Sunday, August 27, 2006

ആരുനീ...

ഓടി ഓടിത്തളരുമ്പോള്‍
ചാരിയിരിക്കാനൊരിടം,
ദാഹിച്ചു തൊണ്ടവരണ്ടുണങ്ങുമ്പോള്‍
ആര്‍ത്തിയൊടെ മൊത്തിക്കുടിക്കുവാനല്‍പം ജലം,
ക്ഷീണിച്ചവശനായ്‌ ഉറക്കം തഴുകുമ്പോള്‍
തലചായ്ക്കനൊരിടം,
എരിയും വെയിലില്‍ പൊരിയുമ്പൊള്‍
കേറിനില്‍ക്കാനൊരുതണല്‍!
എല്ലാ പരാചയങ്ങല്‍ക്കും ഒടുവില്‍
ഓടിയെത്താനൊരിടം!

അഭയമോ പ്രണയമൊ?
നീ ആരായിരുന്നെന്നിന്നറിയുന്നില്ല
എങ്കിലും, നീ എന്തല്ലാമായിരുന്നെന്നറിയുന്നു.

Thursday, August 24, 2006

എന്നോമലേ നീയെങ്ങുപോയ്‌..

എന്നോമലേ നീയെങ്ങുപോയ്‌
ഈ ധനുമാസരാവിന്റെയാമങ്ങളില്‍
എന്നോര്‍മ്മയില്‍ നീ മാത്രമായ്‌
ഈ കുളിര്‍പെയ്യും രാവിന്റെ സംഗീതമായ്‌..

പൂമുഖ വാതില്‍ ഞാന്‍ പാതി ചാരി
താഴിട്ടടയ്ക്കാതെ കാത്തിരിപ്പൂ,
നീ വരും നീവരുമെന്നന്റെയുള്ളില്‍
ആരോ പറയുമ്പോല്‍ പ്രിയേ

മണ്‍ചെരാതിന്‍ തിരി താഴ്തി മെല്ലെ
നിന്‍ കാലടിയൊച്ചയ്ക്കായ്‌ കാത്തിരിപ്പൂ
ഈ കുളിര്‍കാറ്റുകളെന്റെ യുള്ളില്‍
നിന്റെ നിശ്വാസമായെന്റെ നെഞ്ചില്‍
പയ്യെ തഴുകിത്തലോടിടവേ
വീണ്ടുമെത്തുന്നിതാ ഞാന്‍ നിന്റെ ചാരെ..

ഓര്‍ക്കാതിരിക്കുവതെങ്ങനെ ഞാന്‍
നിന്‍ ചുണ്ടിലെ നേര്‍ത്തൊരാ മന്ദസ്മിതം
മറവിയാല്‍ മൂടിടാനായിടാനായിടുമോ
നിന്‍ മിഴിമുനകള്‍ പിന്നെ കളമൊഴികള്‍

എങ്കിലുമെന്‍ പ്രിയേ പാടിടാം ഞാന്‍
ഏകാന്തമീ രാവിന്‍ തീരങ്ങളില്‍
മൂകമാം താളത്തില്‍ ശോകമാം ഭാവത്തില്‍
പണ്ടുനാം പാടിയ രാഗങ്ങള്‍
അന്നു നാം മൂളിയോരീണങ്ങള്‍
പാടാന്‍ കൊതിച്ചൊരായിരം പാട്ടുകള്‍...

എന്നോമലേ..

Monday, August 14, 2006

സ്വര്‍ഗാരോഹണം

അവനാകെ അസ്വസ്തനായിരുന്നു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ബൊറഡിയുടെ പാരമ്യത്തിലെത്തിയിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ച്‌ അവന്‍ സ്വര്‍ഗത്തിലേക്ക്‌ പൊകാന്‍ തന്നെ തീരുമാനിച്ചു.

സ്വര്‍ഗവാതില്‍ക്കലെത്തിയപ്പോള്‍ അവനാകെ അന്ധാളിച്ചു പോയി. വാതിലിനു മുമ്പില്‍ നല്ല വടിവൊത്ത മലയാളത്തില്‍ സ്വര്‍ഗം എന്നെഴുതിയ ബോഡ്‌! അദ്യമൊന്നഹങ്കരിച്ചു, പിന്നെ ഒന്നാലോചിച്ചുനൊക്കിയപ്പോള്‍ തോന്നി സ്വര്‍ഗമല്ലെ! വരുന്നവര്‍ക്കറിയാവുന്ന ഭാഷയില്‍ പെര്‌തെളിയുന്നതാവും എന്ന്!

വിസ്മയം മായും മുമ്പെ മറ്റൊരു വിസ്മയം! കവാടം തുറന്നു ദ്വാരപാലകന്‍ സ്വാഗതമോതി, എന്ത്‌ ഇത്‌ ഒരു അണ്ണനാണല്ലോ?

സ്വര്‍ഗാന്തര്‍ഭാഗത്ത്‌ അരണ്ടവെളിച്ചം മാത്രമെ ഉണ്ടായിരുന്നുള്ളൂ.. കാതടപ്പിക്കുന്ന സംഗീതവും. പുകപടലങ്ങല്‍ക്കിടയില്‍നിന്ന് ഒരു മാലാഖ ( ചൈനക്കാരിയുടെയൊ, ഫിലിപ്പൈന്‍സുകാരിയുടെയൊ മുഖം) സ്വീകരിച്ച്‌ ഒരിരിപ്പിടത്തിലേക്കാനയിച്ചു.

അവന്റെ അമ്പരപ്പിനതിരില്ലായിരുന്നു! ആദ്യമായി എത്തപ്പെടുന്നവന്റെ അമ്പരപ്പ്‌. ആവന്‍ ചുറ്റും കണ്ണോടിച്ചു. അവിടെയുള്ളവര്‍ മിക്കവാറും മലയാളികള്‍, കുറച്ചു തമിഴരും. വീണ്ടും അവനഭിമാനപുളകിതനും മനസ്സില്‍ അഹങ്കാരോന്മത്തനുമായി. മറ്റുനാട്ടുകാരെല്ലാം എതെങ്കിലും നരകങ്ങളില്‍ തീ വെള്ളം കുടിക്കുകയാവും. സ്വര്‍ഗം മല്ലൂസിനു മാത്രം!

സ്വര്‍ഗത്തിലെ പാട്ട്‌ പ്രശസ്തമായൊരു മലയളപ്പാട്ട്‌: " നെഞ്ചിനുള്ളീല്‍ നീയാണ്‌..." മെലിഞ്ഞൊരു ഗായകന്‍ പാടുന്നു. വിവിധ സംഗീതോപകരണങ്ങളുമായി കുറെയാളുകള്‍ പുറകിലും. സര്‍വം മലയാളമയം! ആനന്ദലബ്ധിക്കിനി....

2 അപ്സരസ്സുകള്‍ പാട്ടിനനുസരിച്ചു ഡാന്‍സ്‌ ചെയ്യുന്നു. പുറകില്‍ വെറെ ഒരഞ്ചാറ്‌ അപ്സരസ്സുകള്‍ ഇരിക്കുന്നുമുണ്ടായിരുന്നു. എവിടെയൊ എന്തൊ ഒരു ചേര്‍ച്ചയില്ലായ്മ!. അപ്സരസ്സുകള്‍കെന്തൊ ഒരു കോടമ്പക്കം സ്റ്റെയില്‍! ഇതാണൊ അപ്സര-ഡാന്‍സ്‌? അവനിലെ മല്ലു വീണ്ടും പറഞ്ഞു: " ഏയ്‌, എല്ലാം തമിഴ്‌ സ്റ്റെയിലിലാണല്ലൊ? "

അവന്റെ സംശയം വീണ്ടും തലപോക്കി, എന്നാലും രംഭ, തിലോത്തമ, മേനക ഇവരെല്ലാം തമിഴ്‌നാട്ടുകാരും ഇത്ര ഗ്ലാമര്‍ കുറഞ്ഞവരും മേയ്ക്കപ്‌ കൂടിയവരുമാകുമോ? സങ്കല്‍പ്പയാഥാഥ്യങ്ങളിലെ അന്തരം! ഓ, ആവില്ല, അവരുടെ തോഴിമാരായിരിക്കും. അവരെല്ലാം സ്വര്‍ഗാരാമങ്ങളിലൂടെ ഉലാത്തുകയാവും.. പിന്നെ, താനിപ്പോള്‍ വന്നതല്ലെയുള്ളുി. ഇവിടുത്തെ ഫോര്‍മാലിറ്റീസ്‌ ഒന്നും അറിയില്ലല്ലൊ. വന്ന ഉടനെ തന്നെ ആക്രാന്തം വേണ്ട. കണ്ട്‌റോള്‍ , സംയമനം!!

ഇനി എന്താണാവോ അടുത്ത പടി എന്നോര്‍തിരിക്കുമ്പൊഴെക്കും ആ മാലഖ വീന്റും എത്തി(സൂക്ഷിച്ചിപ്പോഴാ നോക്കിയത്‌! മലാഖത്തള്ള! എന്ത്‌ നിത്യ യവ്വനം എവിടെപ്പ്പ്പൊയി! സംശയങ്ങള്‍ വീണ്ടും വീണ്ടും !! )

"വാട്ട്‌ ഡു യു ലൈക്‌ റ്റു ഡ്രിങ്ക്‌?"
സത്യത്തില്‍ ദാഹം നല്ല വണ്ണം, പുറം ലൊകത്തെ പൊള്ളുന്ന ചൂടില്‍നിന്ന് ഇപ്പോള്‍ അകത്തെത്തിയല്ലേ ഉള്ളൂ. നേരിട്ട്‌ പുതിയ ബ്രാന്റ്‌ അമൃത്‌ ചോദിക്കുന്നതിലെ ആക്രന്താധിക്യവും ഔചിത്യരാഹിത്യവും പുറകോട്ടുവലിക്കുന്നു. സംഭാരം എന്നവശ്യപ്പെടണൊ എന്ന ചിന്ത തലച്ചൊറിനും ആമാശയതിനുമിടയില്‍ നിന്ന് വായിലെത്തുന്നതിന്‌ തൊട്ടുമുമ്പ്‌,

" ഹെനിക്കന്‍, ഫൊസ്റ്റേര്‍സ്‌, ബഡ്‌വൈസര്‍,കാള്‍സ്ബെര്‍ഗ്‌?" അവള്‍ ചൊദിച്ചു.

എന്ത്‌ ഇവിടെ ഇങ്ങനെയൊ? ചുറ്റും നോക്കിയപ്പൊള്‍ മനസ്സിലായി, എല്ലാരും ഈ ബ്രാന്റുകളിലൊക്കെയുള്ള ദാഹശമനികളില്‍ അഭയം തേടിയാണ്‌ അപ്സരന്ര്ത്തം- അപ്സരതോഴികളുടെ കൈകാല്‍ ഇളക്കങ്ങള്‍ - ഏഞ്ചൊയുന്നതെന്ന്‌!

വരണ്ട തൊണ്ട തലച്ചൊറിനെ കാത്തുനില്‍ക്കാതെ പറഞ്ഞു: " ഹെനിക്കന്‍"

"കാന്‍ ഓര്‍ ഡ്രാഫ്റ്റ്‌?"

സ്വര്‍ഗത്തിലെത്തുന്നതിനുമുമ്പെ, ഡ്രാഫ്റ്റെടുത്ത്‌ നാട്ടിലയക്കാന്‍ മറന്നുവെന്ന കാര്യമോര്‍ത്തപ്പ്പ്പോള്‍ അവന്‍ പറഞ്ഞു: "ഡ്രാഫ്റ്റ്‌"

സ്വര്‍ഗത്തിലും ലൌകിക കാര്യങ്ങള്‍ വേട്ടയടുമൊ എന്ന് ഭയന്ന്‌ സംഗീതത്തിലും, ഡാന്‍സിലും ചുറ്റുപടുകളിലും അഭയം തേടാന്‍ ശ്രമിച്ചു. അവള്‍ ഡ്രാഫ്റ്റെടുത്ത്‌ പോപ്‌കൊണ്‍ ബൌളും കൊണ്ടുവന്നപ്പൊള്‍ എക്സ്ചേഞ്ച്‌ സെന്ററിലെ ക്യൂ ഓര്‍ത്തുപോയി.

ദാഹവും പിന്നെ അനവസരത്തില്‍ അലോസരപ്പെടുത്തുന്ന വീട്ടിലേക്കയക്കേണ്ട ഡ്രാഫ്റ്റിന്റെ ഓര്‍മ്മയില്‍ നിന്നും രക്ഷ നേടാന്‍ രണ്ടു ഫുല്‍ക്കവിള്‍ അകത്താക്കി, ഒരു പിടി കോണ്‍ വായിലിട്ടു.

പാട്ടുകള്‍ മാറുന്നു. ഇപ്പൊള്‍ ഏതൊ തമിള്‍ ഡപ്പാങ്കൂത്ത്‌! വിജാഗിരി നഷ്ടമായ കുട്ടിത്തം മാറാത്ത മുഖമുള്ള, തിളങ്ങുന്ന വസ്ത്രമിട്ട ഒരു "അപ്സരന്‍ പയ്യന്‍' റബ്ബര്‍ പാല്‍ കുടിച്ചിട്ടെന്നവണ്ണം ആടുന്നു.

രംഭ, മേനക, തിലോത്തമ... അവന്‍ അപ്സരസ്സുകളെ കാത്തിരുന്നു. അവരുടെ മാദക ന്രുത്തം സ്വപ്നംകണ്ടു..

വീട്ടിലെക്കയക്കേണ്ട ഡ്രാഫ്റ്റ്‌ അവനെ വേട്ടയാടുമ്പോഴൊക്കെ അവന്‍ ഡ്രാഫ്റ്റുകളില്‍ അഭയം തേടി.

അല്‍പം ഹെനിക്കന്‍ ബുദ്ധിയെ തെളിയിക്കുമെന്നാരണ്ടോ പറഞ്ഞിട്ടുണ്ടല്ലൊ. അതൊടൊപ്പം കാഴ്ചയെക്കൂടെ എന്നു കൂടി ചേര്‍ക്കണം എന്ന്‌ അവന്‌ അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു!

എതൊ രവിവര്‍മ്മ ചിത്രത്തിന്റെ വിദൂരമായ ഓര്‍മപൊലെ, ഒരു 'മാലയേന്തിയ മനുഷ്യനെ" അപ്പോഴാണവന്‍ കണ്ടത്‌. മറ്റ്‌ സ്വര്‍ഗവാസികളുടെ സൂചനകള്‍ക്കനുസരിച്ച്‌ അപ്സരസ്സുകള്‍ക്കയാള്‍ പൂമാലകള്‍ സമ്മനിക്കുന്നു!

അപ്സരന്രുത്തങ്ങളും ഗാനങ്ങളും നിയന്ത്രിക്കുന്ന, സിനിമാനടിമാര്‍ ശ്രീവിദ്യക്കും ലളിതശ്രീക്കും ഇടയില്‍നിര്‍ത്താവുന്ന ഒരു ഭാരിച്ച ശ്രീയെ അടുത്ത ഹെനിക്കന്റെ വെളിച്ചത്തില്‍ ആണവന്‍ കണ്ടത്‌.

ബുദ്ധിയും കാഴ്ചയും തെളിഞ്ഞുവന്നപ്പോള്‍ അവന്‌ ഒരു കാര്യം മനസ്സിലായി. സ്വര്‍ഗത്തില്‍ കയറിയ ഉടനെ ഉണ്ടായ വെപ്രാളവും സംഭ്രമവും കൊണ്ട്‌ അപ്സരസ്സുകളില്‍ കോടാമ്പക്കം അടിച്ചേല്‍പിച്ചത്‌ ശരിയായില്ല. അവര്‍ യഥാര്‍ഥ രംഭ, തിലൊത്തമ, മേനകമാര്‍ ആണെന്ന സത്യം. എന്തൊരു സൌന്ദര്യം, ചടുലമയ ചലനങ്ങള്‍, ശാസ്ത്രീയ ന്ര്ത്തം, പിന്നെ, മാദക ന്ര്ത്തം!

രംഭ ചിരിക്കുന്നത്‌ തന്നെ നോക്കിയല്ലേ?.. മേനകയുടെ അംഗചലനങ്ങള്‍ തന്റെ നേര്‍ക്കല്ലെ? തിലോത്തമയുടെ തത്തമ്മ ചുണ്ടുകള്‍ തന്നോടെന്തൊ പറയുന്നുവൊ?

തന്റെ ചൂണ്ടുവിരല്‍ സൂചനകള്‍ ക്കനുസരിച്ച്‌ മാലയേന്തിയ മാനുഷ്യന്‍ മാല ചാര്‍ത്തിക്കൊണ്ടേയിരുന്നു.

രംഭക്കൊന്ന്‌!മേനകക്കൊന്നു കൂടി, തിലോ...

ഹരാര്‍പ്പണത്തിന്റെ അഭിമാനാത്താല്‍ മറ്റുകണ്ണുകള്‍ തന്നെ തന്നെ നോക്കുന്നു എന്നയാള്‍ സങ്കല്‍പിച്ചു. അഹങ്കാരത്താല്‍ നെഞ്ചു വിരിച്ച്‌ വിരലു ചലിപ്പിച്ചു.

സംഗീതത്തിന്റെ താളം നിലച്ചു. അപ്സരസ്സുകള്‍ രംഗമൊഴിഞ്ഞു. ലൈറ്റുകള്‍ തെളിഞ്ഞു. 'ഭാരിച്ച സ്വര്‍ഗ ശ്രീ' മാലകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു.

"എക്സ്ക്യുസ്‌ മി സര്‍, ബില്‍!"
അവന്‍ പാതിമയക്കത്തില്‍ കണ്ണൂകളുയര്‍ത്തി. 'സ്വര്‍ഗത്തിലെ ബില്ലുമായ്‌' മാലഖ മുന്നില്‍.
" ഹൌ മച്ച്‌?"
"----- ധിര്‍ഹം,സര്‍!"

ചെറുതായൊന്നു ഞെട്ടിയോ? ഏയ്‌, ഒരു സ്വര്‍ഗാരോഹണത്തിന്‌ ഇത്രയും കുറവോ ചിലവ്‌? അവന്റെ ആമാശയത്തിലെ ഡ്രാഫ്റ്റുകള്‍ തലച്ചോരിലെത്തി സമാധനിപ്പിച്ചു.

അവന്റെ അമ്പരപ്പുകളും സംശയങ്ങളുമെല്ലാം അവസാനിച്ചിരുന്നു.

പേര്‍സിലെ ചെറിയ നൊട്ടുകളും, കഴിഞ്ഞമാസമെടുത്ത ഡ്രാഫ്റ്റിന്റെ രെസീറ്റില്‍ പൊതിഞ്ഞ വലിയ നോട്ടുകളും എടുത്ത്‌ പേ ചെയ്തു. ബാക്കി നല്ക്കിയതില്‍ നിന്ന് ടാക്സിക്ക്‌ 5 ധിര്‍ഹം മാത്രം മെടുത്ത്‌ അവന്‍ പുറത്തിറങ്ങി. ആദ്യം കണ്ട റ്റാക്സിയില്‍ കയറി പട്ടാണി ഡ്രൈവരോട്‌ പറഞ്ഞു:

"അജ്‌മാന്‍, ഗൊല്‍ഡ്‌ സൂക്‌ കെ പീച്ചെ ചൊട്‌നാ!"

ബാക്ക്‌ സീറ്റില്‍ തളര്‍ന്ന് കിടന്ന്‌ അവന്‍ ബൈജുവിന്റെ വാക്കുകള്‍ ഓര്‍ത്തു: "ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത്‌ ഇവിടെയാണ്‌, ഇതാണ്‌!!"

* * * *

അവള്‍ക്കുറക്കം വന്നതേയില്ല. നേരം വെളുക്കാനിനിയും ഇനി അധികം ഇല്ല. സ്കൂള്‍ നാളെക്കഴിഞ്ഞു തുറക്കുകയാണ്‌. മക്കള്‍ക്ക്‌ യൂണിഫോം വാങ്ങിയിട്ടില്ല, ബുക്കുകളും. കുടകള്‍, സ്കൂള്‍ ബാഗ്‌! പിന്നെ, പാല്‍, വെള്ളം, കരന്റ്‌, കടയിലെ പറ്റ്‌,, നാളെയെങ്കിലും ഡ്രാഫ്റ്റുമായ്‌ പോസ്റ്റ്‌ മാന്‍ എത്താതിരിക്കില്ല. അവള്‍ ആശിച്ചു.

Tuesday, August 08, 2006

പെണ്ണുകാണല്‍

ശ്ശേ...കഷ്ടമായിപ്പോയി! വേണ്ടായിരുന്നു. എങ്ങനെയാണവിടെ നിന്നും പുറത്തിറങ്ങി കാറിനടുത്തെത്തിയതെന്നുപോലും ഓര്‍മ്മയില്ല.

കാര്‍ മെയിന്‍ റോഡിലേക്ക്‌ തിരിച്ചുകൊണ്ട്‌ ഡോക്ടര്‍ ഇസ്മെയില്‍ വീണ്ടും ആ അബദ്ധത്തെക്കുറിച്ചോര്‍ത്തു. വേറെ ആരെങ്കിലുമാണെങ്കില്‍ പ്രശ്നമില്ലായിരുന്നു. ഒരു വിഡ്ഡിവേഷം കെട്ടലായില്ലേ?

എല്ലാം അഡ്മിനിസ്റ്ററേറ്റര്‍ ജമാല്‍ക്കയുടെ പണിയാണ്‌. പുതിയ ഹോസ്പിറ്റല്‍, പുതിയ ആളുകള്‍. എല്ലാം ഒന്നു പരിചയമായി നല്ല കാര്‍ഡിയൊളൊജിസ്റ്റ്‌ എന്ന പേരെടുത്തു വരുന്നെയുള്ളൂ. സാമാന്യം തരക്കേടില്ലാത്ത പ്രൈവറ്റ്‌ പ്രക്റ്റീസും. അപ്പൊഴേക്കും ഈ ആലോചന വേണ്ടായിരുന്നു.

അവര്‍ക്ക്‌ താല്‍പര്യമുണ്ടെന്ന് ജമാല്‍ക്കയാണ്‌ പറഞ്ഞത്‌. അന്വേഷണം ഇങ്ങോട്ടാണ്‌ വന്നത്‌. അവളെ ഹോസ്പിറ്റലില്‍ വെച്ച്‌ പല തവണ കണ്ടിട്ടും സംസാരിച്ചിട്ടും ഉണ്ട്‌. നല്ല സൌന്ദര്യവും വിദ്യഭ്യാസവും ഉള്ള കുട്ടി, നല്ല പെരുമാറ്റവും. ഇത്രയും പ്രശസ്തമായ ഹോസ്പിറ്റല്‍ ഉടമസ്തന്‍ ഹാജിയാരുടെ ഒരേ ഒരു പുത്രി. കുറച്ചതിമോഹം അറിയാതെ പിടിക്കൂടിയിരുന്നുവോ?

എല്ലാം വളരെ ഭംഗിയായിതന്നെ നടന്നു. നല്ല സ്വീകരണം, ഔപചാരികത തീരെയില്ലാത്ത പെണ്ണുകാണല്‍! അവളുടെ കണ്ണുകളില്‍ സമ്മതവും സന്തോഷവും സമ്മേളിച്ചിരുന്നുവല്ലൊ? ഏല്ലാം ഒരു വിധം ഭംഗിയാക്കി പുറത്തെത്തിയപ്പോള്‍ ഹാജിയാരുടെ വാക്കുകള്‍ സത്യത്തില്‍ ഞെട്ടിച്ചു.

" ഞമ്മക്ക്‌ തോനെ ഒന്നും അന്നേസിക്കാനില്ല. ങളെക്കുറിച്കൊക്കെ ഞമ്മക്കറിയാം. പിന്നെ....."

ആ പിന്നെയിലാണെല്ലാം തകിടം മറിഞ്ഞത്‌!

ഇനി നാളെ ഹോസ്പിറ്റലില്‍ പോവെണ്ട കാര്യമാലോചിക്കാന്‍ വയ്യ. ആര്‍ക്കൊക്കെ അറിയാം ആവൊ? മറ്റു ഡൊക്റ്റേഴ്സും നഴ്സുമാരും ഒക്കെ ഇനി അര്‍ഥംവെച്ച നോട്ടവും അടക്കിപ്പിടിച്ച സംസാരങ്ങളും ആയിരിക്കും.കുറച്ചു ദിവസമായിട്ട്‌, ബാച്ചിലെര്‍സ്‌ ആയ ചില യുവ ഡോക്റ്റര്‍മാര്‍ അല്‍പം അസൂയയൊടെ ആയിരുന്നുവല്ലൊ പെരുമാറിയിരുന്നത്‌. ആ പുതിയ ജൂനിയര്‍ ലേഡി ഡോക്റ്റര്‍ കുറച്ചുനാളായി മൈന്റ്‌ ചെയ്യുന്നേയില്ല. ജമാല്‍ക്ക ആവശ്യത്തിലധികം പബ്ലിസിറ്റി നല്‍കിയിരുന്നിരിക്കണം.

വീടെത്തി.. കാര്‍ പോര്‍ച്ചിലെക്കു കയറ്റുമ്പൊള്‍ മൊബൈല്‍ റിംഗ്‌ ചെയ്തു. ഉമ്മയായിരിക്കും. എന്താ ഇപ്പൊ പറയുക! ഇതു കേട്ടപ്പൊഴെ ഉമ്മ ചോദിച്ചിരുന്നു " മലപ്പുറത്തു നിന്ന് തന്നെ വേണോ, ഇവിടെ കൊല്ലത്ത്‌ തന്നെ അന്വേഷിച്ചാല്‍ പൊരേ എന്ന്‌. കാര്‍ ഓഫാക്കി മൊബൈല്‍ എടുത്തു. ഓ, ജമാല്‍ക്കയാണ്‌. ദ്വേഷ്യം പാരമ്മ്യത്തിലെത്തിയിരുന്നു.

ഹലൊ പറയുന്നതിനു മുമ്പെ അങ്ങേ തലക്കല്‍നിന്ന്`
" എന്താ ഡോക്റ്ററെ ഇത്‌, എന്നെയൊന്നും കാത്തുനില്‍കാതെ വാണം വിട്ട പോലെ വണ്ടിയുമെടുത്ത്‌ എങ്ങോട്ടാ പറന്നെ? ഒരു മര്യാദയില്ലെ ഡോക്റ്ററെ, ഒന്നും മിണ്ടാദെയാണൊ ഒരു വീട്ടില്‍ നിന്നും ഇറങ്ങുക?"

എല്ലാം ഒപ്പിച്ചു വെച്ചിട്ട്‌ ഇപ്പോള്‍ എന്നെ മര്യാദയും പഠിപ്പിക്കാന്‍ വരുന്നോ എന്നാണ്‌ ചോദിക്കെണ്ടത്‌!.

" അല്ല ജമാല്‍ക്ക, എല്ലാരും ചേര്‍ന്ന് എന്നെ കുരങ്ങുകളിപ്പിക്കുകയായിരുന്നോ? ഹാജിയാര്‍ക്‌ എല്ലാം അറിയുന്നതല്ലേ?"

" അതിനിപ്പൊ എന്താണ്ടായത്‌?" ജമ്മാല്‍ക്ക.

" അങ്ങേരുടെ മോളെ കെട്ടാനുള്ള യോഗ്യത എനിക്കില്ല! അത്ര തന്നെ"

" എന്നിട്ടെന്നൊടാരും ഒന്നും പറഞ്ഞില്ലല്ലൊ. ങള്‌ തെളിച്ചു പറയീം. ഹാജിയാര്‍ എന്താ പറഞ്ഞേ?"

'Entomologist' ആണെങ്കി കെട്ടിക്കൊ എന്ന്‌!

"അങ്ങനല്ലേ ഓരു പറയൂ. ഇതാപ്പൊ നന്നായെ"

" ഞാന്‍ കാര്‍ഡിയോളജിസ്റ്റാണെന്ന് എല്ലാര്‍ക്കും അറിയില്ലെ? ഞാന്‍ ഇനി പ്രാണികളെ പിടിക്കണൊ?" അല്‍പം പരുഷമായിത്തന്നെ പറഞ്ഞു.
" ഹ ഹ ഹ ഹാാ" ജമാല്‍ക്കായുടെ അട്ടഹാസം അരൊചകമായി. ഡോക്ടറുടെ മുഖം ദ്വേഷത്തില്‍ വീണ്ടും ചുവന്നു.
* * * * * * *
വാല്‍കഷ്ണം: എന്റെമൊളെജ്‌സ്റ്റായാല്‍ കെട്ടിക്കോ = എന്റെ മോളെ നീ ഇഷ്ടമാണെങ്കില്‍ കെട്ടിക്കൊ.