Tuesday, October 17, 2006

സമാഗമം!

നമുക്കിടയില്‍ സാഗരമാണെന്ന്
മാമലയാണെന്നോര്‍ത്ത കാലമെല്ലാം പോയി.

ഓരൊ നിമിഷവും ഞാന്‍ നിന്നിലേക്കടുക്കുന്നു
അതൊ, നീയെന്നിലേക്കോ?
പാത്തും പതുങ്ങിയും നീപലവുരു വന്നെത്തിനോക്കി മടങ്ങി,

ഏറെ നാളത്തെ കാത്തിരിപ്പിന്നൊടുവില്‍,
എല്ലാ കടലുകളും കുന്നുകളും താണ്ടി
നിനച്ചിരിക്കാത്തൊരു രാവില്‍
നീ യെന്നരികിലെത്തും.
അജ്ഞാതമായൊരാ താഴ്വരയില്‍ നാം കണ്ടുമുട്ടും..

തമ്മില്‍ കാണുമ്പോള്‍ പറയാനും
പങ്കുവെക്കാനുമായൊത്തിരി കാര്യങ്ങളൊന്നുമില്ലല്ലോ!
എന്നാലും,
എന്തിനിത്രയും നേരത്തെയെന്ന സന്ദേഹം.
പരാതിക്കൊ പരിഭവത്തിനൊ പറ്റിയ നേരവുമല്ല!
നീ വിളിക്കുമ്പോല്‍ സര്‍വം ത്യജിച്ചു
നിന്നൊടൊപ്പം ഇറങ്ങി വരാതിരിക്കാനായെങ്കിലെന്ന്
വെറുതെ കൊതിക്കാതിരിക്കുവാനുമാവില്ലല്ലോ!
കൂടൂം, കൂട്ടുമുപേക്ഷിച്ച്‌, നിന്റെ കൂടെ ഇറങ്ങുമ്പോള്‍
ആരും തന്റേടിയെന്നൊ താന്തോന്നിയെന്നൊ വിളിക്കില്ല

സജലങ്ങളായ മിഴികളില്‍ സങ്കടമൊതുക്കി
ഇടനെഞ്ചുപൊട്ടി യാത്രയയക്കുമെങ്കിലും.

ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?

14 comments:

അത്തിക്കുര്‍ശി said...

കൂടൂം, കൂട്ടുമുപേക്ഷിച്ച്‌, നിന്റെ കൂടെ ഇറങ്ങുമ്പോള്‍
ആരും തന്റേടിയെന്നൊ താന്തോന്നിയെന്നൊ വിളിക്കില്ല

സജലങ്ങളായ മിഴികളില്‍ സങ്കടമൊതുക്കി
ഇടനെഞ്ചുപൊട്ടി യാത്രയയക്കുമെങ്കിലും.

ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?

ലിഡിയ said...

മരണത്തിന് മറ്റൊരര്‍ത്ഥം അല്ലേ..

ഒരര്‍ത്ഥത്തില്‍ ഉത്തരവാദിത്വങ്ങളുടെ കിളിക്കുഞ്ഞുങ്ങളെത്തും മുമ്പ് അവന്‍ വന്നിരുന്നെങ്കില്‍,യാത്രയാകുവാന്‍ തയ്യാറായി ഞാനിരിക്കുന്നു.

അതല്ലെങ്കിലും കൊതിക്കുമ്പോള്‍ ആരും എത്താറില്ലല്ലോ..

-പാര്‍വതി.

വല്യമ്മായി said...

ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?

അള്ളാ,ന്റ്റെ മക്കള്‍ എന്നവസനശ്വാസത്തിലും പ്രാര്‍ത്ഥിച്ച ഉമ്മാനെ ഓര്‍മ്മ വന്നു.

നരകമൊചന്നതിനായി കേഴേണ്ട ഈ അവസാന പത്തില്‍ ഈ ചിന്ത നന്നായി

അനംഗാരി said...

അത്തീ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

അത്തിക്കുര്‍ശി said...

സന്ദര്‍ശനങ്ങല്‍ക്കും കമന്റുകല്‍ക്കും നന്ദി - പാര്‍വതി, വല്യമ്മായി, അനംഗാരി..

സുല്‍ |Sul said...

കൂടൂം, കൂട്ടുമുപേക്ഷിച്ച്‌, നിന്റെ കൂടെ ഇറങ്ങുമ്പോള്‍
ആരും തന്റേടിയെന്നൊ താന്തോന്നിയെന്നൊ വിളിക്കില്ല

ആര്‍ക്കു വിളിക്കാനൊക്കും?

അഭിനന്ദനങ്ങള്‍.

Rasheed Chalil said...

കൂടും കൂട്ടും ഉപേക്ഷിച്ചൊരു യാത്രയുടെ ദിവസം.
എല്ലാവരും നമ്മുടെ നന്മകള്‍ പറയാനായി മത്സരിക്കുന്ന ദിവസം. എല്ലാ സ്നേഹത്തിനും പകരം ഒരു പിടി മണ്ണ് തിരിച്ച് നല്‍കി യാത്രയാക്കുന്ന ദിവസം.

ഒരു കവ്വാലിയുടെ വരികള്‍ ഓര്‍ത്തുപോയി.
ഇന്നെന്റെ മരണദിവസം. ഇന്നത്തെ മുഖ്യതിഥി ഞാന്‍ തന്നെ. ഇത് കൂടാതെ മറ്റൊരിക്കലും ഞാന്‍ മുഖ്യതിഥി ആയിട്ടുണ്ട്. അത് എന്റെ കല്ല്യാണ ദിവസമായിരുന്നു.
************
ജീവിതത്തിലൊരിക്കല്‍ പോലും തിരിഞ്ഞ് നോക്കാത്തവര്‍ പോലും ഇന്ന് എന്നെ ശിരസ്സിലേറ്റി ബഹുമാനിക്കുന്നു...

ഏറ്റവും വലിയ യാഥാര്‍ത്ഥ്യം തന്നെ മരണം.

അത്തിക്കുര്‍ശി said...

സുല്‍, ഇത്തിരി,

സന്ദര്‍ശനങ്ങല്ക്കും ക്കമന്റുകള്‍ക്കും നന്ദി!!

വേണു venu said...

ഒന്നുരിയാടുവതിനിടകിട്ടാ,
വന്നാല്‍ യമ ഭടര്‍.....
ഏറ്റവും വലിയ സത്യം തന്നെ മരണം അത്തിക്കുര്‍ശീ.

P Das said...

നന്നായിരിക്കുന്നു..

അത്തിക്കുര്‍ശി said...

വേണു, ചക്കര,

സന്ദര്‍ശത്തിനും കമന്റുകള്‍ക്കും നന്ദി

Abdu said...

ചില നേരുകളങ്ങനെയാണ്,

വിളിക്കാതെ വരും, വിളിച്ച്കൊണ്ടുപൊവും,


നന്നായിരിക്കുന്നു,

-അബ്ദു-

അത്തിക്കുര്‍ശി said...

ഇടങ്ങള്‍,

സന്ദര്‍ശനത്തിനും കമന്റിനും നന്ദി.

മുസ്തഫ|musthapha said...

ദൈവമേ, എന്റെ കിളിക്കുഞ്ഞുങ്ങല്‍ക്കിനിയാരുണ്ട്‌?

നെഞ്ചിലൂടെ ഒരുമാതിരി എന്തൊക്കെയോ കടന്നുപോയി!

അത്തിക്കുറിശ്ശി... വളരെ നല്ല വരികള്‍!

വായിക്കനൊത്തിരി വൈകി...