Monday, October 16, 2006

സാമീപ്യം

നീ എപ്പോഴുമെന്നരികില്‍
വേണമെന്നൊന്നും ഞാനാശിക്കുന്നില്ല..

പക്ഷേ..

സൌഹൃദത്തിന്റെ അവസാനത്തെ വാക്താവും
സന്ദേഹങ്ങളുടെ മൂടല്‍ മഞ്ഞവശേഷിപ്പിച്ച്‌
യാത്രയാവുമ്പൊള്‍,
സ്നേഹത്തിന്റെ ബാക്കിയായ നീരുറവയും വറ്റി,
സ്വപ്നങ്ങളുടെ ശവമടക്കും കഴിഞ്ഞ്‌
പ്രത്യാശയുടെ ഒടുവിലത്തെ
കിരണവുമണയുമ്പോള്‍,
നിന്റെ ഓര്‍മ്മകളില്‍ മാത്രമാശ്വാസം
കണ്ടെത്തുവാനെനിക്കാവില്ല.

ഒരു നോക്കിലൊരുവാക്കിലൊരുമൃദുസ്പര്‍ശത്തില്‍
ഒരുതലോടലിന്നൊടൊവിലൊരാലിംഗനത്തില്‍
എല്ലാം ഞാന്‍ തിരിച്ചെടുക്കും,
നീയരികിലുണ്ടെങ്കില്‍.

നീ എപ്പോഴുമെന്നരികില്‍
വേണമെന്നൊന്നും ഞാനാശിക്കുന്നില്ല..

പക്ഷേ..

14 comments:

അത്തിക്കുര്‍ശി said...

സാമീപ്യം

നീ എപ്പോഴുമെന്നരികില്‍
വേണമെന്നൊന്നും ഞാനാശിക്കുന്നില്ല..

പക്ഷേ..

Rasheed Chalil said...

സാമീപ്യം തന്നെ സാന്ത്വനമാണ് അത്തിക്കുര്‍ശ്ശിമാഷേ...

നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടമായി.

ശാലിനി said...

"സൌഹൃദത്തിന്റെ അവസാനത്തെ വാക്താവും
സന്ദേഹങ്ങളുടെ മൂടല്‍ മഞ്ഞവശേഷിപ്പിച്ച്‌
യാത്രയാവുമ്പൊള്‍"

ശരിയാണ്. എപ്പോഴുമല്ലെങ്കിലും, എറ്റവും ഒറ്റപ്പെട്ടുപൊകുമ്പോഴെങ്കിലും നീയരുകിലില്ലെങ്കില്‍ ഞാനെന്തുചെയ്യും.

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍... എന്ന പാട്ട് ഓര്‍മ്മ വന്നു.

കവിത നന്നായിരുന്നു എന്നു പ്രത്യെകം പറയേണ്ടല്ലോ.

ഏറനാടന്‍ said...

കാവ്യാത്മകമായ വരികളാസ്വദിച്ചു..

"ജീവന്റെ ജീവനാം കൂട്ടുകാരീ
സ്നേഹാമൃദത്തിന്റെ നാട്ടുകാരീ
പോകരുതേ നീ അകലരുതേ
എന്നെ തനിച്ചാക്കി പോകരുതേ..."

ലിഡിയ said...

എന്തിനെന്നറിയാതെ കണ്ണ് നിറഞ്ഞു,നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ പേടിസ്വപ്നങ്ങള്‍ കാണാതെ ഞാന്‍ ഉറങ്ങുമായിരുന്നു,എന്റെ മനസ്സ് ചിത്രശലഭങ്ങളെ തേടുകയും മൂളിപാട്ട് ചെയ്യുകയും ചെയ്യുമായിരുന്നു.നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ രാത്രിയുടെ സൌന്ദര്യവും മഞ്ഞിന്റെ കുളിരും ആസ്വദിക്കുമായിരുന്നു.

പക്ഷേ...

-പാര്‍വതി.

Anonymous said...

നന്നായിട്ടുണ്ട്

വാളൂരാന്‍ said...

"നിന്റെ ഓര്‍മകളില്‍ മാത്രമാശ്വാസം
കണ്ടെത്തുവാനെനിക്കാവില്ല..."
എന്നെഴുതിയെങ്കിലും പലപ്പോഴും പച്ചയായ ജീവിതത്തില്‍ ഈ ഓര്‍മകള്‍ മാത്രേ ഉണ്ടാവാറുള്ളൂ എന്നത്‌ അത്ര സുഖല്ല്യാത്ത ഒരു സത്യമല്ലേ?
അത്തീ... ആശയം നന്നായിരിക്കുന്നു... വരികളും..

അനംഗാരി said...

അത്തീ, ഓര്‍മ്മകളില്‍ നിറയുന്ന ഈ നൊമ്പരങ്ങള്‍ തന്നെയാണ് ജീവിതം.നാമെല്ലാം സൌഹൃദത്തിന്റെ ഒരു നാല്‍ക്കവലയിലാണ്. വഴിപിരിഞ്ഞ്, കൈവീശി യാത്ര പറഞ്ഞ് പോകേണ്ടവര്‍.

വല്യമ്മായി said...

കൈ പിടിക്കാന്‍ കുട്ടുണ്ടെങ്കിലും വേര്‍പിരിയലിലേക്കല്ലേ നാം നടന്നടുക്കുന്നത് എന്നോര്‍ക്കുമ്പോള്‍................................

നല്ല വരികള്‍

തണുപ്പന്‍ said...

അനിശ്ചിതത്വങ്ങളില്‍ കിടന്നുഴലുമ്പോള്‍ ഞാനും പറയാറുണ്ട്.
“ പക്ഷേ...“

വരികള്‍ മനോഹരമായിരിക്കുന്നു.

ടി.പി.വിനോദ് said...

നന്നായിരിക്കുന്നു...അത്തിക്കുര്‍ശീ...വാക്കുകളെമറികടക്കുന്ന വേദനയുടെ സാക്ഷ്യങ്ങളുണ്ട് ഈ വരികളില്‍...
ആശംസകള്‍....

അത്തിക്കുര്‍ശി said...

ഇത്തിരിവെട്ടം, ശാലിനി, ഏറനാടന്‍, പാര്‍വതി, അനോണി, മുരളി വാളൂര്‍, അനംഗാരി, വല്യമ്മായി, തണുപ്പന്‍, ലാപുഡ...
നന്ദി! സന്ദര്‍ശനങ്ങള്‍ക്കും കമന്റുകള്‍ക്കും സാമീപ്യത്തിനും!

മുസാഫിര്‍ said...

വേര്‍പാടും കുടിച്ചേരലും അതിനിടക്കുള്ള നിമിഷങ്ങളും കുടിയതാണല്ലോ ജിവിതം അല്ലെ.
നന്നായിരിക്കുന്നു.അത്തിക്കുറിശ്ശി.

അത്തിക്കുര്‍ശി said...

മുസാഫിര്‍,

സന്ദര്‍ശത്തിനും കമന്റുകള്‍ക്കും നന്ദി