Sunday, July 23, 2006

നല്ല നടപ്പ്‌!!

ഓര്‍മയിലെ എന്റെ ആദ്യസ്വപ്നം?..
മറ്റുള്ളവരെപ്പോലെ നടക്കണം എന്നായിരുന്നു.
നല്ല നടപ്പെനിക്കു വിധിച്ചിട്ടില്ലായിരുന്നു വല്ലൊ!
ആരാണാദ്യമെന്നെ 'ഒന്നരക്കാലന്‍' എന്നുവിളിച്ചതെന്ന്
ഇന്നെനിക്കൊര്‍മയില്ല, എല്ലാ കൊച്ചു വഴക്കുകളും
അവസാനിക്കുന്നത്‌ കളിക്കൂട്ടുകാരുടെ ഈ വിളികളിലായിരുന്നു..
അപ്പോള്‍..മറ്റ്‌ എല്ലാ പ്രധിരോധങ്ങളും കൈവിട്ട്‌
ഞാന്‍ പിന്‍-വാങ്ങും, ഉള്‍ വലിയും..
അന്ന് രാത്രിയും ഞാന്‍ സ്വപ്നം കാണും..
നേരെ നടന്ന് ക്ലാസ്സിലെക്ക്‌ കയറുന്നതിനെക്കുറിച്ച്‌..

ആ വിളികള്‍ പിന്നെയും തുടര്‍ന്നു..
ഓരൊ പരീക്ഷകളിലും മാര്‍ക്കുകള്‍കൊണ്ട്‌ പകരം വീട്ടി.

എന്തായ്‌ തീരണം എന്ന മാഷുടെ ചോദ്യത്തിന്‌
പോലിസ്‌, പട്ടാളം, ഡോക്ടര്‍ തുടങ്ങിയ ഉത്തരങ്ങല്‍കിടയില്‍,
'നേരെ നടക്കുന്നൊരാള്‍' എന്ന വേറിട്ടൊരുത്തരം!
തെല്ലൊന്നങ്കലാപ്പിലായപോല്‍ മാഷും.

മഴയില്ലെങ്കിലും ഓലക്കുടയെ കൂട്ടുപിടിച്ചു..
(ശീലാകുടയന്ന് പണക്കാരുടെ മക്കള്‍ക്ക്‌ മാത്രമുള്ള ആഡംബരമായിരുന്നു!)
ആരാനും തറപ്പിച്ചൊന്നു നോക്കിയാല്‍
കുട കൊണ്ടൊളിപ്പിക്കാന്‍ ശ്രമിച്ചു..
പിന്നെ, 'ഓലക്കുടക്കാരന്‍' ചേര്‍ത്താ പേരവര്‍ വിളിച്ചു!

ഒടുവില്‍, ട്രവ്സര്‍ ഇടുന്ന മറ്റുള്ളവര്‍ക്കിടയില്‍
മുണ്ടുടുക്കുന്ന അഭ്യാസം..
മടക്കിക്കുത്താതതുകൊണ്ട്‌ ആ പേരിനു ശേഷം " മൊല്ലാക്ക" ചെര്‍ത്തവര്‍!
പാന്റ്സ്‌ അന്നെല്ലാമേതോ വിദൂര സ്വപ്നം മാത്രം!!
എല്ലാ യുദ്ധങ്ങളിലും പരാചയം മാത്രം.

എതൊ വൈദ്യര്‍ പറഞ്ഞ്‌,
ഒരു വൈകുന്നേരം അങ്ങാടിയില്‍ നിന്നും ഉപ്പ
ഒരു കറുത്ത കാന്‍ വാസ്‌ ഷൂ കൊണ്ടുവന്നു!
സന്തോഷം അതിരിനുമപ്പുറം!
വളഞ്ഞ കാല്‍പടത്തില്‍ ഉമ്മ എണ്ണ പുരട്ടി ഉഴിഞ്ഞ്‌
ഷൂവിനകത്തിട്ട്‌ കാല്‍ കെട്ടി മുറുക്കുമ്പോള്‍
നോവിനപ്പുറം നിന്ന് നെരെ നടക്കുവനുള്ള മോഹം
ചിരിക്കുകയായിരുന്നു.
രാത്രി ഏറെ വൈകുവോളം തലങ്ങും വിലങ്ങും നദന്നൊടുവില്‍
വേദനിക്കുന്ന കാലൂമായ്‌ ഉറങ്ങാന്‍
തഴപ്പായില്‍ കിടക്കുമ്പൊള്‍, ഷൂ അഴിക്കാന്‍ കൂട്ടാക്കിയില്ല..
വൈദ്യരുടെ തയ്‌ലവും,ഷൂവും
അടുത്ത ദിവസത്തേക്ക്‌ ഒക്കെ ശരിയാക്കും എന്ന പ്രതീക്ഷയില്‍
അന്നുറങ്ങാനൊത്തതേേയില്ല. പിന്നെ, വേദനയും...
കാലത്ത്‌, നേരെയാവാന്‍ കൊതിച്ചകാലില്‍ നീര്‍ വന്നു..
ഓരഴ്ചത്തെ അവധി..
അവധിക്കൊടുവില്‍ ഷൂ ഒരവയവമായി മറിയിരുന്നു..
ഷൂ ലേസ്‌ ഓരൊ തുളകളിലും കോര്‍ത്ത്‌ മുറുക്കുമ്പൊള്‍
ആ വിളികള്‍ മാത്രമായിരുന്നു മനസ്സില്‍..
പ്രയാസപ്പെട്ട്‌ ഓരോ ചുവടുകളും മുന്നൊട്ടു വെക്കുമ്പൊള്‍
ആ വിളികള്‍കുപിന്നിലെ മുഖങ്ങളായിരുന്നു..

* * * * *

ഇപ്പോഴും എന്റെ നടത്തം ശരിയാണെന്നു പറയാന്‍ വയ്യ..
ആരും നേരെ നടക്കുന്നില്ലെന്നതൊ ഒരു സത്യവും!

ആ വിളികള്‍ തന്ന വാശിയും, ഊര്‍ജവും
ഏന്നെ നടക്കാന്‍ പഠിപ്പിച്ചു!

എങ്കിലും, ആ നോവുകള്‍, വേദനകള്‍, കണ്ണീരില്‍ കുതിര്‍ന്ന
സ്വപ്നങ്ങള്‍ എല്ലാം എങ്ങനെ മറക്കാന്‍?


ഇന്നിപ്പോള്‍, വര്‍ഷങ്ങള്‍ക്കിപ്പുരത്ത്‌ മൈ ലുകല്‍ ദൂരെ
ഈ മരുപ്പരപ്പിലിരുന്ന് ആ കാലങ്ങളിലേക്‌ എത്തിനോക്കുമ്പോള്‍
ഓരൊ മുഖങ്ങളും ഓര്‍മ്മയുണ്ട്‌..
പക്ഷെ, ആ വിളികള്‍ക്കുപിറകിലെ ഒരു മുഖവും മനസ്സിലില്ല,
എല്ലാരും വിളിച്ചിട്ടുണ്ടെങ്കിലും!!

8 comments:

അത്തിക്കുര്‍ശി said...

ഇപ്പോഴും എന്റെ നടത്തം ശരിയാണെന്നു പറയാന്‍ വയ്യ..
ആരും നേരെ നടക്കുന്നില്ലെന്നതൊ ഒരു സത്യവും!

ആ വിളികള്‍ തന്ന വാശിയും, ഊര്‍ജവും
ഏന്നെ നടക്കാന്‍ പഠിപ്പിച്ചു!

എങ്കിലും, ആ നോവുകള്‍, വേദനകള്‍, കണ്ണീരില്‍ കുതിര്‍ന്ന
സ്വപ്നങ്ങള്‍ എല്ലാം എങ്ങനെ മറക്കാന്‍?

കുറുമാന്‍ said...

മനസ്സില്‍ കൊണ്ട എഴുത്ത്. പണ്ടെവിടേയോ വായിച്ച ഈ വരികള്‍ ഓര്‍മ്മ വന്നു.

I cried for the shoes, till I met a person without legs

മുസാഫിര്‍ said...

ജീവിതം പഠിപ്പിക്കുന്ന ഒരുപാട്‌ പാഠങ്ങളുണ്ട്‌.അതു ഫലപ്രദമായി മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ആയാല്‍ ജീവിതം സാര്‍ഥ്തകം ആയി എന്നു പറയാം.
നല്ല എഴുത്ത്‌.ഇനിയും പ്രതീക്ഷിക്കുന്നു.

ദിവാസ്വപ്നം said...

ശരിക്കും ഫീല്‍ ചെയ്തു.... അത്തിക്കുര്‍ശ്ശീ...

വേറൊന്നും പറയുന്നില്ല.

Rasheed Chalil said...

മനസ്സില്‍ തട്ടുന്ന വരികള്‍.. നന്നായിരിക്കുന്നു

കണ്ണൂസ്‌ said...

നല്ല പോസ്റ്റ്‌ സലാം. പ്രത്യേകിച്ച്‌ ആരും നേരേ നടക്കുന്നില്ല എന്ന നിരീക്ഷണം.

Adithyan said...

അത്തിക്കുര്‍ശ്ശീ,
നല്ല എഴുത്ത്. തീവ്രത തൊട്ടറിയാനായി.

അത്തിക്കുര്‍ശി said...

കുറുമാന്‍, മുസാഫിര്‍, ദിവാസ്വപ്നം, ഇത്തിരിവെട്ടം, കണ്ണൂസ്‌,ആദിത്യന്‍....

നന്ദി, സന്ദര്‍ശനതിനും കമന്റുകള്‍ക്കും..

അനുഭവങ്ങള്‍ അഗ്നിപര്‍വ്വതങ്ങളാവുമ്പോള്‍, ഒരു ലാവാപ്രവാഹമായി എന്തെങ്കിലുമൊക്കെ പുറത്തുവരുന്നതു കുത്തിക്കുറിക്കുന്നു...

നന്ദി...