Tuesday, April 07, 2015

കാലത്തിനിക്കരെ, കളത്തില ക്കരെ !

ജീവിതത്തിന്റെ നിയതമല്ലാത്ത കുത്തൊഴുക്കിൽവീണ്ടും കുറുകെ  നീന്തിയടുക്കാൻ കൊതിക്കുന്ന ചില  തീരങ്ങളുണ്ട് !
പരിഭാഷപ്പെടുത്തുവാൻ പരുവപ്പെടാത്ത  ചില സങ്കടങ്ങൾക്കും , മൊഴി മാറ്റത്തിൽ മിഴിവേകാത്ത ചില സന്തോഷങ്ങൾകും ഇടയിൽ , കോരിക്കുടിക്കുവാൻ സ്വപ്നങ്ങൾ പോലും ഇല്ലാത്ത കാലത്തെ, തെളിനീരാവുന്ന തലോടൽ പോലെ!!
പകര്ത്തി എഴുതുമ്പോൾ പരിഭവപ്പെടുന്ന , വെറുതെ പറഞ്ഞു തീർക്കാൻ .... എഴുതിപ്പോവാൻ ...പറ്റാത്ത ഗ്രഹാതുരതയുടെ നെല്ലിക്കാരുചികൾ നല്കുന്നവ..!

************

മദ്രസ വിട്ടുവന്ന് കഞ്ഞിവെള്ളവും കുടിച്ച് , ഗോവിന്ദൻ നമ്പ്യാർ റോഡിൽ കാത്തു നില്ക്കയാണ് , കാലം! 'അബി ' വരുന്നതും, 'ഹംസാടി ' വരുന്നതും, 'പേരക്കട ഉമർ ' വരുന്നതും കാത്ത്!

ചെമ്മണ്പാതയിൽ വെട്ടുകല്ല് ലോടുകളുമായി പായുന്ന 'VMR ' ലോറികൾ  തീർത്ത മിനുസ ചാലുകൾ! 'മൊയ്തീൻ കാക്ക ' വഴിയിലിപ്പൊഴും വലനെയ്യുകയാണോ ?  കുഞ്ചിയമ്മ തുണി ക്കെട്ടുകളുമായി അലക്കാൻ പോവുന്നുണ്ടാവും!...


സ്രാജുവും  ബാബുവും  വഴിയിൽ  ഇല 'അടയാളമിട്ട് ' പോയിക്കാണുമോ ? ...
പാത്തു താത്താടെ വീട്ടിൽ  'national panasonic ' അത്ഭുതം കേൾക്കാൻ  ആളുകൾ  കൂടിയിടുണ്ടാവുമോ ?... തോട്ടിൻ കരയിൽ  ആണി അടിച്ച  കൊച്ചു മനുഷ്യ രൂപങ്ങൾ  ഇപ്പോഴും?...മൂന്നും കൂടിയ വഴിയിലെ അത്താണിയിൽ ഇപ്പോഴും നെല്ലിൻ ചാക്കുകൾ വിശ്രമിക്കുന്നുണ്ടാവും!
മദ്രസ വിട്ടുവന്ന് കഞ്ഞിവെള്ളവും കുടിച്ച് , ഗോവിന്ദൻ നമ്പ്യാർ റോഡിൽ കാത്തു നില്ക്കയാണ് , ബാല്യം ...  മഴക്ക റുപ്പിൽ  നനയാതെ , വെയിൽ മഞ്ഞയിൽ വാടാതെ ....കാതുനില്പാണിപ്പൊഴും>>
*****
ഓർമ്മകളുടെ മഴവെള്ള പ്പാചിലുകൾക്കിടയിൽ...ഗ്രഹാതുരതയുടെ കുളിർമഞ്ഞു പ്രഭാതങ്ങൾക്കിടയിൽ ..ഗതകാലത്തിന്റെ ചിതൽതിന്ന താളുകൾക്കിടയിൽ..എവിടെയാണ് ഞാൻ എന്നെ മറന്നുവെച്ചത് ..?



എവിടെയാണ് ഞാൻ എന്നെ തിരയേണ്ടത് ?...നാരായണൻ മാഷുടെ കൂട്ടുപലിശ കണക്ക്കൾക്കിടയിൽ ..?മണിമാഷുടെ ടെസ്ടൂബുകൾക്കരികിൽ ..ആനിടീച്ചരുടെ   മലയാള  പദ്യതിനീണത്തിലൊ ..?ഉണ്ണി മാഷുടെ ഇംഗ്ലീഷ് ക്ളാസ്സിൽ ...
ഇല്ലായ്മകളിൽ ഉമിനീരായി ഇറങ്ങിയ കുഞ്ഞാക്കാടെ പീട്യെലെ പരിപ്പുവട മണം ..അബോക്കര്ക്കാന്റെ പീട്യേലെ പൂളയുടെ രുചി!
"എന്റെ മകൻ കൃഷ്ണനുണ്ണി ...കൃഷനാടത്തിന് പൊവേണം ..." രാധ- രുഗ്മിണി " ടീച്ചർമാർ  കലോത്സവത്തിന് തരുവാതിര പരിശീലിപ്പിക്ക യാണിപ്പോഴും ..!
ഭാർഗവി ടീച്ചറും കുഞ്ഞിലക്ഷ്മി  ടീച്ചറും അന്നേ ഭാഗ്യവതികൾ! കുറച്ചു നടന്നാൽ വീട് !

എവിടെയാണാവോ ഇപ്പോൾ ?.. നാരായണൻ മാഷ്ടെ ഹീറോ സൈക്കിൾ ? ഇസാക്ക് മാഷെ മൂന്ന് തട്ടുള്ള ചോറു പാത്രം ? വീരാൻ മൊല്ലാക്കാടെ വളഞ്ഞകാലുള്ള കുട?

ഇപ്പോഴും കയറിവരും..ചിലരുടെ സംഭാഷണങ്ങളിൽ കുഞ്ചു മാഷ്ടെ ' '!-   'യൂസ് ലെസ്സ്!' .സഹാറ യാത്രകളിൽ , മെഡി റ്റരെനിയൻ ദ്വീപ്വാസങ്ങൾക്കിടയിൽ സുബൈദ ടീച്ചർ!.രാഷ്ട്രഭാഷ സംസാരഭാഷ ആവേണ്ടാപ്പ്പോൾ കുട്ടൻ മാഷും!ഭക്ഷണത്തിനും വായ്ക്കുമിടയിൽ "കത്തി മുള്ളാവുമ്പോൾ " ഫോര്ക്ക് & നൈഫ്" മായി ഉണ്ണി മാഷും ... 

സൈതലവി പുസ്തകം പൊതിയാനുള്ള "സോവിയറ്റ് യുനിയൻ " ഇന്നെങ്കിലും തന്നാൽ മതിയായിരുന്നു ..വെള്ളാരം കണ്ണുള്ള രജനി ഇന്നും നെല്ലിക്ക കൊണ്ടുവരുമോ? നെറ്റിയിൽ ആശ്ചര്യ ചിഹ്നവുമായ് സതി ചെമ്പകപ്പൂക്കൾ..? യോഹന്നാന്റെ പെങ്ങൾ ഏലിയാമ്മ... കുരിയച്ചന്റെ പെങ്ങൾ കുഞ്ഞന്നാമ്മ അന്നേ മുടി 'ബോബ് ' ചെയ്തിരുന്നു! സ്രാജുവിന്റെ കൈയക്ഷരങ്ങൾ ഹീറോ പെനിന്റെ സ്വര്ണ ടോപ്പോലെ തിളങ്ങിയിരിന്നുസൈതിന്റെ ഉപ്പ ദുബായിക്കാരൻ .. അവൻ കൊച്ചു  കൊച്ചു കാറുമായ്ക്ലാസ്സിൽ വരും.. അസൂയ?.. ക്ലാസ്സിൽ മാഷില്ലാത്ത സമയത്തെ സംസാരിക്കുന്നവരുടെ പേരെഴുത്ത് ..നസീമയും ഉമമാച്ചുവും ഫാത്തിമയും,,എന്റെ പേരുണ്ടോ എന്ന് എത്തി നോക്കുന്നു? ബാബു നിഷ്കളങ്കമായി ഇപ്പോഴും ചോദ്യങ്ങൾ ചോദിക്കുന്നുസത്യന്റെ  മാറിലെ തടിപ്പ് ഇപ്പൊ മാറിക്കാണ്മോ ? നാരായണൻ കുട്ടിയുടെ ഉയരം ! ഹരിദാസന്റെ ചിരി..  എയെം യൂപി യിൽ നിന്നും ഇപ്പോഴും പിന്തുടരുന്നു ..


ചെമ്മണ്പാത  ടാറിട്ടു കറുത്തിരിക്കുന്നു.. ഓലമേഞ്ഞ ഒറ്റ വീടും റോഡിനിരു വശവും ഇപ്പോഴില്ല..
 വേലി, കയൽ , മാവ് , ചാണകം മെഴുകിയ മുറ്റം, ഓലമേഞ്ഞ .. മണ്ണിനാൽ ചായം പൂശിയ ചുമരുകളും , കരിതേച്ച നിലങ്ങലുള്ള എന്റെ  വീടും .. നിശ്വാസങ്ങളും..!
മദ്രസ വിട്ടുവന്ന് കഞ്ഞിവെള്ളവും കുടിച്ച് , ഗോവിന്ദൻ നമ്പ്യാർ റോഡിൽ കാത്തു നില്ക്കയാണ് , കാലം ....
 മഴക്ക റുപ്പിൽ  നനയാതെ , വെയിൽ മഞ്ഞയിൽ വാടാതെ  കാതുനില്പാണിപ്പൊഴും
സത്യൻ , ബാബു , ഹംസാടി , കാലയവനികക്ക് പുറകിൽ .. ഉമർ ഏതോ ദേശത്ത് ..?
ഞാൻ കാലത്തിന് അപ്പുറത്തേക്ക് ഉള്ള കാത്തിരിപ്പിലും ..

***********

സ്കൂളിൽ പോകുന്ന ഒരു കുട്ടിയേയും റോഡിൽ കാണുന്നില്ല ..!  മഞ്ഞ ബസിൽ VMR ന്റെ പൊടിയും ചെളിയും ഏൽക്കാതെ , ഇല അടയാളങ്ങൾ നോക്കാതെ , കുഞ്ചിയമ്മയെ കാണാതെ , മോയ്ദീൻ കാക്ക വല നെയ്യാത്ത വഴിയിൽ , അലവികുട്ടിക്കാക്കാടെ  ഒറ്റ ക്കാള വണ്ടിയില്ലാത്ത റോഡിൽ,... നമ്മുടെ പുതു ബാല്യങ്ങൾ..!


വാസു നായർ  ഫസ്റ്റ് ബെൽ അടിച്ചു കാണും..! സെക്കൻറ് ബെൽ അടിക്കാറയോ , പടച്ചോനെ!