അവനാകെ അസ്വസ്തനായിരുന്നു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ബൊറഡിയുടെ പാരമ്യത്തിലെത്തിയിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ച് അവന് സ്വര്‍ഗത്തിലേക്ക് പൊകാന്‍ തന്നെ തീരുമാനിച്ചു.
സ്വര്‍ഗവാതില്‍ക്കലെത്തിയപ്പോള്‍ അവനാകെ അന്ധാളിച്ചു പോയി. വാതിലിനു മുമ്പില്‍ നല്ല വടിവൊത്ത മലയാളത്തില്‍ സ്വര്‍ഗം എന്നെഴുതിയ ബോഡ്! അദ്യമൊന്നഹങ്കരിച്ചു, പിന്നെ ഒന്നാലോചിച്ചുനൊക്കിയപ്പോള്‍ തോന്നി സ്വര്‍ഗമല്ലെ! വരുന്നവര്‍ക്കറിയാവുന്ന ഭാഷയില്‍ പെര്തെളിയുന്നതാവും എന്ന്!
വിസ്മയം മായും മുമ്പെ മറ്റൊരു വിസ്മയം! കവാടം തുറന്നു ദ്വാരപാലകന് സ്വാഗതമോതി, എന്ത് ഇത് ഒരു അണ്ണനാണല്ലോ?
സ്വര്‍ഗാന്തര്‍ഭാഗത്ത് അരണ്ടവെളിച്ചം മാത്രമെ ഉണ്ടായിരുന്നുള്ളൂ.. കാതടപ്പിക്കുന്ന സംഗീതവും. പുകപടലങ്ങല്‍ക്കിടയില്‍നിന്ന് ഒരു മാലാഖ ( ചൈനക്കാരിയുടെയൊ, ഫിലിപ്പൈന്‍സുകാരിയുടെയൊ മുഖം) സ്വീകരിച്ച് ഒരിരിപ്പിടത്തിലേക്കാനയിച്ചു.
അവന്റെ അമ്പരപ്പിനതിരില്ലായിരുന്നു! ആദ്യമായി എത്തപ്പെടുന്നവന്റെ അമ്പരപ്പ്. ആവന് ചുറ്റും കണ്ണോടിച്ചു. അവിടെയുള്ളവര്‍ മിക്കവാറും മലയാളികള്‍, കുറച്ചു തമിഴരും. വീണ്ടും അവനഭിമാനപുളകിതനും മനസ്സില്‍ അഹങ്കാരോന്മത്തനുമായി. മറ്റുനാട്ടുകാരെല്ലാം എതെങ്കിലും നരകങ്ങളില്‍ തീ വെള്ളം കുടിക്കുകയാവും. സ്വര്‍ഗം മല്ലൂസിനു മാത്രം!
സ്വര്‍ഗത്തിലെ പാട്ട് പ്രശസ്തമായൊരു മലയളപ്പാട്ട്: " നെഞ്ചിനുള്ളീല്‍ നീയാണ്..." മെലിഞ്ഞൊരു ഗായകന് പാടുന്നു. വിവിധ സംഗീതോപകരണങ്ങളുമായി കുറെയാളുകള്‍ പുറകിലും. സര്‍വം മലയാളമയം! ആനന്ദലബ്ധിക്കിനി....
2 അപ്സരസ്സുകള്‍ പാട്ടിനനുസരിച്ചു ഡാന്‍സ് ചെയ്യുന്നു. പുറകില്‍ വെറെ ഒരഞ്ചാറ് അപ്സരസ്സുകള്‍ ഇരിക്കുന്നുമുണ്ടായിരുന്നു. എവിടെയൊ എന്തൊ ഒരു ചേര്‍ച്ചയില്ലായ്മ!. അപ്സരസ്സുകള്‍കെന്തൊ ഒരു കോടമ്പക്കം സ്റ്റെയില്‍! ഇതാണൊ അപ്സര-ഡാന്‍സ്? അവനിലെ മല്ലു വീണ്ടും പറഞ്ഞു: " ഏയ്, എല്ലാം തമിഴ് സ്റ്റെയിലിലാണല്ലൊ? "
അവന്റെ സംശയം വീണ്ടും തലപോക്കി, എന്നാലും രംഭ, തിലോത്തമ, മേനക ഇവരെല്ലാം തമിഴ്നാട്ടുകാരും ഇത്ര ഗ്ലാമര്‍ കുറഞ്ഞവരും മേയ്ക്കപ് കൂടിയവരുമാകുമോ? സങ്കല്‍പ്പയാഥാഥ്യങ്ങളിലെ അന്തരം! ഓ, ആവില്ല, അവരുടെ തോഴിമാരായിരിക്കും. അവരെല്ലാം സ്വര്‍ഗാരാമങ്ങളിലൂടെ ഉലാത്തുകയാവും.. പിന്നെ, താനിപ്പോള്‍ വന്നതല്ലെയുള്ളുി. ഇവിടുത്തെ ഫോര്മാലിറ്റീസ് ഒന്നും അറിയില്ലല്ലൊ. വന്ന ഉടനെ തന്നെ ആക്രാന്തം വേണ്ട. കണ്ട്റോള് , സംയമനം!!
ഇനി എന്താണാവോ അടുത്ത പടി എന്നോര്‍തിരിക്കുമ്പൊഴെക്കും ആ മാലഖ വീന്റും എത്തി(സൂക്ഷിച്ചിപ്പോഴാ നോക്കിയത്! മലാഖത്തള്ള! എന്ത് നിത്യ യവ്വനം എവിടെപ്പ്പ്പൊയി! സംശയങ്ങള്‍ വീണ്ടും വീണ്ടും !! )
"വാട്ട് ഡു യു ലൈക് റ്റു ഡ്രിങ്ക്?"
സത്യത്തില്‍ ദാഹം നല്ല വണ്ണം, പുറം ലൊകത്തെ പൊള്ളുന്ന ചൂടില്‍നിന്ന് ഇപ്പോള്‍ അകത്തെത്തിയല്ലേ ഉള്ളൂ. നേരിട്ട് പുതിയ ബ്രാന്റ് അമൃത് ചോദിക്കുന്നതിലെ ആക്രന്താധിക്യവും ഔചിത്യരാഹിത്യവും പുറകോട്ടുവലിക്കുന്നു. സംഭാരം എന്നവശ്യപ്പെടണൊ എന്ന ചിന്ത തലച്ചൊറിനും ആമാശയതിനുമിടയില്‍ നിന്ന് വായിലെത്തുന്നതിന് തൊട്ടുമുമ്പ്,
" ഹെനിക്കന്‍, ഫൊസ്റ്റേര്‍സ്, ബഡ്വൈസര്,കാള്‍സ്ബെര്‍ഗ്?" അവള് ചൊദിച്ചു.
എന്ത് ഇവിടെ ഇങ്ങനെയൊ? ചുറ്റും നോക്കിയപ്പൊള്‍ മനസ്സിലായി, എല്ലാരും ഈ ബ്രാന്റുകളിലൊക്കെയുള്ള ദാഹശമനികളില്‍ അഭയം തേടിയാണ് അപ്സരന്ര്ത്തം- അപ്സരതോഴികളുടെ കൈകാല്‍ ഇളക്കങ്ങള്‍ - ഏഞ്ചൊയുന്നതെന്ന്!
വരണ്ട തൊണ്ട തലച്ചൊറിനെ കാത്തുനില്‍ക്കാതെ പറഞ്ഞു: " ഹെനിക്കന്‍"
"കാന്‍ ഓര് ഡ്രാഫ്റ്റ്?"
സ്വര്‍ഗത്തിലെത്തുന്നതിനുമുമ്പെ, ഡ്രാഫ്റ്റെടുത്ത് നാട്ടിലയക്കാന്‍ മറന്നുവെന്ന കാര്യമോര്‍ത്തപ്പ്പ്പോള്‍ അവന് പറഞ്ഞു: "ഡ്രാഫ്റ്റ്"
സ്വര്‍ഗത്തിലും ലൌകിക കാര്യങ്ങള്‍ വേട്ടയടുമൊ എന്ന് ഭയന്ന് സംഗീതത്തിലും, ഡാന്‍സിലും ചുറ്റുപടുകളിലും അഭയം തേടാന്‍ ശ്രമിച്ചു. അവള് ഡ്രാഫ്റ്റെടുത്ത് പോപ്കൊണ് ബൌളും കൊണ്ടുവന്നപ്പൊള് എക്സ്ചേഞ്ച് സെന്ററിലെ ക്യൂ ഓര്‍ത്തുപോയി.
ദാഹവും പിന്നെ അനവസരത്തില്‍ അലോസരപ്പെടുത്തുന്ന വീട്ടിലേക്കയക്കേണ്ട ഡ്രാഫ്റ്റിന്റെ ഓര്‍മ്മയില്‍ നിന്നും രക്ഷ നേടാന്‍ രണ്ടു ഫുല്‍ക്കവിള്‍ അകത്താക്കി, ഒരു പിടി കോണ്‍ വായിലിട്ടു.
പാട്ടുകള്‍ മാറുന്നു. ഇപ്പൊള്‍ ഏതൊ തമിള്‍ ഡപ്പാങ്കൂത്ത്! വിജാഗിരി നഷ്ടമായ കുട്ടിത്തം മാറാത്ത മുഖമുള്ള, തിളങ്ങുന്ന വസ്ത്രമിട്ട ഒരു "അപ്സരന്‍ പയ്യന്' റബ്ബര്‍ പാല് കുടിച്ചിട്ടെന്നവണ്ണം ആടുന്നു.
രംഭ, മേനക, തിലോത്തമ... അവന് അപ്സരസ്സുകളെ കാത്തിരുന്നു. അവരുടെ മാദക ന്രുത്തം സ്വപ്നംകണ്ടു..
വീട്ടിലെക്കയക്കേണ്ട ഡ്രാഫ്റ്റ് അവനെ വേട്ടയാടുമ്പോഴൊക്കെ അവന് ഡ്രാഫ്റ്റുകളില്‍ അഭയം തേടി.
അല്പം ഹെനിക്കന്‍ ബുദ്ധിയെ തെളിയിക്കുമെന്നാരണ്ടോ പറഞ്ഞിട്ടുണ്ടല്ലൊ. അതൊടൊപ്പം കാഴ്ചയെക്കൂടെ എന്നു കൂടി ചേര്‍ക്കണം എന്ന് അവന് അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു!
എതൊ രവിവര്‍മ്മ ചിത്രത്തിന്റെ വിദൂരമായ ഓര്‍മപൊലെ, ഒരു 'മാലയേന്തിയ മനുഷ്യനെ" അപ്പോഴാണവന് കണ്ടത്. മറ്റ് സ്വര്‍ഗവാസികളുടെ സൂചനകള്‍ക്കനുസരിച്ച് അപ്സരസ്സുകള്‍ക്കയാള്‍ പൂമാലകള്‍ സമ്മനിക്കുന്നു!
അപ്സരന്രുത്തങ്ങളും ഗാനങ്ങളും നിയന്ത്രിക്കുന്ന, സിനിമാനടിമാര് ശ്രീവിദ്യക്കും ലളിതശ്രീക്കും ഇടയില്‍നിര്‍ത്താവുന്ന ഒരു ഭാരിച്ച ശ്രീയെ അടുത്ത ഹെനിക്കന്റെ വെളിച്ചത്തില്‍ ആണവന് കണ്ടത്.
ബുദ്ധിയും കാഴ്ചയും തെളിഞ്ഞുവന്നപ്പോള്‍ അവന് ഒരു കാര്യം മനസ്സിലായി. സ്വര്‍ഗത്തില്‍ കയറിയ ഉടനെ ഉണ്ടായ വെപ്രാളവും സംഭ്രമവും കൊണ്ട് അപ്സരസ്സുകളില്‍ കോടാമ്പക്കം അടിച്ചേല്പിച്ചത് ശരിയായില്ല. അവര്‍ യഥാര്‍ഥ രംഭ, തിലൊത്തമ, മേനകമാര് ആണെന്ന സത്യം. എന്തൊരു സൌന്ദര്യം, ചടുലമയ ചലനങ്ങള്‍, ശാസ്ത്രീയ ന്ര്ത്തം, പിന്നെ, മാദക ന്ര്ത്തം!
രംഭ ചിരിക്കുന്നത് തന്നെ നോക്കിയല്ലേ?.. മേനകയുടെ അംഗചലനങ്ങള്‍ തന്റെ നേര്‍ക്കല്ലെ? തിലോത്തമയുടെ തത്തമ്മ ചുണ്ടുകള്‍ തന്നോടെന്തൊ പറയുന്നുവൊ?
തന്റെ ചൂണ്ടുവിരല്‍ സൂചനകള്‍ ക്കനുസരിച്ച് മാലയേന്തിയ മാനുഷ്യന് മാല ചാര്‍ത്തിക്കൊണ്ടേയിരുന്നു.
രംഭക്കൊന്ന്!മേനകക്കൊന്നു കൂടി, തിലോ...
ഹരാര്‍പ്പണത്തിന്റെ അഭിമാനാത്താല്‍ മറ്റുകണ്ണുകള്‍ തന്നെ തന്നെ നോക്കുന്നു എന്നയാള്‍ സങ്കല്പിച്ചു. അഹങ്കാരത്താല്‍ നെഞ്ചു വിരിച്ച് വിരലു ചലിപ്പിച്ചു.
സംഗീതത്തിന്റെ താളം നിലച്ചു. അപ്സരസ്സുകള്‍ രംഗമൊഴിഞ്ഞു. ലൈറ്റുകള്‍ തെളിഞ്ഞു. 'ഭാരിച്ച സ്വര്‍ഗ ശ്രീ' മാലകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു.
"എക്സ്ക്യുസ് മി സര്, ബില്‍!"
അവന് പാതിമയക്കത്തില്‍ കണ്ണൂകളുയര്‍ത്തി. 'സ്വര്‍ഗത്തിലെ ബില്ലുമായ്' മാലഖ മുന്നില്‍.
" ഹൌ മച്ച്?"
"----- ധിര്‍ഹം,സര്!"
ചെറുതായൊന്നു ഞെട്ടിയോ? ഏയ്, ഒരു സ്വര്‍ഗാരോഹണത്തിന് ഇത്രയും കുറവോ ചിലവ്? അവന്റെ ആമാശയത്തിലെ ഡ്രാഫ്റ്റുകള്‍ തലച്ചോരിലെത്തി സമാധനിപ്പിച്ചു.
അവന്റെ അമ്പരപ്പുകളും സംശയങ്ങളുമെല്ലാം അവസാനിച്ചിരുന്നു.
പേര്‍സിലെ ചെറിയ നൊട്ടുകളും, കഴിഞ്ഞമാസമെടുത്ത ഡ്രാഫ്റ്റിന്റെ രെസീറ്റില്‍ പൊതിഞ്ഞ വലിയ നോട്ടുകളും എടുത്ത് പേ ചെയ്തു. ബാക്കി നല്ക്കിയതില് നിന്ന് ടാക്സിക്ക് 5 ധിര്‍ഹം മാത്രം മെടുത്ത് അവന് പുറത്തിറങ്ങി. ആദ്യം കണ്ട റ്റാക്സിയില് കയറി പട്ടാണി ഡ്രൈവരോട് പറഞ്ഞു:
"അജ്മാന്, ഗൊല്‍ഡ് സൂക് കെ പീച്ചെ ചൊട്നാ!"
ബാക്ക് സീറ്റില്‍ തളര്‍ന്ന് കിടന്ന് അവന് ബൈജുവിന്റെ വാക്കുകള്‍ ഓര്‍ത്തു: "ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അത് ഇവിടെയാണ്, ഇതാണ്!!"
* * * *
അവള്‍ക്കുറക്കം വന്നതേയില്ല. നേരം വെളുക്കാനിനിയും ഇനി അധികം ഇല്ല. സ്കൂള്‍ നാളെക്കഴിഞ്ഞു തുറക്കുകയാണ്. മക്കള്‍ക്ക് യൂണിഫോം വാങ്ങിയിട്ടില്ല, ബുക്കുകളും. കുടകള്‍, സ്കൂള്‍ ബാഗ്! പിന്നെ, പാല്, വെള്ളം, കരന്റ്, കടയിലെ പറ്റ്,, നാളെയെങ്കിലും ഡ്രാഫ്റ്റുമായ് പോസ്റ്റ് മാന്‍ എത്താതിരിക്കില്ല. അവള് ആശിച്ചു.
14 comments:
അവനാകെ അസ്വസ്തനായിരുന്നു. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. ബൊറഡിയുടെ പാരമ്യത്തിലെത്തിയിരുന്നു. അവസാനം രണ്ടും കല്‍പ്പിച്ച് അവന് സ്വര്‍ഗത്തിലേക്ക് പൊകാന്‍ തന്നെ തീരുമാനിച്ചു.
സ്വര്‍ഗവാതില്‍ക്കലെത്തിയപ്പോള്‍ അവനാകെ അന്ധാളിച്ചു പോയി
നന്നായിട്ടുണ്ട്...
പങ്കജ് ഉദാസിന്റെ ഒരു ഗസല്‍ അറിയാതെ ഓര്‍ത്തുപോയി.. മറ്റാരോ എഴുതിയതാണ്..
മദ്യം എത്രമാത്രം മഹത്തരമാണു മനുഷ്യ.
മദ്യപാനി സത്യമേ പറയൂ.
പിന്നെ ഇത് സ്വര്ഗ്ഗത്തിലേക്കെത്തിക്കും.
അതുകൊണ്ടാവാം ദൈവം മദ്യം നിഷിദ്ധമാക്കിയത്..
(കവിപോയിട്ട് ഒരു തവിപോലുമല്ലാത്തതിനാല് ഇത് എന്റെ സ്വതന്ത്ര വിവര്‍ത്തനം)
നന്നായിരിക്കുന്നു.
സലാം, യു.എ.ഇ. യില്‍ പലരുടേയും ജീവിതം തകര്‍ക്കുന്ന ഒരു പരിപാടി വരച്ചിട്ടിരിക്കുന്നു. എനിക്കറിയാവുന്ന ഒരു ചങ്ങായി ഒരു ലക്ഷം ദിര്‍ഹത്തിന്റെ കടമാണ് വരുത്തി വെച്ചത് ഇതും കൊണ്ട് നടന്നിട്ട്. ഇപ്പോ ജയിലില്‍ സുഖവാസം.
ഇത്തിരിവെട്ടം പറഞ്ഞ ഗസല്‍ എഴുതിയത് ഷെയ്ക്ക് ആദം അബൂവാല ആണ്. അങ്ങേരുടെ പല സാധനങ്ങളും ഇതേ ലെവലില്‍ തന്നെ. :-)
ഒറിജിനല്‍ വരികള്‍ ഇങ്ങനെ:
ശരാബ് ഇത്നി ശരീഫാനാ ചീസ് ഹേ ആദം
യേ പീകെ ആദ്മി സച് ബോല്‍താ ഹെ സുബഹ്-ഓ-ശാം
ശരാബ് ജിസ്നേ ബനായി ഉസേ ഹമാരാ സലാം.
യേ ജീതേ ജീ ഹി ദിഖാത്തി ഹേ സൈര്‍ ജന്നത് കി
ഇസിലിയേ ഹി തോ ശായദ് ഹുയി ശരാബ് ഹറാം
ഇത് തുടങ്ങുന്നത്
ഖുദാ ക ശുക്ര് ഹേ വര്‍നാ ഗുസര്തി കൈസേ ശാം
ശരാബ് ജിസ്നേ ബനായി ഉസേ ഹമാരാ സലാം
എന്നാണ്. ഉധാസിന്റെ "നശാ" എന്ന കള്ളുകുടി ഗസലുകളുടെ ആല്‍ബത്തിലുണ്ട്.
അത്തിക്കുര്‍ശി..
വളരെ ഇഷ്ടപ്പെട്ടു, ഈ കഥയും..ചെറിയ ഒരു അവസാനം നൊമ്പരമുണ്ടാക്കുന്ന കഥ.
ആ ഗസല്‍ എനിക്കിഷ്ടപ്പെട്ടു...വാസ്തവം വാസ്തവം.
സ്വര്‍ഗ്ഗത്തില്‍ മദ്യപാനം പാടില്ലാത്തതിനാല്‍ ദൈവത്തിന് മനുഷേനോടസൂയ ആണെന്ന് വേറൊരു പാട്ട് കേട്ടിട്ടില്ലേ?
കേള്‍ക്കാന്‍ വഴിയില്ല..ഞാന്‍ എഴുതിയ പാട്ടാ.
കണ്ണൂസ് നന്ദി.
ഉര്‍ദു ഗസലുകളില്‍ നല്ലൊരുശതമാനത്തിലും ശരാബ്,സാഖി,മേഖാന ഇതെല്ലാം തന്നെ പ്രധാന വിഷയങ്ങള്‍ കൂടാതെ വിരഹവും. എല്ലാം നശ(ലഹരി)തന്നെ.
(പുരതന അറബികവിതകളിലും മദ്യവും പെണ്ണും ആയിരുന്നു പ്രധാനവിഷയം)
സലാംജീ ഈ ഓഫടിച്ചതില് ക്ഷമിക്കണേ...
കഷ്ടം തന്നെ!
കഥ നന്നായിരിക്കുന്നു അത്തിക്കുര്‍ശീ..
സ്വര്‍ഗവാതില്‍ തുറക്കാന്‍ സമയമായി...(ഏയ് ഞാനില്ല)
ഇത്തിരീ, വല്യമ്മായി, കണ്ണൂസ്, അരവിന്ദ്, ദില്‍ബു, കൈത്തിരി, അനക്കൂടന്...
നന്ദി,
ഇതിലെ സ്വര്‍ഗം യഥാര്‍ത്ഥമാണ് കെട്ടൊ! ഏതെങ്കിലും യു എ ഇ ബ്ലൊഗ്ഗെര്‍മാര്‍ കം കുടിയന്മാര് കമന്റട്ടെ!
കണ്ണൂസ്,
മാലയിടലില്‍ തകര്‍ന്ന ഒന്നിലധികം പേരെ എനിക്കും നേരിട്ടറിയാം. മധ്യപിക്കപോലും ചെയ്യാത്ത ഒരാള്‍, മാലയിടല്‍ വൈരത്താല്‍ കള്ളക്കേസില്‍ (മയക്കുമരുന്ന്) അബു ദാബി ജയിലില്‍ കഴിയുന്ന മറ്റോരാള്‍! പിന്നീട് സൌകര്യപ്പെട്ടാല്‍ ഒരു പൊസ്റ്റിടാം.
കണ്ണൂസ്, അരവിന്ദ്, ഇത്തിരി..,
ഗസലുകള്‍ അങ്ങനെ ഒത്തിരിയാണ്, മദ്യവും മദിരാക്ഷിയും, പ്രേമവും നൈരാശ്യവും ഒക്കെയായി..
ഏക് തരഫ്. ഉസ്കെ ഘര്‍,
ഏക് തരഫ് മേഖാന..
ഹൊത്താ നഹീ ഹെ ഫൈസലാ
മേം കഹാ ജാവും!
മറ്റൊന്നു തുടങ്ങുന്നത്:
മര്നേ ക ഇന്തജാര്മെ മെം ജീന സിഖാലിയാ
ജീനെ ക കാരുബാരുമെ മെം പീന സിഖാദിയ,
ശരാബ് ചീസ്ഹി വൈസെ ന ചോഡ് ജായേ
വൊ മെരെ യാര്കി ജൈസെ ന് ചൊഡ് ജായെ..
ഇത്തിരി, ഓഫുകള്ക് നിരോധനമില്ല.
അരവിന്ദ്, ഇവിടെ (യു എ ഇ) ഒരിടത്ത് സ്വര്‍ഗത്തില്‍ മദ്യപാനം അനുവദിച്ചിട്ടുണ്ട്. കവിത മാറ്റേണ്ടി വരും.
കഷ്ടം തന്നെ ദില്‍ബൂ, നമ്മുടെ എത്ര ചെരുപ്പക്കരാണ് ഈ വഴി നശിക്കുന്നത്!
കൈത്തിരി- യഥര്‍ഥ ബോര്‍ഡ് ഇവിടെ വന്നാല്‍ കാണാം. അവളെയും മക്കളെയും ഓര്ക്കാത്തവരാണവര്!
ഇവിടെ ദിവസവും രാത്രി 9 മനിയൊടെ സ്വര്‍ഗവാതില്‍ തുറക്കുമത്രേ!
മരുഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ സ്വപ്നങ്ങള്‍ വില്‍ക്കുവാനായ് വന്നവന്.....
വളയമെ,.
സ്വപ്നങ്ങള്‍ വില്ക്കുമ്പോള് തകര്‍ന്നു പോവുന്നത് ഒരു കുടുംബത്തിന്റെ ആശകളും പ്പ്രതീക്ഷകളും കൂടിയാണ്
നന്നായിരിക്കുന്നു. ഗള്‍ഫിലും ഈ പ്രശ്നങ്ങള്‍ ഉണ്ടല്ലേ.
ഇവിടെ അജ്മാന് ബീച്ച് ഹോട്ടലില്‍ "സ്വര്‍ഗം" എന്നൊരു മലായളി ഡാന്‍സ് ബാറുണ്ട്. അതുമായി ബന്ധപ്പെടുത്തി ഒന്നു തമാശിക്കാം എന്നു കരുതി, എഴുതി വന്നപ്പ്പ്പൊള് ഇങ്ങനെ ഒക്കെയായി എന്നേയുള്ളൂ.
വാക്കാരീ,
ഗള്‍ഫില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒത്തിരിയാണ്
നന്ദി.
അത് കലക്കി
അറബി, ഹിന്ദിയില്‍ പറഞ്ഞ കാര്യം ഓര്‍ത്ത് ഞാന്‍ ഒരുപാട് ചിരിച്ചു.
Post a Comment