Tuesday, February 06, 2007

പുഞ്ചിരിയുടെ നിറഭേദങ്ങള്‍!

നിന്റെ പുഞ്ചിരി
മരുമണലില്‍നിന്ന് കുതിച്ചുയരുന്ന
നീരുറവപോലെ
മനസ്സിനെ കുളിര്‍പ്പിക്കുന്നു,
ഒരായിരം കാര്യങ്ങളെന്നോട്‌ പറുയുന്നു
ഒത്തിരി ശുഭപ്രതീക്ഷകള്‍ നല്‍കുന്നു.

ഇടക്കിപ്പോഴും
നീണ്ടൊരു ശസ്ത്രക്ക്രിയക്ക്‌ ശേഷം
അന്നാ ആശുപത്രി വരാന്തയില്‍
ലേബറൂമിന്റെ മുന്നിലൊരു
സ്റ്റ്രക്ചരില്‍ കിടന്ന്
ബോധാബോധങ്ങള്‍ക്കിടയില്‍ വെച്ച്‌
നല്‍കിയ പുഞ്ചിരി വിസ്മയപ്പെടുത്തുന്നു!
വേറിട്ടത്‌, അര്‍ഥവത്തായതും!

ഇപ്പോഴും
കാതങ്ങള്‍ക്കകലെനിന്നും
നിന്റെ സ്മിതം
ദൂരങ്ങള്‍ താണ്ടീന്നിലെത്തുമ്പോള്‍
ആശ്വാസവും, പ്രണയവുമാണെനിക്ക്‌!

********************************

പുഞ്ചിരികള്‍..
ഇടക്കിടെ ശല്യം ചെയ്യുന്നവ,
വ്യാകുലപ്പെടുത്തുന്നവ,
അപമാനപ്പേടുത്തുന്നവ,
മടുപ്പിക്കുന്നവ
കഠാരപോലെ, ഹൃദയത്തെ
കുത്തിക്കീറി മാരകമായി
വേദനിപ്പിക്കുന്നവ.

ഒരു വിളറിയ പുഞ്ചിരി കൊണ്ട്‌
അപരിചിതത്തെ, പരിചയത്തെ
അവ്യക്തമായ ആശയങ്ങളെ
അംഗീകാരത്തെ, അംഗീകാരമില്ലായ്മയെ
സമ്മതത്തെ, വിസമ്മതത്തെ
പ്രകടിപ്പിക്കാം, പകരം വെക്കാം.

തെളിയാസൂചനകളെ
വെളിവാക്കാന്‍ പഠിക്കുക
അല്ലേല്‍,
തുരങ്കം വഴിപോലും ബന്ധിപ്പിക്കാനാവാത്ത
പര്‍വതങ്ങളിടയില്‍ വളരും.
കുറുകെ പാലപണിയാന്‍ പോലുമാവാത്ത
മഹാസമുദ്രങ്ങളിടയിലിരമ്പും!.

ചിലരുണ്ട്‌
സദാ സ്മിതവുമായുള്ളവര്‍!
ആശയിലും നിരാശയിലും
സുഖത്തിലും ദു:ഖത്തിലും
പ്രവാഹങ്ങളെ ഉള്ളിലൊതുക്കി
പ്രശാന്തത നടിച്ച്‌
സമുദ്രം കണക്കെ പ്രകാശിക്കുന്നവര്‍.

പുഞ്ചിരിയുടെ മുഖം മൂടീ
അനുഗ്രഹമാണ്‍,
മറുത്താരും പറയില്ല.
ആ കവചമെല്ലാം ശാന്തമാക്കും!


പുഞ്ചിരി.
മൃദുവായത്‌, തണുത്തത്‌
രോമാഞ്ചമുണ്ടാക്കുന്നവ,
നിറവാകുന്നവ
ശൂന്യമായവ
വിളറിയവ
വിസ്മയിപ്പിക്കുന്നവ
പ്രതികാരം ചെയ്യുന്നവ
കൊടുങ്കാറ്റുപോലെ നശിപ്പിക്കുന്നവ
അഗ്നിപോലെ ദഹിപ്പിക്കുന്നവ!



പുഞ്ചിരിക്കുമ്പൊള്‍ സൂക്ഷിക്കുക,
ഇപ്പ്പ്പോള്‍..
പുഞ്ചിരികള്‍ക്ക്‌ അവയുടെ
അര്‍ഥവ്യത്യാസങ്ങളും
വകഭേദങ്ങളുമുണ്ട്‌.
മന്‍സ്സിന്റെ പ്രതിഫലനമേ അല്ല
പലപ്പോഴും
മുഖം മൂടീ, കവചം, ചിലപ്പോള്‍
ഒരായുധം!

*******************************

നീയൊരിക്കലും
നിന്റെ പുഞ്ചിരിയുടെ രീതി മാറ്റരുത്‌
നിഷ്കളങ്കവും നല്ലതുമായ,
പ്രത്യാശാദായകമായ
തുറന്ന, സ്നേഹം വഹിക്കുന്നവ
(മറ്റുള്ളവരെന്തുമാവട്ടെ!)

മനസ്സിനെ ഇളം തെന്നലായ്‌ തഴുകുന്ന
പുതുപ്രതീക്ഷകളാല്‍ ഉന്മത്തനാക്കുന്ന
അവയെ ഞാനിന്നും സ്നേഹിക്കുന്നു
നിന്നോളം തന്നെ!!

6 comments:

അത്തിക്കുര്‍ശി said...

പുതിയ പോസ്റ്റ്‌!

....
നിന്റെ പുഞ്ചിരി
മരുമണലില്‍നിന്ന് കുതിച്ചുയരുന്ന
നീരുറവപോലെ
മനസ്സിനെ കുളിര്‍പ്പിക്കുന്നു,
ഒരായിരം കാര്യങ്ങളെന്നോട്‌ പറുയുന്നു
ഒത്തിരി ശുഭപ്രതീക്ഷകള്‍ നല്‍കുന്നു.

സുല്‍ |Sul said...

"ഒരു വിളറിയ പുഞ്ചിരി കൊണ്ട്‌
അപരിചിതത്തെ, പരിചയത്തെ
അവ്യക്തമായ ആശയങ്ങളെ
അംഗീകാരത്തെ, അംഗീകാരമില്ലായ്മയെ
സമ്മതത്തെ, വിസമ്മതത്തെ
പ്രകടിപ്പിക്കാം, പകരം വെക്കാം."

അത്തിക്കുര്‍ശീ, അസ്സലായിരിക്കുന്നു നിരീക്ഷണം. കവിതയും നല്ലത്.

-സുല്‍

വല്യമ്മായി said...

അര്ത്ഥവത്തായ വരികള്‍.ഒരു പാല്‍പുഞ്ചിരി കണ്ടതു മൃതിയെ മറന്നേപോകും എന്ന് സുഗതകുമാരി എഴുതിയ പോലെ..............

സു | Su said...

പുഞ്ചിരി :)

പുഞ്ചിരിയിലെ പ്രതീക്ഷകള്‍ നന്നായിട്ടുണ്ട്.

Sona said...

നല്ല വരികള്‍....കവിത ഒരുപാട് ഇഷ്ടാ‍യി.

അത്തിക്കുര്‍ശി said...

sul,valyammaayi, su, sona.. (Belated)Thanks to all for visits & comments..