Wednesday, November 22, 2006

വെറുതെ..

പ്രണയം പെയ്തിറങ്ങിയ
പാതിരാവിനുശേഷം
മഞ്ഞുപെയ്യുന്ന പ്രഭാതത്തില്‍
ഉറക്കമുണര്‍ന്നപ്പോള്‍ മാത്രമാണ്‌
പുറപ്പാടിനെക്കുറിച്ച്‌ വീണ്ടുമോര്‍ത്തത്‌

ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍ മഴയില്‍
വെള്ളിവെളിച്ചവും, നറു നിലാവും
കുറെ പരിദേവനങ്ങള്‍ മാത്രമവശേഷിപ്പിച്ചു
യാത്രയുടെ അവസാനം.

യാത്രാമൊഴി..
വീണ്ടും കാണാമെന്നൊരു വാക്ക്‌
പ്രതീക്ഷകളുടെ ഒരു മഹാസമുദ്രം
വീണ്ടും ഇരമ്പുന്നെവിടെയോ!
മരുപ്പരപ്പിലെവിടെയോ
പ്രത്യാശകളുടെ വേലിയേറ്റം
മരുപ്പച്ചകള്‍ തീര്‍ക്കുമ്പോള്‍
ആശ്ലേഷങ്ങള്‍ക്കും ചുമ്പനങ്ങല്‍ക്കും
ഒടുവില്‍ കണ്ണൂകളുടക്കാതെ
കൈവീശുമ്പോള്‍ അവസാനിക്കുന്നത്‌
വസന്തത്തിന്റെ സാനിധ്യമാണ്‌
തുടങ്ങുന്നത്‌ യാന്ത്രികതയുടെ താളങ്ങളും!

ആകാശപ്പറവയുടെ ചിറകിന്നരികിലുരുന്ന്
വെറുതെ പ്രേയസിയേകിയ പാഥേയം
മറന്നുപൊയതിനെക്കുറിച്ചോര്‍ത്തു
പിന്നെ, മക്കള്‍ക്കേകാന്‍ മറന്ന
തലൊടലുകളെക്കുറിച്ചും
വരാനിരിക്കുന്ന വസന്തങ്ങളെക്കുറിച്ചും
വെറുതെ...

12 comments:

അത്തിക്കുര്‍ശി said...

വെറുതെ...
................
ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍ മഴയില്‍
വെള്ളിവെളിച്ചവും, നറു നിലാവും
കുറെ പരിദേവനങ്ങള്‍ മാത്രമവശേഷിപ്പിച്ചു
യാത്രയുടെ അവസാനം.
.............

പാര്‍വതി said...

ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല, അതിന് ഒന്നും ചെയ്യാനാവില്ലെന്ന് അറിയുകയും ചെയ്യാം, സ്നേഹത്തിന്റെ ഓര്‍മ്മകളുണ്ടല്ലോ, എല്ലാ വേനലിലും അത് കുളിരേകുന്ന തണലാവട്ടെ.

-പാര്‍വതി.

അഗ്രജന്‍ said...

അത്തിക്കുറുശി,

യാത്ര പറച്ചിലുകളെന്നും സങ്കടകരം തന്നെ!


എപ്പോള്‍ തിരിച്ചെത്തി.

ikkaas|ഇക്കാസ് said...

വരാനിരിക്കുന്ന വസന്തങ്ങള്‍ നന്മയുടേതായിരിക്കട്ടെ എന്നാശംസിക്കുന്നു.
വെല്‍ക്കം ബാക്ക്!!

അതുല്യ said...

മനസ്സില്‍ വസന്തമുണ്ടെന്ന് വിശ്വസിച്ചാല്‍ പിന്നെ ചുറ്റിത്തിരിയുമ്പോഴും വസന്തമുണ്ടാകും മനസ്സില്‍.

ഒക്കെ ശരിയാവും മാഷേ... ഞങ്ങളൊക്കെയില്ലേ ഇവിടെ? ചിയര്‍ അപ്പ്‌...

അപ്പോ നമുക്കൊരു മീറ്റിനു വകുപ്പുണ്ടല്ലോ അല്ലേ? കരീമാഷ്‌/സിദ്ധൂസ്‌/കണ്ണൂസ്സ്‌ ഒക്കെ വന്നുവോ? ദേവന്‍ ഈയ്യിടെയായി പിണക്കത്തിലാന്നാ തോന്നണേ. ഫോണും കൂടി എടുക്കില്യാ വിളിച്ചാ. എന്നെ ബ്ലോക്ക്‌ ആക്കീതാവും. ദേവന്‍ വക്കേഷനു പോണു എന്നൊക്കെ പേടിപ്പിച്ച്‌ തുടങ്ങീട്ടുണ്ട്‌. അതിനു മുമ്പ്‌ ഒന്ന് എല്ലാര്‍ക്കും തമ്മില്‍ കാണാന്‍ പറ്റിയാലെന്നു ആഗ്രഹിയ്കുന്നു.

കുറുമാന്‍ said...

വെല്‍ക്കം ബാക്ക് മാഷെ..

യാന്ത്രികതയുടെ താളങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു മാഷെ...

വരാനിരിക്കുന്ന വസന്തങ്ങള്‍ക്കാകി നമുക്ക് കാത്തിരിക്കാം.

നന്നായിരിക്കുന്നു

ഏറനാടന്‍ said...

അത്തിക്കുറുശി തിരിച്ചെത്തിയല്ലേ? സമാധാനിക്കൂ.. അടുത്ത പോക്കുവരേയുള്ള നാളുകള്‍ എണ്ണിയെണ്ണിയിരിക്കൂ.. ഒന്നേയ്‌, രണ്ടേയ്‌, മൂന്നേയ്‌.....

മിന്നാമിനുങ്ങ്‌ said...

വീണ്ടും പൂക്കുന്ന ആ വസന്തകാലത്തിനായി നമുക്ക് കാതോര്‍ത്തിരിക്കാം

മുസാഫിര്‍ said...

സ്നേഹം ഒരു സാന്ത്വനമായ് വന്നു നിറയട്ടെ.

ദേവന്‍ said...

ആഥിക്ക്‌ ഖുറൈഷി തിരിച്ചെത്തിയോ? വെല്‍ക്കം ബാക്ക്‌.

അത്തിക്കുര്‍ശി said...

പാര്‍വതി, അഗ്രജന്‍, ഇക്കാസ്‌, അതുല്യ, കുറുമാന്‍, ഏറനാടന്‍, മിന്നാമിനുങ്ങ്‌, മുസാഫര്‍, ദേവരാഗം....

സന്ദര്‍ശനങ്ങള്‍ക്കും കമന്റുകള്‍ക്കും നന്ദി..

20ന്‌ തിരിച്ചെത്തി.. ജോലിത്തിരക്കുകാരണം വിരളമായെ ബ്ലോഗിലെത്താറുള്ളൂ..

G.manu said...

Priyappetta kavi......can u write to me

gopalmanu@gmail.com
gopalmanu.blogspot.com