Thursday, May 24, 2007

വരികള്‍ക്കും വരകള്‍ക്കുമപ്പുറം..

തോന്ന്യാക്ഷരങ്ങളെ
അടുക്കിപ്പെറുക്കി വെച്ച്‌
വരികളവിടവിടെ
പാതി മുറിച്ച്‌,
നിഷ്കളങ്കരിലേക്ക്‌
നിഷ്കരുണം
സംവദിക്കാന്‍വിടുന്നവന്‍!

കിനാക്കളില്‍
പ്രളയം സന്നിവേശിപ്പിച്ച്‌
നിനവുകളില്‍
പ്രഹരം നല്‍കി
നോക്കില്‍
പ്രണയം വിതച്ച്‌
വാക്കില്
‍ശ്വാസം തിരിച്ച്‌
പോക്കില്
‍സുഗന്ധമവശേഷിപ്പിക്കുന്നവന്‍!

വരകളില്‍
വര്‍ണ്ണങ്ങള്‍ ചേര്‍ക്കാതെ
നിറങ്ങളായിരം വഴിയും
വരികള്‍ തീര്‍ത്തവന്‍..
വര്‍ണ്ണചിത്രങ്ങളില്‍നിന്ന്
ഒരുനാള്‍
നിറങ്ങളെല്ലാം
അടര്‍ത്തിക്കടന്നവന്‍ !

നിഴല്‍ പോലുമാകാന്‍
ഒരു സൂര്യനുനേരെയും
നില്‍ക്കാത്തവന്‍!
നിലാവിലലിയാതിരിക്കാന്
‍രാവില്‍ കൂടുവിട്ടിറങ്ങാതെ
കൂട്ടം തെറ്റിയലയാതെ..

എന്നിട്ടും നിങ്ങള്‍...?

7 comments:

അത്തിക്കുര്‍ശി said...

നിഴല്‍ പോലുമാകാന്‍
ഒരു സൂര്യനുനേരെയുംനില്‍ക്കാത്തവന്‍!
നിലാവിലലിയാതിരിക്കാന്
‍രാവില്‍ കൂടുവിട്ടിറങ്ങാതെ
കൂട്ടം തെറ്റിയലയാതെ..

എന്നിട്ടും നിങ്ങള്‍...?

വല്യമ്മായി said...

നല്ല കവിത,ഫിറോസിനെ കുറിച്ചാണോ?

അത്തിക്കുര്‍ശി said...

അല്ല, വല്ല്യമ്മായി. ഇത്‌ മറ്റൊരുത്തന്‍..അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്ക്‌ എടുത്തു ചാടിയവന്‍, അനാഥപ്രേതമായി അടക്കപ്പെട്ടവന്‍, കവി, ചിത്രകാരന്‍, എന്റെ സുഹൃത്ത്‌,അസീസ്‌

സു | Su said...

അസീസിനെക്കുറിച്ച് വേറെ എഴുതിയിട്ടുണ്ടോ? ലേബലില്‍ പേരു കണ്ടിരുന്നു. നിഴല്‍ പോലുമാവാന്‍ സൂര്യന് എതിരെപ്പോലും നില്‍ക്കാത്ത ഒരാള്‍, എന്തിനാവും വെള്ളച്ചാട്ടത്തിനെ പഴി കേള്‍പ്പിച്ചിട്ടുണ്ടാവുക?

Unknown said...

അത്തിക്കുറ്ശ്ശി,
കവിത വളരെ നന്നായിരിക്കുന്നു.

അസീസിനെ കവിത തിരിച്ചു വിളിച്ചു കാണും.

കവിതയ്ക്ക് അങ്ങനെയൊരു ഗുണമുണ്ട് ഇഷ്ടമായിപ്പോയാല്‍ കൂടെക്കൊണ്ടു പോകും.

“വരകളില്‍
വര്‍ണ്ണങ്ങള്‍ ചേര്‍ക്കാതെ
നിറങ്ങളായിരം വഴിയും
വരികള്‍ തീര്‍ത്തവന്‍..
വര്‍ണ്ണചിത്രങ്ങളില്‍നിന്ന്
ഒരുനാള്‍
നിറങ്ങളെല്ലാം
അടര്‍ത്തിക്കടന്നവന്‍ !“

സുല്‍ |Sul said...

അത്തികുര്‍ശീ
നല്ലവരികള്‍.
-സുല്‍

അത്തിക്കുര്‍ശി said...

സു,

അസീസിനെക്കുറിച്ച്‌ ഞാന്‍ എഴുതിയിട്ടില്ല. ഇനി നാട്ടില്‍ പോകുമ്പോള്‍ അവന്റെ കുറച്ച്‌ രചനകള്‍ സംഘടിപ്പിച്ച്‌ ബ്ലോഗിലിടാന്‍ പദ്ധതിയുണ്ട്‌. വെള്ളച്ചാട്ടത്തെ പ്രണയിച്ചത്‌ ഇന്നും ഉത്തരംകിട്ടാ സമസ്യ!

നാട്ടില്‍ അനുസ്മരണങ്ങള്‍ വര്‍ഷം തോറും ഉണ്ടാവറുണ്ട്‌.

പൊതുവാള്‍, ശരിയായിരിക്കാം!

സുല്‍, നന്ദി