയാവും!

***************************
മന്‍ജിത്തിന്റെ,"പകുത്തെടുത്ത ആകാശ"ത്തിനെഴുതിയ കമന്റ്‌! <[link]>

Thursday, July 13, 2006

എന്റെ മോള്‍


എന്റെമോളെനിക്കെന്നും മോളാണ്‌
നിങ്ങളുടെ മോള്‍ നിങ്ങള്‍ക്കും..
പക്ഷെ...

ഒരു പക്ഷെയില്‍ എല്ലാമൊതുക്കാവുന്നതാണോ?

ഈ കൃസ്തുമസിനവള്‍ക്ക്‌ പത്താകും..
അവള്‍ വന്നതൊരു കൃസ്തുമസ്‌ രാത്രിയിലാണ്‌
'തിരുവാതിരയും' 'ബരാ-അത്തും' സംഗമിച്ചൊരു കൃസ്തുമസ്‌ രാത്രി.

അന്നു രാവിലാകാശത്തില്‍ ദിവ്യനക്ഷത്രങ്ങള്‍ ഉദയം ചെയ്തിരുന്നില്ല
അന്നു വാര്‍ഡിലാരും ഊഞ്ഞാല്‍ തീര്‍ത്തിരുന്നില്ല-
'ഒരോര്‍ത്തോ' രോഗിയുടെ കാലേറ്റിയൊരു കൊച്ചൂഞ്ഞാലൊഴിച്ച്‌-
ആതുരാലയത്തിലെന്നും നോംബും നോവുമണല്ലോ
ആതിരക്കും പാതിരക്കും.
എപ്പൊഴുമെന്നപോല്‍ ഉള്ളിലെല്ലാരും ഓത്തിലാണല്ലോ
മധുരമില്ലാ പ്രാര്‍ഥനകളിലും.

കാത്തിരിപ്പിനും, നില്‍പ്പിനും നടപ്പിനുമൊടുവില്‍
ലേബര്‍ റൂമിന്റെ വാതില്‍ പാതിയിലും പാതി തുറന്ന്
പച്ചയുടലുമായ്‌ മുഖമ്മൂടി മാറ്റി ഡോക്ടര്‍ മൊഴിഞ്ഞു:
"മോള്‍! അമ്മയ്കും മോള്‍ക്കും സുഖം"
വേനലിലെ പുതുമഴപൊലെ എന്റെ മെയ്യും മനസ്സും കുളിര്‍ത്തു
എന്റെ വീട്ടിലാര്‍ക്കും പെങ്കുട്ടികളില്ലാര്‍ന്നു
എനിക്ക്‌ പെങ്ങന്മാരും!

* * * * * *

ഈ വേനലവധിക്കും അവള്‍ വന്നിരുന്നു
കഴിഞ്ഞാഴ്ചയാണു മടങ്ങിയത്‌
എയര്‍പോര്‍ടില്‍ ഒരു ഐസ്‌ ക്രീമും നുണഞ്ഞശേഷം
നീലയുടുപ്പുമിട്ടമ്മയുടെ കയ്യില്‍ പിടിപ്പിച്ച്‌
എമ്മിഗ്രേഷന്‍ പടിയില്‍ വെച്ചവളേയുപെക്ഷിക്കുംബോള്‍
പണ്ട്‌ ചാക്കില്‍ കെട്ടി "നാടുകടത്തിയ" കുറുഞ്ഞി പൂച്ചയുടെ
മക്കളിലൊരളുടെ കണ്ണുകള്‍ എന്നെ വേട്ടയാടിയൊ?

ഫോണ്‍ വിളിക്കുംബോള്‍ എപ്പോഴും തിരക്കുന്നു
അവളെന്നെ ചോദിക്കാറുണ്ടൊയെന്ന്..
ഇല്ല.. അവളെന്നെ മറന്നിരിക്കുന്നു
ഇനിക്കാണുന്നതു വരെയേയുള്ളു മറവി.

എങ്കിലും എനിക്കാശ്വാസമാണ്‌
ഇവിടുത്തെ കത്തുന്ന ചൂടില്‍നിന്ന് കുളിരുന്ന
മഴയിലെക്കണല്ലൊ അവള്‍ പോയത്‌
ഇവിദുതെ ഇടുങ്ങിയ ഫ്ലാറ്റില്‍നിന്ന്
വിശാലതയിലെക്കാണല്ലൊ.

ഈ അവധിക്കാണവള്‍ എന്നെ ആദ്യമായ്‌
'ഡാ-ഡീ' എന്നുവിളിച്ചത്‌!
മുമ്പെ പല ശബ്ധങ്ങളുമുണ്ടാക്കുമ്പോള്‍
അതാ, ഡാ-ഡീ വിളിക്കുന്നു എന്നവളുടെ അമ്മ
എന്നെ വിശ്വസിപ്പിക്കാന്‍ വ്രഥാ ശ്രമിക്കരുണ്ടെങ്കിലും!

വീണ്ടും കാണുംബോള്‍, ഒരു നിമിഷത്തെ
ഒരംബരപ്പിനു ശേഷം ഓടിയെത്തും
പിന്നെ, പതിവു സ്നേഹപ്രകടനങ്ങള്‍!!
നുള്ളുകള്‍, പിച്ചുകള്‍, ഉറങ്ങുംബൊള്‍
കണ്ണുകളിള്‍ മാന്തി ഉണര്‍ത്തല്‍....

* * * * * *

അരുതായ്മകള്‍ മാത്രമരങ്ങേറുന്ന ഇന്ന്
വാര്‍ത്തകള്‍ എന്നെ വേട്ടയടുകയാണെപ്പോഴും!

അവളെക്കുറിച്ചെനിക്ക്‌ പ്രതീക്ഷകളശേഷമില്ല,
സ്വപ്നങ്ങളല്ലാതെ.
പ്രത്യാശകളും, പ്രാര്‍ഥനകളല്ലതെ.

എന്റെമോളെനിക്കെന്നും "മോളാണ്‌"
നിങ്ങളുടെ മോള്‍ നിങ്ങള്‍ക്കും..
പക്ഷെ...

ഒരു പക്ഷെയില്‍ എല്ലാമൊതുക്കാവുന്നതാണോ?

ഈ കൃസ്തുമസിനവള്‍ക്ക്‌ പത്താകും..

Sunday, July 09, 2006

മഴയും മിഴിയും

മഴ മേഘങ്ങളില്‍ തുടുത്തു കൂടുന്നതു
മിഴിനീര്‍ മുത്തുകള്‍....
എന്നോ, ബഷ്പമായ്‌ പറന്ന എന്‍ പിതൃുക്കളുടെ
ദുരിത നാളുകളിലെ കണ്ണീര്‍ കണങ്ങള്‍...
ഇന്നെന്‍ മുകളില്‍, പെയ്യാന്‍ നില്ക്കേ,
എന്നിലെ സ്വാര്‍ഥന്‍, കാത്തിരിക്കയാണാ മഴയെ!

മഴയില്‍ കുളിരാനല്ല, കുളിക്കാനും.
വര്‍ത്തമാനത്തിലെ നഗ്ന പഥങ്ങളില്
‍ദൈന്യത വരണ്ടുണങ്ങിയ എന്‍ മിഴികളില്
‍നിന്നിത്തിരി ഉപ്പുരസമെങ്കിലും
കലര്‍ന്നാമഴയിലെന്‍ മനസ്സിന്റെ നോവിന്നൊരല്‍പം
ശാന്തിക്കുവേണ്ടി!

മഴകളില്‍ മിഴിനീര്‍ ചുവഒരിക്കലും ഒടുങ്ങാതെ...
ചാലുകല്‍, തോടുകള്‍, അരുവികള്‍ വഴികടലില്‍...

കടല്‍ വെള്ളത്തിനുപ്പുരസം
ഏന്തുകൊണ്ടെന്നിനി പറയണോ?

Tuesday, July 04, 2006

Versions of smiles!

VERSIONS OF SMILE!

When you smile at me
It’s like a spring of water
In the desert that roots in to
The dry sand, and cools my heart
It can talk of many a thing
And brings positive hopes in abundance !

At times, I wonder about
That smile you gave
From a stretcher in the lobby
Of a labour room,
After a long surgery to give me a baby
The smile followed by a stare
When you’re not in sense.
The most singular and substantial..!

Now, across the miles your smile
Flies all its way to tender me with love and relief.

* * * * *
Smiles can annoy often,
When in such a juncture
It can be irritating or humiliating
Like a dagger, piercing
Directly in to the heart,
Hurting you like anything.

A pale smile substitutes
Many a thing – strangeness, acquaintance
Vague, sneak ideas, approvals, disapprovals
Agreements, disagreements.

Let the heart identify
The hidden hints on time.
It creates mountains in between
Enabling not to tunnel it
Or divide two with an ocean
Impossible to bridge the gap!

Might you’ve come across
Some ever smiling faces
In despair or dismay
Joy or sad, keeps their light Like a sea , hiding the currents under
And flowing without flowing.

This mask of smile is a blessing
None can like to differ
The shield may ease everything.

Smiles – Soothing and cooling
Thrilling and filling
Void , pale, perplexing
Even retaliating
Destructive like a gale !
Consuming like a fire !

Now, even smiles have
Its own versions
So, be cautious while smile !
They’re no more the reflections
Of mind, but….
Shield or mask
And often a weapon !

* * * *
Don’t you cease the smile
Bearing the innocence, goodness,
Hope, frankness and love.
Let others do anything
Don’t change course of your smile.
I love those which touches
My mind with gentle breeze,
Refreshing me with new hopes.

Driven forward by dreams & desires!

"Woods are lovely, dark and deep
But, I have promises to keep
and miles to go before I sleep
and miles to go before I sleep......."

-Robert Frost

Nostaligia...

In the morning, Listening to the groaning noise of the air con, on the wings of thoughts I use to fly always home! Here in the deserts of Arabian gulf, intense heat & humidity awaits outside.

There in my home, the monsoon has started, heavy rains! The rythm of Rain, the cool breeze, I miss a lot...

Hi, a warm welcolm to all to my little space in the web..