Monday, November 27, 2006

ബാക്കിപത്രം

മൌനത്തിന്റെ കയങ്ങളില്‍
നെടുവീര്‍പ്പിന്റെ ഇടവേളകള്‍
നെഞ്ചിലേക്കടിക്കുന്ന കാറ്റില്‍
നിശ്വാസങ്ങളുടെ ഇളംചൂട്‌

കടലില്‍
തിരമാലകളുടെ പ്രതിഷേധങ്ങള്‍
കരയില്‍
വാഹനങ്ങളുടെ സംഗീതം
ഇടയില്‍ നീയും ഞാനും...

ഇവിടെ
ഇനിയും തുടര്‍ന്നാല്‍
എത്രയിരുന്നാലും
ഒടുങ്ങുകില്ലീ സംവാദം
ഒന്നും പറയാതെ
എല്ലാംകൈമാറുന്നീ
അന്ത്യ സമാഗമം

സംവല്‍സരങ്ങള്‍ക്കപ്പുറം
സംവാദങ്ങളില്ലാതെ
പുഞ്ചിരിയും പൂനിലാവും മാത്രം
വാചാലമായൊരു രാവിന്റെ
ഇടവേളകളില്ലാത്ത
മൊഴി മാറ്റങ്ങളില്‍
നിലക്കാതെ പെയ്തിറങ്ങിയ
കുളിര്‍ കാറ്റുകള്‍..

കരാര്‍ കാലാവധി തീരുമ്പോള്‍
കണക്കുകൂട്ടി പിന്നെക്കുറച്ച്‌
ഒടുവില്‍ ഒരു പൂജ്യം
മാത്രമവശേഷിക്കുമ്പൊള്‍
നിസ്സംഗതയുടെ മൂടുപടവുമായി
നിര്‍വികാരതയെ കൂട്ടു പിടിച്ച്‌
പടിയിറങ്ങാനൊരുങ്ങുമ്പോള്‍
നമുക്കിടയില്‍ ബാക്കിയായത്‌?

Wednesday, November 22, 2006

വെറുതെ..

പ്രണയം പെയ്തിറങ്ങിയ
പാതിരാവിനുശേഷം
മഞ്ഞുപെയ്യുന്ന പ്രഭാതത്തില്‍
ഉറക്കമുണര്‍ന്നപ്പോള്‍ മാത്രമാണ്‌
പുറപ്പാടിനെക്കുറിച്ച്‌ വീണ്ടുമോര്‍ത്തത്‌

ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍ മഴയില്‍
വെള്ളിവെളിച്ചവും, നറു നിലാവും
കുറെ പരിദേവനങ്ങള്‍ മാത്രമവശേഷിപ്പിച്ചു
യാത്രയുടെ അവസാനം.

യാത്രാമൊഴി..
വീണ്ടും കാണാമെന്നൊരു വാക്ക്‌
പ്രതീക്ഷകളുടെ ഒരു മഹാസമുദ്രം
വീണ്ടും ഇരമ്പുന്നെവിടെയോ!
മരുപ്പരപ്പിലെവിടെയോ
പ്രത്യാശകളുടെ വേലിയേറ്റം
മരുപ്പച്ചകള്‍ തീര്‍ക്കുമ്പോള്‍
ആശ്ലേഷങ്ങള്‍ക്കും ചുമ്പനങ്ങല്‍ക്കും
ഒടുവില്‍ കണ്ണൂകളുടക്കാതെ
കൈവീശുമ്പോള്‍ അവസാനിക്കുന്നത്‌
വസന്തത്തിന്റെ സാനിധ്യമാണ്‌
തുടങ്ങുന്നത്‌ യാന്ത്രികതയുടെ താളങ്ങളും!

ആകാശപ്പറവയുടെ ചിറകിന്നരികിലുരുന്ന്
വെറുതെ പ്രേയസിയേകിയ പാഥേയം
മറന്നുപൊയതിനെക്കുറിച്ചോര്‍ത്തു
പിന്നെ, മക്കള്‍ക്കേകാന്‍ മറന്ന
തലൊടലുകളെക്കുറിച്ചും
വരാനിരിക്കുന്ന വസന്തങ്ങളെക്കുറിച്ചും
വെറുതെ...

Thursday, November 02, 2006

ഏകാകി

പ്രണയത്തിന്‌ കുളിര്‍മ്മയാണ്‌
സ്നേഹം അഗാധവും
സൌഹൃദങ്ങള്‍ ഊഷ്മളവും
എല്ലാറ്റിനും ഒടുവില്‍
വിടപറയല്‍ അനിവാര്യവും

എനിക്ക്‌ തണുപ്പ്പ്പിഷ്ഠമല്ല
ആഴങ്ങളെ പേടിയും
ചൂടാണെങ്കില്‍ സഹിക്കാനുമാവില്ല
വിരഹം വേദനയും.

ഇനി ഞാനാല്‍പ്പം വിശ്രമിക്കട്ടെ
തണുപ്പിച്ചൊരു കവിള്‍ മദ്യവുമായി
ഈ ജനലരികില്‍ കുളിരട്ടെ
ഓര്‍മ്മകളുടെ ആഴങ്ങളില്‍ തളരുമ്പോള്‍
ഒരു ചുടു നിശ്വാസമുതിര്‍ത്ത്‌
കൊറിക്കാന്‍ ചൂടുള്ളത്‌
എന്തെങ്കിലും തിരയട്ടെ..!?