Monday, April 16, 2007

ചരിത്രവും പൌരധര്‍മ്മവും

ഉടല്‍ ഉഴിഞ്ഞൊന്നു നോക്കിയത്‌
ഇന്നലെയാണ്‌..
എഴുതാന്‍ മറന്നു പോയ
ഡയറിക്കുറിപ്പുകളുമായി,
ആലേഖനം ചെയ്യപ്പെട്ട സത്യങ്ങളുടെ
ചരിത്ര പുസ്തകവുമായി
എന്നെ ഇന്നലെകളിലേക്ക്‌
അത്‌ വിളിച്ചിറക്കി.

കാലിലെ അമ്മവിരലിന്നറ്റം
നഖത്തെ വികൃത്മാക്കിയത്‌
ചെങ്കല്‍പാറകള്‍ക്കീടയിലെ
കരിങ്കള്‍ചീള്‌, അന്ധമാക്കിയതൊ
പുറകില്‍ ഓടിയടുത്തവള്‍ 'സൂറ'!
ചെങ്കല്‍ പാറകള്‍, പാത വീതിയാക്കി
ടാറിട്ടപ്പോള്‍ ഒരു ചെറു കുഴിമാത്രം
പയ്യെ പയ്യെ, കമ്യൂണിസ്റ്റ്‌ പച്ചകള്‍ക്ക്‌
ചുവക്കാന്‍ ഒരിടം, ഇപ്പോള്‍
പ്ലാസ്റ്റിക്ക്‌ പഴന്തുണികള്‍ അമരത്വം തേടുന്നിടം.
പക്ഷെ സൂറക്കെന്തു പറ്റി?

കാലിനു പുറകിലെ ഒരു ചെറു ബിന്ദു
കൊച്ചനുജന്‍ കരയുമ്പോള്‍ കളിയാക്കിയതിന്‌
ദ്വേഷ്യത്തില്‍ കോമ്പസ്സ്‌ വലിച്ചെറിഞ്ഞത്‌.
അവനിപ്പോഴും മാറ്റമില്ല
കൂര്‍ത്ത കമ്പികള്‍ക്ക്‌ പകരം
നേര്‍ത്ത വാക്കുകളില്‍ ദ്വേഷ്യം വലിച്ചെറിയും.

കാല്‍ മുട്ടിലെ ചെറിയ ദീര്‍ഘവൃത്തം
കുഞ്ഞുമാഷ്‌ ടീസിയെഴുതാന്നേരം കണ്ടെത്തി
തിരിച്ചരിയാനുള്ള രണ്ടിലൊരടയാളമായി
ജീവിത രേഖകളിലേക്ക്‌ പകര്‍ത്തിയെഴുതുമ്ന്നതിനും മുമ്പ്‌
ഉപ്പുമാവിന്‌ പുള്ളിചേമ്പില പറിക്കാന്‍
ഉമ്മറിനൊപ്പം ഓടിയപ്പോള്‍ സ്കൂളിനടുത്ത കുളക്കര സമ്മാനിച്ചത്‌.
മാഷെ ഈയിടെയും കണ്ടു.
ഉമ്മറൊ, രണ്ടുകെട്ടിയെവിടെയോ?
ഉമ്മറിനുമ്മ പള്ളിയിലേക്കുള്ള വഴി
വെള്ളീതോറും വൃത്തിയാക്കുന്നു

മുട്ടില്‍ കാലം കോറിയ കലകള്‍,
(നാരായണന്‍ മാഷ്‌ പഠിപ്പിച്ച
ജാമ്യതീയ രൂപങ്ങളിലൊന്നും ഒതുക്കാന്‍
പറ്റാത്ത ചിത്രങ്ങള്‍ക്ക്‌ ഇനിയും)
ഒരുപാടു പറയനാവും,
നരിമട കാണാന്‍ കാട്ടില്‍ പോയത്‌
കശുമാങ്ങ തിന്നാന്‍ കുന്ന് കയറിയത്‌
കുളത്തീലെ ചെങ്കോലുകള്‍
തോട്ടിലെ നീരാട്ടുകള്‍. അങ്ങനെ...
മുകളിലോട്ട്‌ കോതിയിട്ട മുടിയും
ക്രീം ഷര്‍ട്ടുമിട്ട്‌ മഞ്ഞപ്ലാസ്റ്റിക്‌ ബോക്സ്‌ വെച്ച
ഹീറൊ സൈക്കുളുമായി ഞങ്ങളുടെ റോഡില്‍ നിന്ന്
നാരായണമ്മാഷ്‌ മുനിസിപ്പല്‍ ചെയര്‍മ്മാനായിപ്പിരിഞ്ഞു.
ഇന്നും 'ഐസമം പീയെന്നാര്‍'മായി
പലിശകണ്ടാല്‍ മാഷോടിയെത്തുന്നോര്‍മ്മകളില്‍!

കാല്‍ വണ്ണകളിലെ മഞ്ചാടിമണികള്‍
ധര്‍മ്മാശുപത്രിയിലെ വലിയ ചുവന്ന
കുപ്പിയിലേക്കും, പാലുപൊലെയുള്ളൊരു
ലേപനത്തിന്റെ ഗന്ധത്തിലേക്കും,
ഡെറ്റോള്‍ മണക്കുന്ന ഓപിയുടെ വരാന്തയിലേക്കും നയിക്കുന്നു..
ധര്‍മ്മാശുപത്രിക്കുചുറ്റും മരുന്നുകടകള്‍
അനവധിയാണ്‌ ഇന്ന്!

അടിവയറിനല്‍പ്പം മുകളില്‍
മറുകാണ്‌, ഭാഗ്യത്തിന്റെ!
വിശക്കുമ്പോള്‍ മുണ്ടുമുറുക്കി മറയ്ക്കുന്നത്‌,
മറഞ്ഞ മറുകിന്റെ ഭാഗ്യം കാക്കാതെ!

കഴുത്തിനു താഴെ കാക്കപ്പുള്ളികള്‍
ഒന്നൊഴിച്ചെല്ലാം, കാമിനിമാര്‍ കണ്ടെത്തിയവ
നസീമ, റുഖിയ, സുഹറ, ഗീത, ഷറീന ..
എന്നൊക്കെ വിളിക്കാവുന്നവ!
എല്ലാ പുള്ളീകളും എവിടയൊക്കയോ പരന്നു കീടക്കുന്നു!

കക്ഷത്തിലെ തുന്നിക്കെട്ട്‌
അതിനും താഴെ കൈയിലെ ഏച്ചുകെട്ട്‌
ജീവന്റെ മുകളില്‍ കാറോടിച്ചു പോയ
മരണത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുടെ ബാക്കി പത്രങ്ങള്‍!
കൈമുട്ടിലെ പാഠങ്ങള്‍ കാല്‍മുട്ടിലേതിനു സമം
സൈക്കിള്‍, ബൈക്‌, ഓട്ടം, ചാട്ടം, നീന്തല്‍...
ഉള്ളം കൈയില്‍ ബസ്സിന്റെ പുറകിലെ മുദ്രാവാക്യങ്ങളില്‍
തറച്ച ചില്ലുകള്‍ അടയാളപ്പെടുത്തിയത്‌
കൈവിരലുകളില്‍ റാഗിൊഗ്‌ വിരുദ്ധ സമര്‍ത്തിന്റെ തിരു ശേഷിപ്പുകള്‍...

മുഖത്ത്‌ ചരിത്രാവശിഷ്ടങ്ങള്‍ കുറവ്‌
തലയിലനവധി, പക്ഷെ മുടിമൂടി മറഞ്ഞവ,
ചരിത്രം പരതി തലയിലിഴയുമ്പോള്‍
പുതിയ ഒരു അടയാളം- 'നര'
എന്തൊ ആ നഗ്ന സത്യം
എന്നെ പൌരധര്‍മ്മത്തെ ക്കുറിച്ച്‌ ഒര്‍മ്മിപ്പിക്കുന്നു!!

Thursday, April 12, 2007

നഷ്ടസൌഹൃദം

ഒരിക്കലും പറയാത്തത്‌ നീയിന്നു പറയുക.
"ഞാന്‍ നിന്നെ..... നിന്നെ മാത്രം.."

കാലം കാലിടറി പാതി വഴിയില്‍ മരിക്കുമ്പോള്‍
നീ കാലാതീതനായി കടന്നു പൊയ്കൊള്ളുക..
നമ്മെ ഒന്നായ്‌ നിര്‍ത്തി സ്പന്ദിച്ചിരുന്ന
ഘടികാരം നിലക്കുംബോള്‍ നമുക്കു പിരിയാം

പ്രകാശവര്‍ഷങ്ങള്‍ക്കകലെ
നാം തമ്മില്‍ വീണ്ടും കാണുമ്പോള്‍
പഴയ താളമില്ലായ്മകള്‍ക്ക്‌
താന്തൊന്നിത്തരങ്ങള്‍ക്ക്‌, നീ പഴി പറയരുത്‌.
കുറ്റവിചാരണയും ശിക്ഷ വിധിക്കലുകള്‍ക്കുമിടയില്‍
നീ മാത്രമെനിക്കെതിരെ സാക്ഷി പറയരുത്‌

നാമെത്രകാലം ഒന്നായിരുന്നു?
നമുക്കിടയില്‍ കാലം നിശ്ചലമാവുംവരെ!
എന്നെ നിനക്കറിയാവുന്നത്രയാര്‍ക്കറിയാം.
അതുകൊണ്ട്‌, നീമാത്രം ..അത്‌ ചെയ്യരുത്‌.

Wednesday, April 04, 2007

മെഹഫില്‍



മനസ്സ്‌-

തുരുമ്പിച്ച നോട്ടങ്ങള്‍ക്കുള്ളിലും
ചിലമ്പിച്ച വാക്കുകള്‍കിടയിലും
തിരകളടിച്ച്‌, മണല്‍ക്കാറ്റേറ്റും അതങ്ങനെ.

വര്‍ണ്ണമില്ലാക്കാഴ്ചകള്‍,
വെളിച്ചമില്ലാചിത്രങ്ങള്‍
സംവദിക്കാഞ്ഞല്ല.

സന്ദേഹങ്ങള്‍ക്കിടയില്‍
മായക്കാഴ്ചകളിലും ഉടക്കുന്നില്ല
സന്തോഷമന്വേഷിക്കുന്നവര്‍ക്കിടയിലും.

അക്ഷരങ്ങളിലെ 'ചില്ലു'കള്‍ക്ക്‌
തീരെ മൂര്‍ച്ചയില്ലാഞ്ഞല്ല
സ്വരങ്ങളില്‍ സംഗീതം നുരായാഞ്ഞും.

കവിതയുടെ വരമ്പുകളില്‍
കഥയുടെ അതിര്‍ത്തിക്കല്ലുകളില്‍
എന്തൊ ഒതുക്കിയടാനാവുന്നില്ല.

തന്ത്രികള്‍ മീട്ടുക
നിങ്ങളൊരു പാട്ടുപാടുക
എനിക്ക്‌ വിശക്കുന്നു!